Alappuzha

ദക്ഷിണാമൂര്‍ത്തി, പൂച്ചാക്കല്‍ ഷാഹുല്‍ ടീമിന്റെ ഗാനങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്നു

Published by

ചേര്‍ത്തല: പ്രശസ്ത ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ പ്രമുഖ സംഗീതജ്ഞനായിരുന്ന വി. ദക്ഷിണാമൂര്‍ത്തിയുമായി ചേര്‍ന്ന് 40 വര്‍ഷംമുമ്പ് ഒരുക്കിയ നാടകഗാനങ്ങള്‍ ആസ്വാദകര്‍ക്കായി വീണ്ടും എത്തുന്നു. കലാനിലയം സ്ഥിരം നാടകവേദിക്കുവേണ്ടി പൂച്ചാക്കല്‍ ഷാഹുല്‍ രചിക്കുകയും ദക്ഷിണാമൂര്‍ത്തി ഈണംപകരുകയുംചെയ്ത 32 ഗാനങ്ങളില്‍ തെരഞ്ഞെടുത്ത അഞ്ചെണ്ണമാണ് പുനര്‍നിര്‍മിച്ച് പുറത്തിറക്കുന്നതെന്ന് സംഘാടകരായ പൂച്ചാക്കല്‍ ഷാഹുല്‍, സുനില്‍ പള്ളിപ്പുറം, ബേബി തോമസ്, പര്‍വേസ് റസല്‍, ടി പി സുന്ദരേശന്‍ എന്നിവര്‍ പറഞ്ഞു.

വാദ്യസംഗീത അകമ്പടിയോടെ നാടകവേദികളില്‍ തത്സമയം ആലപിച്ച ഗാനങ്ങളാണ് എക്കാലത്തേക്കുമായി മുദ്രണംചെയ്യുന്നത്. സുനില്‍ പള്ളിപ്പുറത്തിന്റേതാണ് സംഗീത സംയോജനം. ദലീമ എംഎല്‍എ, സുനില്‍ പള്ളിപ്പുറം, പൂച്ചാക്കല്‍ രമേശ്, അയൂബ് റഷീദ്, അമൃത വിജയന്‍ എന്നിവരുടേതാണ് ആലാപനം.

കലാനിലയത്തിന്റെ നാറാണത്ത് ഭ്രാന്തന്‍(1982), പലയാര്‍കോട്ട(1983), കിരീടംവച്ച ഭ്രാന്തന്‍(1985), ഇന്ത്യന്‍ ഡ്രാമാസ്‌കോപ്പിന്റെ സൂര്യകാലടി(1985) നാടകങ്ങളിലെ ഗാനങ്ങളാണ് പുനരവതരിപ്പിക്കുക. 18ന് പകല്‍ 11.30ന് പൂച്ചാക്കല്‍ ഷാഹുലിന്റെ യുട്യൂബ് ചാനലിലൂടെ ആര്‍ട്ടിസ്റ്റ് സുജാതന്‍ പാട്ടുകളുടെ സമാഹാരം ‘ദക്ഷിണായനം’ പുറത്തിറക്കും. പൂച്ചാക്കല്‍ ഷാഹുലിന്റെ ഷാലിമാര്‍ വീട്ടിലെ ചടങ്ങില്‍ പ്രമുഖ നാടകകാരന്‍ സുന്ദരന്‍ കല്ലായി അദ്ധ്യക്ഷനാകും. ദലീമ ജോജോ എംഎല്‍എ മുഖ്യാതിഥിയാകും.

മുന്നൂറോളം നാടകങ്ങള്‍ക്ക് ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ച പൂച്ചാക്കല്‍ ഷാഹുല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡും നേടിയിട്ടുണ്ട്. എം.കെ അര്‍ജുനന്‍ സംഗീതചെയ്ത പൂച്ചാക്കല്‍ ഷാഹുലിന്റെ 10 നാടകഗാനങ്ങള്‍ അര്‍ജുനപ്പത്ത് എന്നപേരില്‍ പുനര്‍നിര്‍മിച്ച് യൂട്യൂബ് ചാനലിലൂടെ നേരത്തെ പുറത്തിറക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by