മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വോർലിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്. വീട്ടിൽ കയറി സൽമാനെ കൊലപ്പെടുത്തുമെന്നും കാർ ബോംബ് വച്ച് തകർക്കുമെന്നും സന്ദേശത്തിൽ പറയുന്നു. വൊര്‍ളി പോലീസ് സ്‌റ്റേഷനില്‍ അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ആധികാരികത സംബന്ധിച്ചുമാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തുന്നത്.
നേരത്തെയും സൽമാന് നേരെ വധഭീഷണി വന്നിരുന്നു. അത് പലപ്പോഴും മുംബൈ പൊലീസിന്റെ നമ്പറിലേക്കോ അല്ലെങ്കിൽ ഇമെയിൽ വിലാസത്തിലാണോ ആണ് വരുന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്‌ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്റെ വീടായ ഗാലക്സി അപാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും അടുത്തിടെ സ്ഥാപിച്ചിരുന്നു. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനവേലിലുള്ള സല്‍മാന്റെ ഫാം ഹൗസിലും സെക്യൂരിറ്റികളുടെ ഒരു നീണ്ടനിരയുണ്ട്. അതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം.
കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്റെ വീട്ടിന് നേരെ വെടിവയ്‌പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്‌പ്പ് ഉണ്ടായത്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: