ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള രണ്ട് തീവണ്ടികളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.എക്സ്പ്രസ് തീവണ്ടികളുടെ പരമ്പരാഗത റേക്കുകൾക്കുപകരം മെച്ചപ്പെട്ടസുരക്ഷയും യാത്രാസുഖവും വാഗ്ദാനംചെയ്യുന്ന ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്‌മാൻ ബുഷ്) കോച്ചുകൾ ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് തീവണ്ടികളിലാണ് അനുവദിച്ചത്.ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്‌സ്പ്രസ് (16511), കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) എന്നീ വണ്ടികളിൽ അടുത്തമാസം ആദ്യവാരം എൽഎച്ച്ബി കോച്ചുകൾ യാഥാർഥ്യമാകും.
ഈ രണ്ട് വണ്ടികൾക്കുപുറമേ എസ്എംവിടി ബെംഗളൂരു-മുരഡേശ്വർ എക്‌സ്പ്രസ് (16585), മുരഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് (16511) എന്നീവണ്ടികളിലും പുതിയകോച്ചുകൾ അനുവദിക്കും. നിലവിലുള്ള 22 കോച്ചിനുപകരം 20 എൽഎച്ച്ബി കോച്ചാണ് പുതിയതീവണ്ടികൾക്കുണ്ടാവുക.
ഒരു ഫസ്റ്റ്ക്ലാസ് എസി, രണ്ട് എസി ടൂ ടിയർ, നാല് എസി ത്രീ ടിയർ, ഏഴ് സ്ലീപ്പർക്ലാസ്, നാല് ജനറൽ സെക്കൻഡ്ക്ലാസ്, രണ്ട് ലഗേജ് കം ജനറേറ്റർ കാർ എന്നിവയായിരിക്കും ഇവ.ജർമൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള എൽഎച്ച്ബി കോച്ചുകളിൽ ഒട്ടേറെ സുരക്ഷാസംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീവണ്ടി പാളംതെറ്റിയാൽ ഒരുകോച്ച് മറ്റൊന്നിനുമുകളിൽ മറിഞ്ഞുവീഴുന്നത് തടയുന്നു. സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ട് നിർമിച്ച എൽഎച്ച്ബി കോച്ചുകൾക്ക് സുരക്ഷാപരമായ ഒട്ടേറെ സവിശേഷതകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: