വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിയ പാര്‍ലമെന്റ് നടപടി ഫലത്തില്‍ സാധുവായി. നിയമ ഭേദഗതി റദ്ദാക്കണമെന്ന ആവശ്യവും അതുവരെ നിയമം മരവിപ്പിക്കണമെന്ന അപേക്ഷയും സുപ്രീം കോടതി അംഗീകരിച്ചില്ല. രാജ്യവ്യാപകമായി ബാധകമായ ഒരു നിയമത്തെ കേരളത്തിലെ മുനമ്പം വിഷയത്തിലേക്കൊതുക്കി, അവരവര്‍ക്ക് ആശ്വാസകരമായ സാഹചര്യത്തില്‍ വ്യാഖ്യാനിച്ചും വിശകലനം ചെയ്തും സ്വയം വിജയം പ്രഖ്യാപി ച്ച് ആനന്ദിക്കുകയാണ് ഇവിടെ ചിലര്‍.
‘മുനമ്പം ജനതയെ ബിജെപി പറ്റിച്ചു’ എന്നു പറഞ്ഞുപരത്തുന്നത് കോണ്‍ഗ്രസും സിപിഎമ്മും അവരുള്‍പ്പെട്ട മുന്നണികളുമാണ്. പറ്റിക്കും എന്നു മുന്‍പു പറഞ്ഞവര്‍, തങ്ങള്‍ ജയിച്ചു എന്ന മട്ടില്‍ ആഘോഷിക്കുകയാണിപ്പോള്‍. അവരുടെ ജിഹ്വകളായി കുറെ മാധ്യമങ്ങളും കൂട്ടുണ്ട്. എന്നും മുനമ്പത്തുകാര്‍ക്കൊപ്പം നിന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വിശദീകരണങ്ങള്‍ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ നുണക്കോട്ട കെട്ടുന്നത്. വഖഫ് അധിനിവേശത്തെ ചെറുക്കാനുള്ള നിയമവഴികള്‍ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തുറന്നിട്ടുകഴിഞ്ഞു. ഇനി അതിന്റെ നടപടി ക്രമങ്ങളാണു ബാക്കിയുള്ളത്. അതിന് അതിന്റേതായ സ്വാഭാവിക സാവകാശം വേണ്ടിവരുമെന്ന യാഥാര്‍ഥ്യത്തെയാണ് തെറ്റായി വ്യാഖ്യാനിച്ച്, ‘കേന്ദ്രസര്‍ക്കാര്‍ ചതിച്ചു’ എന്ന മട്ടില്‍ ചിലമാധ്യമങ്ങള്‍ പ്രചരിപ്പിച്ച് ആഘോഷിക്കുന്നത്. കൊടും ഭീകരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഭാരതത്തിലെത്തിച്ചതിന്റെ പശ്ചാത്തലത്തില്‍, സുരക്ഷയുടെ പേരില്‍ ദല്‍ഹിയില്‍ ഘോഷയാത്രയും പ്രകടനങ്ങളും ആഘോഷങ്ങളും നിരോധിച്ചതിനെ ക്രിസ്്ത്യന്‍ വിവേചനമായി ചിത്രീകരിക്കാന്‍ കാണിച്ച വ്യഗ്രതയും ഉല്‍സാഹവുമാണ് ഇക്കാര്യത്തിലും കേരളത്തിലെ ഇടതു- വലതു മുന്നണികളും ഈ മാധ്യമങ്ങളും കാണിക്കുന്നത്.
മുനമ്പം വിഷയം കൃത്യമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് അഡ്വ.ഷോണ്‍ ജോര്‍ജ് പറഞ്ഞതാണു ശരി. മുനമ്പം ജനതയ്‌ക്കുകൂടി വേണ്ടി പാര്‍ലമെന്റിന്റെ ഇരു സഭകളിലുമായി 20 മണിക്കൂര്‍ ചര്‍ച്ച ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ബില്‍ പാസ്സാക്കിയത്. മുനമ്പം ജനതയെ രക്ഷിക്കാന്‍ എന്തെങ്കിലുമൊരു നിര്‍ദേശം കേരളത്തില്‍ ഈ നിയമത്തെ എതിര്‍ക്കുന്നവരുടെ ആശയമോ അനുഭാവമോ പിന്തുണയോ അനുഭവിക്കുന്ന ഏതെങ്കിലും ജനപ്രതിനിധികള്‍ മുന്നോട്ടു വച്ചിട്ടുണ്ടോ? ഈ നിയമം നിര്‍മിക്കുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ മുനമ്പം ഉണ്ടായിരുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഉറപ്പിച്ചു പറയുന്നു. കേന്ദ്രമന്ത്രിയെ സംബന്ധിച്ചിടത്തോളം, എല്ലാ കാര്യങ്ങളും പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കാന്‍ കഴിയില്ല. പലതും പറയാതിരിക്കേണ്ടിയുവേരും. അത് മന്ത്രിയെന്ന നിലയില്‍ ചെയ്ത സത്യപ്രതിജ്ഞയോടുള്ള സത്യസന്ധതയാണ്. ഒരു കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കുന്നു. മുന്നോട്ടുള്ള നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും നിയമ വ്യവഹാരങ്ങള്‍ തുടര്‍ന്നും നടക്കും. വഖഫ് ബോര്‍ഡും വഖഫ് സംരക്ഷണ സമിതിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തുവേണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. നിയമ നിര്‍മാണത്തിനും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനും ശേഷം ചട്ടങ്ങള്‍ രൂപീകരിക്കണം. ഇത് ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണ്. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ബൈലോയും നിര്‍മിക്കേണ്ടതായുണ്ട്. മുനമ്പത്ത് എന്താണോ വേണ്ടത് അതിനാവശ്യമായ കൃത്യമായ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യും.
മുനമ്പം ജനതയുടെ പ്രശ്നം മനസ്സിലാക്കി ഒപ്പം നില്‍ക്കാന്‍ ബിജെപി ഉണ്ടായി എന്നത് പലര്‍ക്കും സഹിക്കാന്‍ പറ്റുന്നില്ല. ബില്ലിനെ അന്ധമായി എതിര്‍ക്കാനല്ലാതെ എന്തെങ്കിലും നിര്‍ദേശം മുന്നോട്ടുവയ്‌ക്കാന്‍ കോണ്‍ഗ്രസിനോ ഇടതുപക്ഷത്തിനോ സാധിച്ചോ? ഏത് നിയമ ഭേദഗതി വരുത്തിക്കൊണ്ടാണ് മുനമ്പം ജനതയുടെ പ്രശ്‌നത്തിന് പരിഹാരം ഇവര്‍ ആഗ്രഹിക്കുന്നത്? കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നതുപോലെ സംസ്ഥാന സര്‍ക്കാരിന് ഈ വിഷയം പരിഹരിക്കാന്‍ പറ്റുമോ? സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പറ്റുമോ? വഖഫ് ട്രിബ്യൂണലില്‍ നിന്നുതന്നെ മുനമ്പം ജനതയ്‌ക്ക് അനുകൂലമായി നീക്കം ഉണ്ടായപ്പോള്‍ അതിനെതിരെ സ്റ്റേ വാങ്ങാന്‍ ഒത്താശ ചെയ്ത സര്‍ക്കാരാണല്ലോ ഇത്. മുനമ്പം വിഷയത്തില്‍ വാദം നടക്കുമ്പോഴാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ സുപ്രധാന ചോദ്യം ഉന്നയിക്കുന്നത്. 1954 ലാണ് വഖഫ് ആക്ട് നിലവില്‍ വന്നത്. 1950 ലാണ് മുനമ്പത്തെ ഭൂമി വഖഫാണെന്ന തരത്തില്‍ ആധാരം ഉണ്ടാക്കുന്നത്. 1954 ല്‍ വഖഫ് നിയമം നിലവില്‍ വന്നശേഷം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ വഖഫ് ഭൂമിയും പേരില്‍ക്കൂട്ടണമെന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് ചെയ്തില്ല എന്നായിരുന്നു രാജന്‍ തട്ടിലിന്റെ ചോദ്യം. ഇതിന് വഖഫ് ബോര്‍ഡിന് വ്യക്തമായ ഉത്തരമില്ല. അനുമതിയില്ലാതെയാണ് 1987ല്‍ ഭൂമി വിറ്റതെന്നായിരുന്നു ബോര്‍ഡിന്റെ വാദം.
87 ല്‍ ഭൂമിയുടെ കൈവശാവകാശം ഉണ്ടോ, ആസ്തി രജിസ്റ്ററില്‍ ഉണ്ടോ എന്നചോദ്യത്തിനും ഇല്ല എന്നായിരുന്നു മറുപടി. 2019ലാണ് ഭൂമി വഖഫാണ് എന്ന് കണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ നടപടിയാരംഭിച്ചത്. 2019ല്‍ മാത്രം അസറ്റ് രജിസ്്റ്ററില്‍ വന്ന വസ്തു 1987ല്‍ വില്‍ക്കാന്‍ എങ്ങനെ അനുമതി കൊടുക്കുന്നു, ഉടമസ്ഥാവകാശം ഇല്ലല്ലോ തുടങ്ങിയ ചോദ്യങ്ങളില്‍ നിന്നുതന്നെ വഖഫ് ബോര്‍ഡിന് ഒരു കാര്യം മനസ്സിലായി. വിധി മുനമ്പം ജനതയ്‌ക്ക് അനുകൂലം ആകുമെന്ന്. ഇത് തിരിച്ചറിഞ്ഞാണ് പിറ്റേ ദിവസം ഹൈക്കോടതിയില്‍ പോയി 1967ലെ ഉത്തരവ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് അപേക്ഷ കൊടുത്തതും ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയതും.
മുനമ്പം ജനതയ്‌ക്ക് ശാശ്വത പരിഹാരം ഇല്ലെന്ന് പറയാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണുള്ളത്? ആ നിയമ നിര്‍മമാണത്തിനു ചുക്കാന്‍ പിടിച്ച മന്ത്രിയാണ് നേരിട്ട് വന്നുപറഞ്ഞത് മുനമ്പം ജനതയ്‌ക്ക് റവന്യൂ അവകാശങ്ങള്‍ തിരിച്ചുകിട്ടുന്നതുവരെ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകും എന്ന്. ഈ ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ അതില്‍ മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് വേണ്ട കാര്യങ്ങളുണ്ടാവും എന്ന ഉറപ്പാണ് മന്ത്രി നല്‍കുന്നത്. അതു കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പാണ്. ഇപ്പോള്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം വിശദീകരണങ്ങള്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടവരോട് കോടതി ‘ഇല്ല’ എന്ന് പ്രതികരിച്ചുകഴിഞ്ഞു. ശരിയാണ്, കോടതിക്ക് ശങ്കകളോ ആശങ്കകളോ ഉണ്ടെങ്കില്‍ തീര്‍ക്കാന്‍ ഉത്തരവാദിത്വമുണ്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ ചര്‍ച്ച ചെയ്തിട്ട്്, അതിനു മുമ്പ് ജനകീയാഭിപ്രായം ആരാഞ്ഞ്, തയാറാക്കിയ നിയമഭേദഗതിയില്‍ പഴുതുകളും പിഴവുകളും ഉണ്ടാകാതിരിക്കേണ്ടത് ആ നിയമത്തിന്റെ ഭാവിക്ക് അനിവാര്യതയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: