കോഴിക്കോട്: ചരിത്രബോധം ഇല്ലാതാകുന്നത് വലിയ കുറ്റമല്ല, എന്നാല്‍ അത് വലിയ മേന്മയായി കാണുന്നത് അവഹേളനാര്‍ഹമായ കുറ്റമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. പാലക്കാട്ടെ എംഎല്‍എയുടെ ചരിത്രബോധത്തോട് പ്രതികരിച്ചുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം ഉത്തരമേഖല കാര്യകര്‍തൃ ശിബിരം ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍ജി എന്ന ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ആളാണ്. ഈ എംഎല്‍എക്ക് ആ പ്രായത്തില്‍ തിരിച്ചറിവ് വേണ്ടപോലെ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. ചരിത്രബോധമില്ലാതാകുന്നത് കുറ്റമല്ല, പക്ഷേ വലിയ മേന്മയായി അതിനെ കരുതരുത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മനസിലാക്കാനും ചില സത്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍ജിയുടെ രാഷ്‌ട്രീയം ആരംഭിക്കുന്നത് ഏഴോ, എട്ടോ വയസുള്ളപ്പോഴാണ്. അദ്ദേഹം നടത്തിയ സമരപോരാട്ടങ്ങളെക്കുറിച്ച് ചരിത്രബോധമുള്ളവര്‍ക്ക് അറിയാം. ആ പ്രായത്തില്‍ ബ്രിട്ടീഷ് പതാക നീക്കാന്‍ സുഹൃത്തുക്കളെ സംഘടിപ്പിച്ച് തുരങ്കം സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം. എല്ലാവരും വന്ദേമാതരം ആലപിക്കാന്‍ ഭയപ്പെട്ടിരുന്ന കാലത്ത് ബ്രിട്ടീഷ് ഇന്‍സ്‌പെക്ടറുടെ മുഖത്ത് നോക്കി അദ്ദേഹം വന്ദേമാതരം ചൊല്ലി. സമരാഹ്വാന പ്രസംഗം രാജ്യവിരുദ്ധമാണെന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കോടതിയിലെ ജഡ്ജിയുടെ മുഖത്ത് നോക്കി തര്‍ക്കിച്ച ഡോക്ടര്‍ജിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അത് പൂര്‍ത്തിയാക്കി ഇറങ്ങിയ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത് മോത്തിലാല്‍ നെഹ്‌റുവും അജ്മല്‍ ഖാനുമാണ്. ഇത് പറയുമ്പോഴും എംഎല്‍എ ചോദിക്കുന്നുണ്ട്, ഇത് ആര്‍എസ്എസ് രൂപീകരണത്തിന് മുന്‍പാണ്, അതിനുശേഷം എവിടെയാണ് പങ്കെടുത്തതെന്ന്. 1930-ല്‍ അദ്ദേഹം വനസത്യഗ്രഹത്തില്‍ പങ്കെടുത്തു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നാലു മാസം ശിക്ഷ നല്‍കിയപ്പോള്‍ ഡോക്ടര്‍ജിക്ക് ലഭിച്ചത് എട്ടു മാസം ശിക്ഷയാണ്.
പ്രധാനമന്ത്രിയായിരിക്കെ നെഹ്‌റു ആവിഷ്‌കാര സ്വാതന്ത്ര്യത്തോട് പുലര്‍ത്തിയിരുന്ന മനോഭവം എന്തായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. അതും നമുക്ക് ചര്‍ച്ച ചെയ്യണം. അതിനുള്ള അവസരമായി ഈ സാഹചര്യത്തെ നാം കാണണം. അമേരിക്കന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതി പത്രസ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ഭാരത ഭരണഘടനയുടെ ആദ്യ ഭേദഗതി പത്രസ്വാതന്ത്ര്യത്തെ ഹനിക്കാനായിരുന്നു. ആ ബില്‍ അവതരിപ്പിച്ചത് പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു. നമുക്ക് ഇത്തരം മാധ്യമങ്ങളെ ഉടച്ചുതകര്‍ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ആര്‍എസ്എസിനെയും ഇല്ലാതാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. കെ. മാധവന്‍കുട്ടി പഠനകേന്ദ്രത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്ഥാനീയ സമിതി ഭാരവാഹികളും ജില്ലാതല കാര്യകര്‍ത്താക്കളും പങ്കെടുത്ത ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രബന്ധ രചന, അക്കാദമിക് പ്രവര്‍ത്തനം എന്നിവയെപ്പറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സോമരാജന്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന, സംസ്ഥാന സമിതി അംഗങ്ങളായ രാമന്‍ കീഴന, അഡ്വ. എന്‍. അരവിന്ദന്‍, കോഴിക്കോട് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി. ബാലഗോപാലന്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പദ്മജന്‍. ടി.കെ, ജില്ലാ ട്രഷറര്‍ അഡ്വ. വി.ജി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: