കൊച്ചി : മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് ഒട്ടേറെ മതപണ്ഡിതന്മാര്‍ രംഗത്തെത്തിയിരുന്നു . ഇപ്പോഴിതാ അത്തരത്തിലുള്ള മതപണ്ഡിതർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
‘കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. മനുഷ്യശരീരത്തെക്കുറിച്ച് നിങ്ങൾ എന്തറിഞ്ഞിട്ടാണ്? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന് അറിയാത്തവരാണ് ഇവിടെ പ്രസവത്തെക്കുറിച്ച് ആധികാരികമായി തള്ളുന്നത്. – എന്നും ഡോ. ഷിംന ചോദിക്കുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….
കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാർ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ എന്ന പണ്ഡിതവേഷധാരി ചോദിക്കുന്നത് “എന്തായിപ്പോ വീട്ടിൽ പ്രസവിച്ചാൽ?…അങ്ങനെ പാടില്ല എന്ന് നിയമമുണ്ടോ? ” എന്നാണ്. കുറച്ച് ദിവസം മുൻപ് വേറൊരാളുടെ വകയായി “മനുഷ്യഗർഭം നാല് കൊല്ലം വരെ നീണ്ടു നിൽക്കാം” എന്ന വിചിത്ര വാദവും കേട്ടിരുന്നു. ഇതിന്റെയൊക്കെ മറുപടി എഴുതിയും പറഞ്ഞും തഴമ്പിച്ചതാണ്. പറയാനുള്ളത് വേറെ ചിലതാണ്.
ആവശ്യത്തിനും അതിലേറെയും ഖുർആനും ഹദീസും കിതാബുകളും വർഷങ്ങളോളം പഠിച്ച ഇവരോട് ഇവയിൽ ഏതെങ്കിലും ഒന്നിലെ ഒരു ഭാഗത്തെക്കുറിച്ച് ഞാൻ വളരെ ആധികാരികമായി തള്ളിയാൽ “ഇതൊക്കെ പറയാൻ ഇവൾ ഏതെടാ? ഇവൾക്ക് ഇസ്‌ലാമിനെ കുറിച്ച് എന്ത് പുല്ല് അറിയാം” എന്ന് നിങ്ങൾ ചിന്തിക്കുകയും വളരെ നിശിതമായി എന്നെ വിമർശിക്കുകയും ചെയ്യില്ലേ? എനിക്കതിനുള്ള അർഹത ഇല്ലെന്ന് നിങ്ങൾക്കറിയാം. എക്സാക്റ്റ്ലി ഇതാണ് ഇപ്പോൾ എന്റെയും മനസ്സിലുള്ളത്. മനുഷ്യശരീരത്തെക്കുറിച്ച് നിങ്ങൾ എന്തറിഞ്ഞിട്ടാണ്? യൂറിനറി ബ്ലാഡർ ഏതാ ഗാൾ ബ്ലാഡർ ഏതാന്ന് അറിയാത്തവരാണ് ഇവിടെ പ്രസവത്തെക്കുറിച്ച് ആധികാരികമായി തള്ളുന്നത് !
ഇനി ഇതിന്റെ ഉത്തരമായി ആ മറ്റേ ഐറ്റം എടുക്കണ്ട – ഇസ്‌ലാമിന്റെ ലോകാവസാനം വരെയുള്ള നിലനിൽപും അതിന്റെ മഹനീയതയും. ആരെങ്കിലും നിങ്ങളുടെ ‘മഹദ് വചനം’ എതിർത്താൽ ‘ഇസ്‌ലാമിനെ തൂക്കി കൊന്നേ’ എന്ന് ഇരവാദം മുഴക്കി നിലവിളിച്ചോണ്ട് വരികയും വേണ്ട. നിങ്ങൾ പറയുന്ന വിശദീകരണവും വായിൽ തോന്നിയത് കോതക്ക് പാട്ടുമല്ല മതം. ആണെന്ന് വിശ്വസിക്കുന്ന ചില പൊട്ടക്കിണറ്റിലെ തവളകളായ അണികൾ തലച്ചോറ് പണയത്തിൽ ആയത് കൊണ്ട് അങ്ങനെ വിശ്വസിച്ചേക്കാം.. ആത്മീയനേതാക്കൾ തുപ്പിയാലും പായസമാണെന്ന് പറഞ്ഞ് കോരി കുടിക്കുന്നതൊക്കെ വല്ലാത്ത ശോചനീയാവസ്ഥ തന്നെയാണ്.
പിന്നെ, ഈ നാലും മൂന്നും ഏഴ് പണ്ഡിതവേഷധാരികൾ പുലമ്പുന്ന ആളെകൊല്ലി തത്വങ്ങൾ ആയിരുന്നു ഇസ്ലാമെങ്കിൽ ഇന്ന് ഞാൻ ഉൾപ്പെടെയുള്ളവർ വീട്ടിൽ നിന്ന് പ്രസവിക്കാൻ നിർബന്ധിതരായി മയ്യത്തായേനെ… ഉയരം കുറവായതിന്റെയും ഇടുപ്പ് വിസ്താരം കുറഞ്ഞതിന്റെയും പേരിൽ പതിനൊന്ന് മണിക്കൂർ ലേബർ റൂമിൽ പ്രസവവേദന തിന്ന്, ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിഞ്ഞ്, പ്രസവം പുരോഗമിക്കുന്നില്ലെന്ന് കണ്ട് അവസാനനിമിഷം സിസേറിയനിലൂടെ എന്റെ മോനെ പുറത്തെടുത്തത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നവളാണ് ഞാൻ, എന്റെ മകനും. ആരും ഞങ്ങളെ വേദന തുടങ്ങിയ പാടെ കീറീട്ടില്ല, ഉപദ്രവിച്ചിട്ടില്ല. ഈ പറയുന്ന ‘സിസേറിയനോടെ രോഗിയാകലും, നട്ടെല്ലിന് കുത്തി വെച്ചത് കൊണ്ടുള്ള വിട്ട് മാറാത്ത നടുവേദനയയും’ ഒന്നും ഉണ്ടായിട്ടില്ല. ആ തീരുമാനം കൊണ്ട് എന്റെ കുട്ടികൾക്ക് ഇന്ന് തള്ളയുണ്ട്, അത് ചെറിയൊരു കാര്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: