ഏപ്രില്‍ തുടക്കം മുതല്‍ പകരച്ചുങ്കം പ്രഖ്യാപിക്കുകയാണ് ട്രംപ് ആദ്യം ചെയ്തത്; വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളില്‍. ഇതിന്റെ അടിസ്ഥാനം വളരെ വ്യക്തമല്ലെങ്കിലും രണ്ടു കാര്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടു. ഒന്ന്, പ്രസ്തുത രാഷ്‌ട്രം ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ശരാശരി ചുങ്കം. രണ്ട്, ആ രാഷ്‌ട്രവുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി. അമേരിക്കയ്‌ക്ക് അത്യാവശ്യംവേണ്ട പല ഉല്‍പ്പന്നങ്ങളേയും ഈ പകരച്ചുങ്കത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഭാരതത്തിന് 26% ആണ് പകരച്ചുങ്കം നിശ്ചയിച്ചത്. മിക്ക ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇതില്‍ കൂടുതലാണ് ചുങ്കനിരക്ക്. ചൈനയ്‌ക്ക് 34, കമ്പോഡിയയ്‌ക്ക് 49 ശതമാനത്തില്‍ നിരക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയന് 20% മാത്രമാണ്. പൊതുവെ ഓരോ രാഷ്‌ട്രവും ചുമത്തുന്ന ശരാശരി ചുങ്കത്തിന്റെ പകുതി നിരക്കാണ് പ്രത്യക്ഷത്തില്‍ പകരച്ചുങ്കമായി ചുമത്തിക്കാണുന്നത്.
പകരച്ചുങ്കം ചുമത്തുമെന്ന വാര്‍ത്തകളോടെ ഓഹരി വിപണികളെ ബാധിക്കുകയും വിലത്തകര്‍ച്ചയ്‌ക്ക് കാരണമാകുകയും ചെയ്തിരുന്നു. ചുങ്കത്തോടെ ലോകത്തെങ്ങും ഓഹരി വിപണിയില്‍ തകര്‍ച്ച രേഖപ്പെടുത്തി. അമേരിക്കന്‍ വിപണിയിലും അതുതന്നെ സംഭവിച്ചു. അതിന്റെ പ്രതിഫലനങ്ങള്‍ കടപ്പത്ര വിപണിയിലും ഉണ്ടായി. ഇത് നടപ്പാക്കുന്നതിനോടൊപ്പം തന്നെ ഇതിനെപ്പറ്റി മറ്റുരാഷ്‌ട്രങ്ങളുമായി ചര്‍ച്ച ചെയ്യാമെന്ന് വാഗ്ദാനവും അമേരിക്ക മുന്നോട്ടു വെച്ചു. വൈറ്റ് ഹൗസിന്റെ അവകാശവാദമനുസരിച്ച് അറുപതോളം രാജ്യങ്ങള്‍ ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചൈന തിരിച്ചടിയായി തങ്ങളുടെ ചുങ്കവും ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ രണ്ടു ദിവസത്തിന് ശേഷം ചൈന ഒഴിച്ചുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ വര്‍ദ്ധനവ് 90 ദിവസത്തേക്ക് നിര്‍ത്തിവെയ്‌ക്കുന്നതായും ചൈനയുടെ കാര്യത്തില്‍ മാത്രം നിരക്ക് വീണ്ടും കൂട്ടുന്നതായും അറിയിപ്പ് വന്നു. ഇതോടെ തകര്‍ന്ന ഓഹരി വിപണികള്‍ തിരിച്ചു കയറാന്‍ തുടങ്ങി.
ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം പൊതുവെ ഒരു സമ്മര്‍ദ്ദ തന്ത്രം എന്ന രീതിയിലാണ് ട്രമ്പ് പകരച്ചുങ്കത്തെ ഉപയോഗിക്കുന്നത് എന്നതാണ്. ഈ പറഞ്ഞ നിരക്കില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുക എന്നതിനേക്കാള്‍ ചൈന ഒഴികെയുള്ള രാജ്യങ്ങളുമായി ഇതേപ്പറ്റി ചര്‍ച്ച ചെയ്തു യുക്തിസഹമായ രീതിയിലേക്ക് മറ്റുള്ള രാജ്യങ്ങളുടെ നിരക്കുകളെ മാറ്റാന്‍ പ്രേരിപ്പിക്കുക എന്ന ഒരു തന്ത്രമാണ് ഇവിടെ വായിച്ചെടുക്കാന്‍ കഴിയുന്നത്. മറ്റു രാഷ്‌ട്രങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ആയാലും അമേരിക്കയില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു ഉത്പാദനം നടത്തുകയാണെങ്കില്‍ ഈ ചുങ്കത്തില്‍ നിന്ന് ഒഴിവാകാം എന്ന വാഗ്ദാനവും അമേരിക്ക നല്‍കുന്നുണ്ട്. അതേസമയം ചൈനയുടെ കാര്യത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന അതിഭീമമായ വ്യാപാരക്കമ്മി കുറച്ചു കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ അമേരിക്ക എടുക്കുമെന്ന് തന്നെയാണ് സൂചനകള്‍.
വ്യാപാരച്ചുങ്കയുദ്ധം തുടക്കത്തില്‍ പ്രഖ്യാപിച്ച പോലെ തന്നെ 90 ദിവസം കഴിഞ്ഞു തിരിച്ചുവരികയാണെങ്കില്‍ അത് എല്ലാവര്‍ക്കും നഷ്ടമേ ഉണ്ടാക്കൂ. അമേരിക്കയ്‌ക്കു ആഭ്യന്തരമായി പോലും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഈ ചുങ്കപ്രഖ്യാപനം കാരണമാകും. അധികച്ചുങ്കം കൊണ്ടുള്ള വിലവര്‍ദ്ധന പണപ്പെരുപ്പം/ മാന്ദ്യം എന്നിവയും പലിശനിരക്കിലെ മാറ്റത്തിനും ഓഹരി/കടപ്പത്രവിപണിയിലെ അസ്ഥിരതക്കും ഉള്‍പ്പടെ സര്‍വത്രികമായ ആഘാതം ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. കാല്‍നൂറ്റാണ്ടായി ഔട്ട് സോഴ്‌സിംഗ് അഥവാ പുറത്ത് ഉല്‍പ്പാദിപ്പിച്ചു കൊണ്ടുവരിക എന്ന നയം തുടര്‍ന്നത് കാരണം പല ഉല്‍പ്പന്നങ്ങളുടെയും കാര്യത്തില്‍ അമേരിക്കയുടെ ബാഹ്യ ആശ്രയത്വം വളരെയാണ്. ഇതെല്ലാം ഒറ്റയടിക്ക് വീണ്ടും ഉല്‍പ്പാദിപ്പിക്കുക പ്രായോഗികമല്ല. ഇത് മനസ്സിലാക്കിയാണ് ചൈന ആറോളം നിര്‍ണായകമായ ദുര്‍ലഭ രാസപദാര്‍ത്ഥങ്ങളുടെ കയറ്റുമതിക്ക് ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. അതായത്, ആര്‍ക്ക് എത്ര എപ്പോള്‍ കൊടുക്കണം എന്നത് ചൈനീസ് ഗവണ്‍മെന്റിന് നിയന്ത്രിക്കാന്‍ കഴിയും. ഒരുപാട് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ചൈനയിലുള്ള ഫാക്ടറികള്‍ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്കോ അമേരിക്കയിലേക്ക് മാറ്റുകയും എളുപ്പമല്ല. ഏറ്റവും ചുരുങ്ങിയത് ചൈനയുമായെങ്കിലും ഇക്കാര്യത്തില്‍ ദീര്‍ഘകാല വ്യാപാരയുദ്ധത്തിനു സാധ്യതയുണ്ട്.
ലോക സമ്പദ് വ്യവസ്ഥയാകുന്ന കരിമ്പിന്‍ തോട്ടത്തില്‍ കയറുന്ന ഒരു മദയാനയായി ട്രമ്പിനെ കാണുന്ന ഒരു പാട് നിരീക്ഷകരുണ്ട്. സ്വന്തം സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മറ്റു രാഷ്‌ട്രങ്ങളുടെ കാര്യങ്ങളില്‍ ഗോപ്യമായി ഇടപെട്ടു കുത്തിത്തിരുപ്പുണ്ടാക്കുന്നതിന്റെ ചരിത്രം അമേരിക്കയ്‌ക്ക് അന്യമല്ല. ചാരസംഘടനയെയും വിവിധ ഫൗണ്ടേഷനുകളെയും അന്താരാഷ്‌ട്ര അവാര്‍ഡുകളെയും സര്‍ക്കാര്‍ ഇതര സംഘടനകളെയും പത്രങ്ങളെയും എല്ലാം തന്നെ ഇതിനുവേണ്ടി കാലങ്ങളായി ഉപയോഗിക്കുന്നുമുണ്ട്. ഡീപ് സ്റ്റേറ്റിന്റെയും യുഎസ് എയ്ഡിന്റെയും പ്രവര്‍ത്തനങ്ങളും നമുക്കറിയാവുന്നതാണ്. അതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ ട്രമ്പിന്റെ നിലപാടുകള്‍ സുതാര്യവും ‘നേരെ വാ നേരെ പോ’ എന്ന തരത്തിലുമാണ്. പെരുമാറ്റശാസ്ത്രത്തിന്റെ (ബിഹേവിയര്‍ സയന്‍സ്) ഭാഷയുപയോഗിച്ചാല്‍ കുത്തിത്തിരുപ്പില്‍ (മാനിപ്പുലേറ്റീവ്)നിന്നും ആക്രമണാത്മകതയിലേക്കുള്ള (അഗ്രസീവ്) ഒരു പുരോഗതി അദേഹത്തിന്റെ നിലപാടുകളില്‍ കാണാം. രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ കഴിയുമ്പോഴേക്കും അത് പ്രതിപക്ഷബഹുമാനത്തോട് കൂടിയ സ്വപക്ഷനിലപാടിലേയ്‌ക്ക് (അസര്‍ട്ടീവ്) എത്തുകയാണെങ്കില്‍ കാര്യങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ തീരാന്‍ സാധ്യതയുണ്ട്. പക്ഷെ ട്രമ്പിന്റെ യഥാര്‍ത്ഥ ഉന്നമായ ചൈനയുടെ കാര്യത്തില്‍ അദ്ദേഹം പാത്രക്കടയില്‍ കയറിയ കാളക്കൂറ്റന്‍ തന്നെ ആയേക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമല്ല.
ചൈന 125% ചുങ്കം പ്രഖ്യാപിച്ചപ്പോള്‍ അമേരിക്ക 245% ആക്കി തിരിച്ചടിച്ചതായുള്ള വാര്‍ത്ത ഉണ്ട്. ആയിരത്തി തൊള്ളയിരത്തി മുപ്പതുകളിലെ മാന്ദ്യവും തുടര്‍ന്നുണ്ടായ അന്തര്‍ദേശീയ വ്യാപാരത്തര്‍ക്കങ്ങളും രണ്ടാം ലോകമഹായുദ്ധതിനു വിത്തു പാകുന്നതില്‍ പങ്ക് വഹിച്ചുവെന്നതും ഇവിടെ സ്മരണീയമാണ്. പക്ഷെ ചോര പൊടിയാതെയുള്ള യുദ്ധത്തിലാണ് ട്രമ്പിന് താല്‍പ്പര്യമെന്നത് ആശയ്‌ക്ക് വക നല്‍കുന്നു.
ഭാരതത്തെ ബാധിക്കുന്നത്
ഭാരതീയ സമ്പദ്ഘടനയുടെ വിദേശവ്യാപാര ആശ്രിതത്വം തുലോം കുറവാണെന്നതാണ് നമ്മെ സംബന്ധിച്ച് ആശ്വാസം. അതില്‍ത്തന്നെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ വിഹിതം 18% മാത്രമാണ്. ഇതില്‍ പല ഉല്‍പ്പന്നങ്ങളെയും പകരച്ചുങ്കം ബാധിക്കുന്നില്ല. മറ്റു രാജ്യങ്ങള്‍ക്ക് ബാധകമായ നിരക്കിനെക്കാള്‍ കുറവാണു നമ്മുടേത് എന്നത് നിര്‍ണായകമാണ്. ഇത് ചില ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ നമുക്ക് അനുകൂലമാകാനും ഇടയുണ്ട്. അമേരിക്കയുമായി ഒരു ഉഭയകക്ഷി വ്യാപാരകരാറിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചപോലെ ചുങ്കം നടപ്പാക്കിയാല്‍ത്തന്നെ നമ്മുടെ മൊത്ത ദേശീയ ഉല്‍പ്പാദനത്തില്‍ 0.20% തിന്റെ കുറവ് മാത്രമേ റിസര്‍വ് ബാങ്കിന്റെ എസ്റ്റിമേറ്റ് അനുസരിച്ചു വരാനിടയുള്ളു. ഭാരതത്തെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ വിപണി അപ്രാപ്യമാകുന്ന ചൈന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില കുറച്ച് ഭാരതത്തിലേക്കു തള്ളുമോ എന്നതാണ് യഥാര്‍ത്ഥ ആശങ്ക. ഇത് സര്‍ക്കാരിന്റെ ജാഗരൂഗത ആവശ്യപ്പെടുന്നു.
എങ്ങനെ നേരിടാം
ചില പ്രത്യേക വ്യവസായങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ മാറ്റിവെച്ചാല്‍ രണ്ടു പ്രധാന വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടത്. ഒന്ന്, വിദേശ വ്യാപാരകമ്മിയും അത് അടവുശിഷ്ടത്തില്‍ (ബാലന്‍സ് ഓഫ് പേയ്‌മെന്റ്) ഉണ്ടാക്കാവുന്ന കുറവും. രണ്ടാമത്തേത് നിക്ഷേപത്തിനുള്ള മൂലധനം. വര്‍ഷം തോറും ശരാശരി 800 ടണ്‍ സ്വര്‍ണമാണ് ഭാരതം നിയമാനുസൃതമായി മാത്രം ഇറക്കുമതി ചെയ്യുന്നത്. ഏകദേശം 6 ലക്ഷം കോടി രൂപയ്‌ക്കു സമാനമായ വിദേശ നാണ്യമാണ് ഇതിനായി ചെലവഴിക്കുന്നത്. അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ഇറക്കുമതി ഇനമാണ് സ്വര്‍ണം. ഇത്രയും തുക സ്വര്‍ണത്തില്‍ ജഡനിക്ഷേപമാക്കുന്നതിനു പകരം സ്വര്‍ണത്തിന്റെ ഇറക്കുമതി പകുതിയെങ്കിലും ആയി കുറയ്‌ക്കാനുള്ള ഇച്ഛാശക്തി ഭാരതീയര്‍ കാണിക്കുകയാണെങ്കില്‍ മേല്‍ സൂചിപ്പിച്ച രണ്ടു പ്രശ്‌നങ്ങളും നേരിടാവുന്നതേ ഉള്ളൂ. ഭവനങ്ങളില്‍ മാത്രം 25000 ടണ്‍ ഇതിനകം സൂക്ഷിപ്പുള്ള ഭാരതീയ ജനതയ്‌ക്ക് അതിനു കഴിയുന്നില്ലെങ്കില്‍ ഒന്നുകില്‍ അവരുടെ ദേശാഭിമാനം അല്ലെങ്കില്‍ അവരുടെ സാമ്പത്തിക സാക്ഷരത സംശയാസ്പദമാണെന്ന് പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: