മങ്കൊമ്പ്: വേനല്‍മഴ വീണ്ടും കുട്ടനാട്ടിലെ വിളവെടുപ്പിനെയും നെല്ല് സംഭരണത്തെയും ബാധിക്കുന്നു. പെയ്ത്ത് വെള്ളം പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രം ഉപയോഗിച്ച് കൊയ്യാന്‍ കഴിയാത്ത സാഹചര്യവും ചിലയിടങ്ങളിലുണ്ട്. വിളവെടുക്കാനുള്ള എടത്വ, ചമ്പക്കുളം, രാമങ്കരി, അമ്പലപ്പുഴ, തകഴി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലെ കൊയ്ത്തിന് പ്രായമായ നെല്‍ച്ചെടികള്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നിലംപൊത്തി.
കൂടുതല്‍ പാടശേഖരങ്ങളില്‍ ഒരേസമയം കൊയ്ത്ത് ആരംഭിച്ചതോടെ യന്ത്രക്ഷാമം രൂക്ഷമായി. വേനല്‍മഴയിലെ വെള്ളക്കെട്ടില്‍ കൊയ്ത്ത് സമയം ഇരട്ടിയിലധികമാകുന്നതും വിനയായി. പാടങ്ങളില്‍ വെള്ളക്കെട്ടായതിനാല്‍ യന്ത്രം ഇറക്കാന്‍ ബുദ്ധിമുട്ടുന്നു. വേനല്‍ക്കാലത്ത് യന്ത്രമുപയോഗിച്ച് ഒന്നര മണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ കൊയ്തിരുന്നിടത്ത് ഇപ്പോള്‍ മൂന്ന് മണിക്കൂറോളം വേണം. മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ പാടങ്ങളില്‍ കെട്ടികിടക്കുന്നതാണ് യന്ത്രമുപയോഗിച്ചുള്ള കൊയ്ത്തിന് തടസമാകുന്നത്. മണിക്കൂറിന് 2000 രൂപയാണ് യന്ത്ര വാടക. 3000 രൂപക്ക് വിളവെടുപ്പ് പൂര്‍ത്തിയാക്കേണ്ട സ്ഥാനത്ത് 6000രൂപ വരെ കര്‍ഷകര്‍ക്ക് ചെലവാകും.
ആറ്റിലെയും ഉള്ത്തോടുകളിലെയും വെള്ളത്തില്‍ ഉപ്പിന്റെ അളവ് വര്‍ദ്ധിച്ചതും കര്‍ഷകരെ ആശങ്കയിലാക്കുന്നു വേനല്‍മഴയില്‍ നനഞ്ഞ നെല്ല് സംഭരിക്കുന്നതില്‍ കിഴിവിന്റെ പേരില്‍ മില്ലുകാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നെല്ല് സംഭരണത്തില്‍ കൂടുതല്‍ കിഴിവ് മില്ലുകാര്‍ ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. കൊയ്ത്തിന് യന്ത്രത്തിന്റെ വാടക ഉള്‍പ്പടെ അധികചിലവ് കൂടാതെ മില്ലുകാരുടെ കിഴിവും കൂടിയാകുമ്പോള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാകും നേരിടേണ്ടി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: