തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷുവിനെ വരവേല്ക്കാനൊരുങ്ങി മലയാളികള്‍. കാര്‍ഷികോത്സവമായ വിഷുവിനെ ആഹ്‌ളാദത്തോടെയാണ് നാട് വരവേല്‍ക്കുന്നത്.
ഞായറാഴ്ചയാണെങ്കിലും വിഷുത്തലേന്ന് വിപണികളില്‍ മികച്ച കച്ചവടമായിരുന്നു. കണി ഒരുക്കാനും സദ്യ ഒരുക്കാനുള്ള പച്ചക്കറികള്‍ വാങ്ങാനുമായി ആളുകള്‍ വിപണികളിലെത്തി. വിവിധ ഹോട്ടലുകളില്‍ വിഷുസദ്യകള്‍ മുന്‍കൂട്ടി ബുക് ചെയ്യാനുളള സൗകര്യമൊരുക്കിയിരുന്നു.വിഷുവിന് പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ തുണിക്കടകളിലും തിരക്കനുഭവപ്പെട്ടു.
ഗുരുവായൂരില്‍ വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് എത്തുക.. ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും വിഷു വിളക്കും തിങ്കളാഴ്ച നടക്കും. പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി ദര്‍ശനം.
ശബരിമലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ഏഴ് വരെയാണ് വിഷുക്കണി ദര്‍ശനം.മേട വിഷുദിനത്തില്‍ പുലര്‍ച്ചെ നാലിന് ശബരിമല നടതുറക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരമുണ്ടാകും.കണി ദര്‍ശനത്തിനുശേഷം മാത്രമേ അഭിഷേകം ഉണ്ടായിരിക്കൂ.
മറ്റ് ക്ഷേത്രങ്ങളിലും വിഷുകണി ദര്‍ശനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: