അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയ പകരച്ചുങ്കം ലോകസമ്പദ് വ്യവസ്ഥയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയിരിക്കയാണ്. അന്തര്‍ദേശീയ വ്യാപാരം, ചരക്കുകളുടെ വിലനിലവാരം, നാണ്യങ്ങളുടെ വിനിമയനിരക്ക്, ഓഹരികളുടെയും കടപ്പത്രങ്ങളുടെയും മൂല്യം, മൊത്ത ദേശീയ ഉത്പാദനത്തിന്റെ വളര്‍ച്ച എന്നിങ്ങനെ എല്ലാ രംഗങ്ങളിലും അനിശ്ചിതത്വത്തിനു പുതിയ നയം ഹേതുവായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലവും ഭവിഷ്യത്തും എന്താണെന്ന ഹൃസ്വമായ അന്വേഷണത്തിനാണ് ഇവിടെ ശ്രമിക്കുന്നത്.
അന്തര്‍ദേശീയ വ്യാപാരത്തില്‍ (അതായത് കയറ്റുമതിയിലും ഇറക്കുമതിയിലും) വിവിധ രാഷ്ട്രങ്ങള്‍ ചുങ്കം ചുമത്തുന്നത് ഒന്നിലധികം ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. 1. നികുതി വരുമാനം ഉണ്ടാക്കുക 2. തദേശീയ സംരംഭങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുക 3. മറ്റു രാജ്യങ്ങള്‍ ന്യായവിലയിലും കുറച്ച് ഉത്പന്നങ്ങള്‍ തങ്ങളുടെ രാജ്യത്ത് വിറ്റഴിക്കുന്നതിനെ തടയുക (Anti dumping). ഈ രീതിയില്‍ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയിലും ആയിരുന്നു ചുങ്കങ്ങള്‍ ഓരോ രാജ്യവും വ്യവസ്ഥ ചെയ്തിരുന്നത്. പ്രത്യേകിച്ചും അന്തര്‍ദേശീയ വിപണിയില്‍ ദുര്‍ബലരായ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വിദേശ നാണ്യം കൊടുത്താല്‍ മാത്രമേ അവര്‍ക്ക് ആവശ്യമുള്ള ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ കഴിയുകയുള്ളൂ എന്ന പശ്ചാത്തലത്തില്‍ വിദേശ നാണ്യം നേടാനും അത് അനാവശ്യമായി ചോര്‍ന്നു പോകാതിരിക്കാനും സഹായിക്കുന്ന രീതിയില്‍ അവയുടെ വിദേശ വ്യാപാര നയങ്ങള്‍ രൂപപ്പെടുത്തി. എല്ലാ രാജ്യങ്ങള്‍ക്കും ആവശ്യമായിരുന്ന എണ്ണയുടെ വ്യാപാരം ഇവിടെ ഒരു പ്രധാന ഘടകം ആയിരുന്നു. ഈ രീതിയില്‍ വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുന്നത് വ്യവസായവല്‍കൃത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി നിഷേധിക്കപ്പെടുകയാണെന്ന തോന്നല്‍ ഉണ്ടാവുകയും ക്രമാതീതമായ ചുങ്കനിരക്കുകളെ ഒരു യാഥാര്‍ത്ഥ്യാധിഷ്ഠിത തലത്തിലേക്ക് കൊണ്ടുവരുന്നത് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന് അവര്‍ ചിന്തിക്കുകയും ചെയ്തു. ഗാട്ട് എന്നറിയപ്പെട്ടിരുന്ന ജനറല്‍ എഗ്രിമെന്റ് ഓണ്‍ ട്രേഡ് ആന്‍ഡ് താരിഫ് ഈ അസാംഗത്യം കുറയ്ക്കാനുള്ള ഒരു ശ്രമമായിരുന്നു. ആവശ്യത്തിലധികം സംരക്ഷണം ലഭിച്ചിരുന്ന മൂന്നാം ലോകരാജ്യങ്ങളിലെ വിപണികളില്‍ കാലാനുസൃതമായ സാങ്കേതികവിദ്യയുടെ ഉപയോഗമോ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള ശ്രമമോ നടക്കാതിരിക്കുകയും അവയുടെ ഉല്‍പ്പന്നങ്ങള്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്താതിരിക്കുകയും ചെയ്യുന്നത് അവിടെയുള്ള ഉപഭോക്താക്കളെയും അസംതൃപ്തരാക്കി. നിയന്ത്രിതമായെങ്കിലും അന്തര്‍ദേശീയ മത്സരത്തിന് വിധേയമാകുന്നത് കാര്യക്ഷമത വര്‍ദ്ധിക്കാനും ഉപഭോക്താവിന് മെച്ചപ്പെട്ട മൂല്യം ലഭിക്കാനും സഹായകമാകുമെന്നും കരുതി. സോവിയറ്റ് യൂണിയന്റെ പതനശേഷമുള്ള അന്തര്‍ദേശീയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു ലോകവ്യാപാര സംഘടന (വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന്) രൂപീകരിച്ച് ഇവയെ കൂടുതല്‍ യുക്തിസഹമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഉറുഗ്വേ റൗണ്ട് തുടങ്ങിയ പേരുകളില്‍ ഇവ അറിയപ്പെട്ടിരുന്നു. ഈ ചര്‍ച്ചകളുടെ ഫലമായി താരിഫുകളുടെ കുറേകൂടി യുക്തിസഹമായ ഒരു പുനര്‍നിര്‍ണയം നടക്കുകയും അത് ലോക വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെ വിനിമയം മൂന്നാം ലോക രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ നിലവാരം കൂട്ടുമെന്നും കുറഞ്ഞ കൂലി തങ്ങള്‍ക്കു മത്സരക്ഷമത നല്‍കുമെന്നും അവര്‍ വിശ്വസിച്ചപ്പോള്‍ കുറഞ്ഞ ചുങ്കം തങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി അവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് പാശ്ചാത്യ വ്യവസായവല്‍കൃത രാജ്യങ്ങള്‍ കണക്കുകൂട്ടി.
പക്ഷേ പശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റുകയാണ് ഉണ്ടായത്. അവര്‍ വിചാരിച്ചത് പോലെയുള്ള ഒരു വ്യാവസായിക മുന്നേറ്റമോ വിപണി ആധിപത്യമോ അവര്‍ക്കു നേടാന്‍ കഴിഞ്ഞില്ല. വ്യവസായങ്ങളില്‍ തൊഴിലാളി പങ്കാളിത്തം വര്‍ദ്ധിപ്പിച്ചു കൊണ്ടും അവര്‍ക്ക് മെച്ചപ്പെട്ട ഒരു വേതന സേവനവ്യവസ്ഥ ഉറപ്പുവരുത്തിയും അവരുടെ സംഭാവനകളുടെ മൂല്യത്തിനാനുപാതികമായി വിയര്‍പ്പ് ഓഹരി നല്കി ഉടമാവകാശം പങ്കിടല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും വര്‍ഗ്ഗസഹകരണം ഉറപ്പാക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടന്നെങ്കിലും മറ്റൊരു ഭാഗത്ത് വിഭാഗീയ താല്പര്യങ്ങള് നേടിയെടുക്കാനുള്ള മത്സരം തുടര്‍ന്നു. മറ്റു രാജ്യങ്ങളിലെ തങ്ങളുടെ തൊഴിലാളി സഹോദരന്മാരേക്കാള് എത്രയോ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകളാണ് തങ്ങള്‍ ആസ്വദിക്കുന്നതെന്നത് മറന്നുകൊണ്ട് അവര്‍ വിലപേശല്‍ തുടര്‍ന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ നാലിലൊന്നു ചിലവിനു അധ്വാനശേഷി ലഭിക്കുമെന്നിരിക്കെ തങ്ങളെന്തിനു ഇവര്‍ക്ക് വഴങ്ങികൊടുക്കണമെന്ന് ചിന്തിച്ച അവിടത്തെ ഫാക്ടറി ഉടമസ്ഥര്‍ ഉത്പാദനം മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. അവിടെ തുടര്ന്നവയ്ക്കു തന്നെ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉത്പന്നങ്ങളോട് വിലയുടെ കാര്യത്തില്‍ മത്സരിച്ചു പിടിച്ചു നില്ക്കാന് കഴിയാതെ ആയി. (‘രാജ്യമാണ് പ്രഥമം’ എന്ന് ചിന്തിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല). പശ്ചാത്യ രാജ്യങ്ങളില്‍ നില നിന്ന പരിസ്ഥിതി/ തൊഴില്‍ നിയമങ്ങളിലെ കാര്‍ക്കശ്യവും മറ്റു രാജ്യങ്ങളിലെ അസംസ്കൃത പദാര്‍ത്ഥങ്ങളുടെ തദ്ദേശീയ ലഭ്യതയും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി.
ഇതിനു സമാന്തരമായി മറ്റൊന്നുകൂടി സംഭവിച്ചു. ഡെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ ചൈന സാമ്പത്തിക രംഗത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിട പറയുകയും ഉദാരവത്കരണത്തെ പുല്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ ആഗോളവത്കരണത്തിന്റെ കാറ്റു വീശിയടിച്ചപ്പോള്‍ ലോകവ്യാപരസംഘടനയും സ്വതന്ത്ര വ്യാപാരവും നല്കിയ അവസരങ്ങള്‍ സര്വ്വാധിപത്യത്തിന്റെതായ രാഷ്ട്രീയ സാഹചര്യമുപയോഗിച്ച് ബാഹ്യമായെങ്കിലും ഒരു ശരീരവും ഒരു മനസ്സുമായി മുതലെടുക്കാന്‍ ചൈന പൂര്‍ണ സജ്ജമായിരുന്നു. ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന പഴയ ഇന്ദിരാ സൂക്തം അക്ഷരാര്‍ത്ഥത്തില്‍ ചൈന നടപ്പാക്കി. പരിമിതമായ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്ന ആവശ്യങ്ങള്‍ പോലും ടിയാന് മെന്‍ ചത്വരത്തില്‍ കണ്ട പോലെ ടാങ്കുകള്‍ക്കടിയില്‍ പെട്ടു ചതഞ്ഞരഞ്ഞു. അധ്വാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും സംഘാടനത്തിന്റെയും കുതന്ത്രമായി പിന്നീട് ലോകരാജ്യങ്ങള്‍ പലതും തിരിച്ചറിഞ്ഞ സാമ്പത്തിക നയതന്ത്രത്തിന്റെയും ഫലമായി ചൈന ലോകത്തിന്റെ ഉത്പാദന സങ്കേതമായി മാറി. പടിഞ്ഞാറന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഫാക്ടറികള്‍ ചൈനയില്‍ തുടങ്ങി. ചൈനീസ് കമ്പനികള്‍ ബഹുരാഷ്ട്ര കോര്‍പറേറ്റുകളായി മാറി. പുതിയ ലോക ക്രമത്തില്‍ ലോകവിപണി കീഴടക്കാന്‍ ഉദ്യമിച്ച അമേരിക്കയുടെയും യൂറോപ്പിന്റെയും വിപണികള്‍ പോലും ചൈന കീഴടക്കി. അമേരിക്കയിലെ ഫാക്റ്ററികള്‍ ശവപ്പറമ്പുകളായി.
അമേരിക്കയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയേക്കാള്‍ വളരെ കൂടുതലാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി എന്ന നിലവന്നപ്പോള്‍ ചൈനയ്ക്ക് വലിയ വ്യാപാരമിച്ചവും അമേരിക്കക്കു കമ്മിയും എന്ന അവസ്ഥയായി. ഈ അവസ്ഥ വര്‍ഷങ്ങളായി തുടരുന്നു. വ്യാപാരമിച്ചത്തിന്റെ നല്ലൊരു പങ്ക് ചൈന, യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളില്‍ തന്നെ നിക്ഷേപിക്കുന്നത് കാരണം ഇത് ഡോളറിനെ പെട്ടെന്ന് ബാധിക്കുന്നില്ലെങ്കിലും അമേരിക്കന്‍ കടപ്പത്രവിപണിയില്‍ ചൈനയുടെ സ്വാധീനം അവിടെ എപ്പോള്‍ വേണമെങ്കിലും പ്രകമ്പനങ്ങളുണ്ടാന് തക്കവണ്ണം വളര്‍ത്തി. ക്രയശേഷിതുല്യതയുടെ അടിസ്ഥാനത്തില്‍ മൊത്ത ദേശീയ ഉത്പാദനം കണക്കാക്കിയാല്‍ ഇപ്പോള്‍ ചൈന ലോകത്തെ ഒന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുകയാണ്. സമീപഭാവിയില്‍ തന്നെ ക്രയശേഷി തുല്യത പരിഗണിക്കാതെ തന്നെ ചൈന ഒന്നാമതാകാന്‍ പോവുകയാണ്. സൈനിക രംഗത്തും സമുദ്രാധിപത്യത്തിലും ബഹിരാകാശത്തിലും എല്ലാം ചൈനയുടെ വെല്ലുവിളി അമേരിക്ക നേരിടുകയാണ്. തങ്ങളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത് ട്രംപിന് സ്വീകാര്യമല്ല. മൂന്നാം ലോകരാജ്യങ്ങള്‍ക്ക് അല്പം കൂടി ഇടമുള്ള ഒരു നവലോകക്രമത്തിനായി ഉയര്‍ന്ന മുറവിളി പരിഗണിച്ചു തങ്ങള്‍ ചെയ്യാന്‍ തയ്യാറായ വിട്ടുവീഴ്ചകള്‍ തങ്ങളുടെ പ്രഥമസ്ഥാനം തന്നെ നഷ്ടമാകുന്ന രീതിയിലേക്ക് പരിണമിച്ചിരിക്കുന്നു എന്ന തോന്നല്‍ അദ്ദേഹത്തെ പിടികൂടിയിരിക്കുന്നു എന്ന് തോന്നുന്നു. മാഗാ (Make America Great Again)എന്ന ദൗത്യം ട്രംപ് ഏറ്റെടുത്തിരിക്കുന്നത് അമേരിക്കയുടെ മഹത്വം പുനഃസപിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു അദ്ദേഹം അവകാശപ്പെടുന്നു.അതിനു സഹായിക്കുന്ന അടവുനയങ്ങളിലൊന്നാണ് പകരച്ചുങ്കം എന്ന് ട്രംപ് വിശ്വസിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: