കൊച്ചി : നിക്കാഹ് വേദിയിൽ വധുവിന്റെ പുസ്തകം പ്രകാശനം. ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചിത്രമാണിത് . കേൾക്കുമ്പോൾ ഏറെ അഭിമാനവും, ആദരവുമൊക്കെ തോന്നുമെങ്കിലും പുസ്തക പ്രകാശനം ചെയ്യുന്ന വേദിയിൽ പോലും വധുവില്ലായെന്നതാണ് വിചിത്രം.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പുത്രൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയും തിരൂർ എം.ഇ.ടി ജി അക്കാദമി ഡിഗ്രി ആറാം സെമസ്റ്റർ വിദ്യാർഥിനി സയ്യിദത്ത് ഫാത്വിമ ശൈമയുടെയും വിവാഹവേദിയിലായിരുന്നു പുസ്തക പ്രകാശനം.
യുഎൻഎസ്ഡിജി നയങ്ങളെ ഇസ്ലാമിക വികസന സമീപനങ്ങളോട് താരതമ്യം ചെയ്യുന്നതാണ് ഫാത്വിമ ശൈമയുടെ ‘സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഇസ്ലാമിക സമീപനം’ എന്ന പുസ്തകം. ഫാത്വിമ ശൈമയുടെ പിതാവ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂരാണ് പുസ്തകം വരന് കൈമാറിയത്. കടലുണ്ടി ബുഖാരി മൻസിലിൽ നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ പങ്കെടുത്തു.വൈലത്തൂർ മർഹൂം യൂസുഫുൽ ജീലാനിയുടെ കൊച്ചുമകളാണ് സയ്യിദത്ത് ഫാത്വിമ ശൈമ. എംഇടിജി അക്കാദമി വിദ്യാർത്ഥി യൂണിയൻ ചെയർ പേഴ്സനുമാണ്.
എന്നിട്ടും പുസ്തകം പ്രകാശനം ചെയ്യുന്ന വേദിയിൽ എന്തുകൊണ്ട് വധുവിന് സ്ഥാനം നൽകിയില്ലെന്നാണ് ചോദ്യം . പുസ്തകം എഴുതാൻ അറിയാമെങ്കിൽ അത് സന്തോഷത്തോടെ പ്രകാശനം ചെയ്യാനും വധുവിനെ കൂട്ടിക്കൂടെയെന്നും , ഇതാണോ നിങ്ങൾ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യമെന്നുമൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: