മുംബൈ: ഇന്ത്യയില്‍ നിന്നും ഉല്പാദിച്ച് ആപ്പിള്‍ കയറ്റുമതി ചെയ്തത് ഏകദേശം 2200 കോടി ഡോളറിന്റെ ഐ ഫോണ്‍. ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടി ഉല്‍പാദന കേന്ദ്രം മാറ്റിയതിന് ശേഷം ഇന്ത്യ ആപ്പിളിന്റെ ഒരു കരുത്തുറ്റ ഉല്‍പാദനകേന്ദ്രമായി മാറുകയാണ്. ടാറ്റ ഉള്‍പ്പെടെയുള്ള വമ്പന്‍ കോര്‍പറേറ്റുകള്‍ ആപ്പിളിനെ സഹായിക്കാന്‍ ഈ രംഗത്തുണ്ട് താനും.
ഇപ്പോള്‍ ലോകത്ത് ആപ്പിള്‍ ഉല്‍പാദിപ്പിക്കുന്ന ഐ ഫോണുകളുടെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ചൈനയില്‍ കോവിഡ് മൂലം ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോഴാണ് ഐ ഫോണുകളുടെ ഉല്‍പാദനം താറുമാറായത്. അന്ന് മുതലാണ് ആപ്പിള്‍ ഉല്‍പാദനത്തിനായി ഇന്ത്യയിലേക്ക് കൂടി ചുവടുവെച്ചത്.
ഇന്ത്യയാകട്ടെ ലോകത്തെ കോര്‍പറേറ്റ് കമ്പനികളുടെ ഉല്‍പന്നങ്ങളും മറ്റും ഇന്ത്യയില്‍ ഉല്പാദിപ്പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം വര്‍ധിപ്പിച്ച്, ഇന്ത്യയെ ഉല്‍പാദനകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലുമായിരുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മ കുറയ്‌ക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിക്കുക മാത്രമാണ് പോംവഴി എന്നതാണ് മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തെ കൊണ്ടുവന്നത്.
വികസിത രാജ്യങ്ങളിലെ വമ്പന്‍ കോര്‍പറേറ്റ് കമ്പനികള്‍ ചൈനയ്‌ക്ക് പകരം മറ്റൊരു ഉല്‍പാദനകേന്ദ്രം അന്വേഷിക്കുമ്പോള്‍ അതില്‍ ഒന്ന് ഇന്ത്യയായിരിക്കണം എന്ന നിര്‍ബന്ധം മോദി സര്‍ക്കാരിനുണ്ടായിരുന്നു. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഏതാനും വര്‍ഷങ്ങളായി മോദി സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ആപ്പിള്‍ ഇന്ത്യയില്‍ എത്തി അവരുടെ 15ാം എഡിഷന്റെ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിച്ചത്.
ആപ്പിള്‍ ഐ ഫോണ്‍ വില്ക്കുന്ന രണ്ട് ഷോറൂമുകളും ഇന്ത്യയില്‍ ആരംഭിച്ചു. ഇവിടെയും ഐ ഫോണുകളുടെ വില്‍പന കുതിച്ചുയരുകയാണ്. അതിവേഗം സമ്പന്നരായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇടത്തരക്കാര്‍ ഐഫോണുകള്‍ വാങ്ങി ഉപയോഗിക്കുന്നവരായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: