കോഴിക്കോട്: ജെഎന്‍യു മുന്നോട്ടുവയ്ക്കുന്നത് ധാര്‍മിക വിദ്യാഭ്യാസമെന്ന് ജെഎന്‍യു വിസി പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. മാഗ്കോം ജെഎന്‍യു ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ ആത്മാഭിമാനവും സാമൂഹിക ഉത്തരവാദിത്വവും പ്രധാനമാണ്. പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് വാര്‍ത്തകള്‍ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വാര്‍ത്തകള്‍ ആര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങള്‍ ധര്‍മത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കില്‍ ധര്‍മം നിങ്ങളെ സംരക്ഷിക്കും. ഈ ആശയം ഒരിക്കലും കൈമോശം വരാന്‍ പാടില്ല. ജെഎന്‍യുവില്‍ മാഗ്കോം മാത്രമല്ല നിരവധി മറ്റ് സ്ഥാപനങ്ങളും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് വരെ വിവിധ കോഴ്സുകള്‍ ഇഗ്നോയിലായിരുന്നു, എന്നാല്‍ ഇഗ്നോയ്ക്ക് രാജ്യത്തിന് പുറത്ത് അംഗീകാരം കിട്ടാത്തതിനാല്‍ ഇവ ജെഎന്‍യുവിലേക്ക് എത്തി. ജെഎന്‍യു സ്വകാര്യ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ അടിസ്ഥാനമാണ്. ഭാരതത്തിന്റെ വിദ്യാഭ്യാസ മേഖല വലിയ മാറ്റത്തിന് വിധേയമാകുന്ന കാലത്താണ് ഈ ഡിപ്ലോമ കരസ്ഥമാക്കുന്നത്. ഇത് വെറുമൊരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ദാന പരിപാടിയല്ല, മറിച്ച് ഇവരെല്ലാം ഇന്ന് അവസരങ്ങളുടെ ലോകത്തേക്ക് ചുവടുറപ്പിക്കുന്ന ദിവസമാണ്, അവര്‍ പറഞ്ഞു.
മാഗ്കോമിന്റെ പുതിയ ബാച്ച് ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുമെന്നാണ് വിശ്വാസമെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സത്യത്തിലും സ്നേഹത്തിലും പടുത്തുയര്‍ത്തിയ ധാര്‍മിക ജേര്ണലിസമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. ജേണലിസം എന്ന പ്രൊഫഷനെ ത്യാഗത്തിലൂടെ വേണം നമ്മള് കാണാന്‍. വ്യാജ-പെയ്ഡ് വാര്‍ത്തകളുടെ ലോകത്ത് ഒരു മാധ്യമപ്രവര്ത്തകന് സ്വന്തം താത്പര്യങ്ങളില്‍ ആകൃഷ്ടനല്ലാത്ത വ്യക്തിയായിരിക്കണം. ധര്‍മത്തിനും നീതിക്കും ന്യായത്തിനുമായി മാധ്യമപ്രവര്‍ത്തകര്‍ ധൈര്യവും നിഷ്പക്ഷതയും മുഖമുദ്രയാക്കി വേണം പ്രവര്‍ത്തിക്കാന്‍. കാലഘട്ടത്തിന്റെ ഒഴുക്കിനോട് ബന്ധപ്പെട്ട് നില്‍ക്കുകയും ബന്ധനപ്പെടാതെ നില്‍ക്കുന്നതുമാവണം മാധ്യമപ്രവര്‍ത്തകന്റെ രീതി. ദുരിത സാഹചര്യത്തിലും ബുദ്ധിമുട്ടുകളിലും എതിര്‍പ്പുകളിലും കൃത്യമായും സത്യമായുമുള്ള വാര്‍ത്തകളെ പ്രസിദ്ധീകരിക്കുന്നത് ദേശീയധാരയ്ക്ക് ശക്തമായ മുന്‍തൂക്കം നല്‍കുന്നതായിരിക്കും. സത്യത്തിനു വേണ്ടി എതിര്‍പ്പുകളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ സത്യം തന്നെ സഹായിക്കുന്നതായിരിക്കും. ഇതാണ് മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ നമ്മള് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാഗ്കോം ആദ്യബാച്ചിന് ജെഎന്‍യു ബിരുദദാനം നടത്തി
കോഴിക്കോട്: കേരളത്തിലെ പ്രമുഖ ജേണലിസം പഠന സ്ഥാപനമായ മഹാത്മാഗാന്ധി കോളജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ (മാഗ്കോം) നിന്ന് ജേണലിസത്തില്‍ പിജി ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ (ജെഎന്‍യു) സര്‍ട്ടിഫിക്കറ്റുകള്‍ ബിരുദദാന ചടങ്ങില്‍ വിതരണം ചെയ്തു. ജെഎന്‍യു വിസി പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ചാലപ്പുറം കേസരി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ പൊതു ചടങ്ങില്‍ മാഗ്കോം ഗവേര്‍ണിങ് ബോഡി ചെയര്മാന് എ.കെ. പ്രശാന്ത് അധ്യക്ഷനായി. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജെഎന്‍യു അസോ. പ്രൊഫസര്‍ എ.എല്‍. റീത സോണി സംസാരിച്ചു. മാഗ്കോം ഡയറക്ടറും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പറുമായ എ.കെ. അനുരാജ് സ്വാഗതവും മാഗ്കോം അദ്ധ്യാപിക ടി.എസ്. ഉജ്ജ്വല നന്ദിയും പറഞ്ഞു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പങ്കെടുത്തു. ചടങ്ങില്‍ മാഗ്കോം വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ ജേണലും ഫോട്ടോ മാഗസിനും പ്രകാശനം ചെയ്തു.
ജെഎന്‍യു, എന്‍ഐടി കാലിക്കറ്റ്, ഭോപ്പാല്‍ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമായിക്കൂടി അക്കാദമിക സഹകരണത്തിലാണ് മാഗ്കോം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: