ചെന്നൈ: തമിഴ്നാട്ടില്‍ ശക്തമാവുകയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി എന്നറിഞ്ഞതോടെ എസ് ഡിപിഐയ്‌ക്ക് അങ്കലാപ്പ്. അമിത് ഷായുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ബിജെപിയും എഐഎഡിഎംകെയും കൈകോര്‍ക്കുകയാണ് എന്ന് കണ്ടതോടെയാണ് എഐഎ ഡിഎംകെയുമായുള്ള സഖ്യം വിട്ട് സ്റ്റാലിന്റെ ഡിഎംകെയ്‌ക്കൊപ്പം പോകുമെന്ന സൂചന എസ് ഡിപിഐ നല്‍കിയത്.
കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ ധീരമായ നിലപാട് എടുത്തതിനാലാണ് അദ്ദേഹത്തെ അഭിനന്ദിക്കുന്നതെന്നാണ് എസ് ഡിപിഐയുടെ തമിഴ്നാട് നേതാക്കള്‍ പറയുന്നത് എങ്കിലും ബിജെപി-എഐഎഡിഎംകെ മുന്നണി രൂപപ്പെട്ടതോടെയാണ് പൊടുന്നനെ എസ് ഡിപിഐ ഡിഎംകെയോട് അടുക്കുന്നതെന്ന് വ്യക്തം. എസ് ഡിപിഐയുടെ സീനിയര്‍ നേതാവായ നെല്ലായി മുബാറകിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡിഎംകെ ആസ്ഥാനത്തെത്തി സ്റ്റാലിനെ കണ്ട് അവരുടെ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്റ്റാലിനെ അഭിനന്ദിക്കാന്‍ മാത്രമാണ് തങ്ങള്‍ പോയതെന്നും ഇതിനര്‍ത്ഥം സ്റ്റാലിനുമായി സഖ്യമുണ്ടാക്കിയെന്നല്ലെന്ന് നെല്ലായി മുബാറക് പറയുമ്പോഴും കാര്യങ്ങള്‍ വ്യക്തമാണ്. പോപ്പുലര്‍ ഫ്രണ്ട് പോലെ എസ് ഡിപിഐയെയും സംശയാസ്പദമായ ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കേ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഡിഎംകെ മുന്നണിയിലേക്ക് സ്വീകരിക്കുമോ എന്ന് കണ്ടറിയണം. പക്ഷെ ഏത് വിധേനെയും ജയമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്റ്റാലിന്‍ എസ് ഡിപിഐയെ ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കാമെന്നും ഒരു വിഭാഗം പറയുന്നു.
അണ്ണാമലൈയെ മാറ്റി പകരം നൈനാര്‍ നാഗേന്ദ്രനെ തമിഴ്നാട്ടില്‍ ബിജെപിയുടെ അധ്യക്ഷത പദവിയിലേക്ക് അവരോധിച്ചിരിക്കുകയാണ് അമിത് ഷാ. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.കെ. സ്റ്റാലിനെ തൂത്തെറിയുക എന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.
ആരാണ് അണ്ണാമലൈയ്‌ക്ക് പകരം തമിഴ്നാട്ടില്‍ ബിജെപിയുടെ തലപ്പത്തേക്ക് എത്തുന്ന നൈനാര്‍ നാഗേന്ദ്രന്‍?. ബിസിനസും രാഷ്‌ട്രീയവും ഒരു പോലെ പയറ്റുന്ന പ്രായോഗിക രാഷ്‌ട്രീയക്കാരനാണ് നൈനാര്‍ നാഗേന്ദ്രന്‍. മുന്‍പ് എഐഎഡിഎംകെ നേതാവും എഐഎഡിഎംകെ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന അദ്ദേഹം ജയലളിതയുടെ മരണശേഷമാണ് എഐഎഡിഎംകെ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ തമിഴ്നാട്ടിലെ ബിജെപി നിയമസഭാ കക്ഷി നേതാവാണ് എംഎല്‍എ കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍. ഇദ്ദേഹത്തിന്റെ വരവ് എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ സുഗമമായ മുന്നോട്ട്പോക്കിന് സഹായകരമാകുമെന്ന് അമിത് ഷാ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: