‘ഇല്ലാ, ഇല്ലാ മരിച്ചിട്ടില്ലാ, ജീവിക്കുന്നൂ ഞങ്ങളിലൂടെ,’ എന്ന മുദ്രാവാക്യത്തിന് ആവേശമുണ്ടാക്കാന്‍ അസാമാന്യമായ കഴിവാണ്. കാരണം; ഒട്ടും യുക്തിയില്ലാത്തതാണ് അതെങ്കിലും അതിന്റെ സങ്കല്‍പ്പഭാവത്തിന്റെ വൈകാരിക ശേഷി വലുതാണ്. ആള്‍ക്കൂട്ടത്തില്‍ ആവേശം കയറ്റാന്‍ ആര്‍ക്കും ഉപോഗിക്കാവുന്ന പൊതു മുദ്രാവാക്യവുമാണ്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം സാംസ്‌കാരികനായകരുടേതായി പുറത്തുവന്ന ‘പ്രസ്താവന.’ ആ പ്രസ്താവന-പ്രതികരണ വിഭാഗക്കാരെല്ലാം അന്യംനിന്നുവെന്ന് ആശങ്കപ്പെട്ടിരുന്നവര്‍ക്കെല്ലാം ആവേശം ജനിപ്പിച്ചുകൊണ്ടാണ്, ‘കലാവേട്ട’ എന്ന പുതിയ പ്രയോഗവുമായി അവര്‍ മുദ്രാവാക്യം മുഴക്കിയത്. ‘കലാവേട്ട’ എന്ന അസംബന്ധമായ വാക്ക് സൃഷ്ടിച്ച (ഒപ്പിട്ട നായകരില്‍ മലയാളം മര്യാദയ്‌ക്ക് ഉപയോഗിക്കാനറിയുന്ന അദ്ധ്യാപകന്‍ പ്രൊഫ.എം.കെ. സാനുവും ഉണ്ടെന്ന് കാണുന്നത് അത്ഭുതകരമാണ്). കലാകേളിയ്‌ക്ക് അര്‍ത്ഥമുണ്ട്: കാമദേവന്‍. കലാങ്കുരന്‍ എന്നാല്‍ കംസന്‍. കലാചണന്‍ എന്നാല്‍ കലയില്‍ വൈദഗ്ധ്യമുള്ളവന്‍. കലാസൃഷ്ടിയും കലാശാലയും കലാശില്‍പ്പവും ഒക്കെ അര്‍ത്ഥപൂര്‍ണ്ണമാണ്. കലാവേട്ട എന്ന അത്യന്താധുനിക നവോത്ഥാന ഭാഷാ പ്രയോഗം വഴി കലാകാരനെ വേട്ടയാടുന്നുവെന്ന അര്‍ത്ഥമാണ് ‘കവി’ ഉദ്ദേശിക്കുന്നതെങ്കില്‍ ചിട്ടിത്തട്ടിപ്പുകാരെയും സൊസൈറ്റിത്തട്ടിപ്പുകാരെയും കുറ്റാന്വേഷണ വിഭാഗം പിടികൂടുമ്പോള്‍ എന്തായിരിക്കണം പ്രതിഷേധ പ്രകടനത്തിന്റെ പേര്?
എന്തായാലും ‘ഇല്ലാ ഇല്ലാ മരിച്ചിട്ടില്ലാ; ജീവിക്കുന്നു ഞങ്ങളിന്നും’ എന്ന് അവര്‍ അടയാളം കാണിച്ചു. ചെറുതല്ല ആ സാംസ്‌കാരിക സംഭവം.
ആ പുനരുത്ഥാനത്തിന്റെ കാലവും സമയവും വിഷയവും കൂടി നിരീക്ഷിച്ചറിഞ്ഞാലേ പ്രസ്താവനയുടെ കാലികപ്രസക്തിയും ഇരപിടിക്കാന്‍ കാത്തിരിക്കുന്ന കുറുനരിയുടെ കൗശലം പോലുള്ള അവസരവിനിയോഗവും തിരിച്ചറിയാനാവൂ. അവിടെയാണ് ഈ പ്രതികരണ-പ്രസ്താവന സാംസ്‌കാരിക നായകരുടെ പ്രതിഭ വെളിപ്പെടുത്തുന്നത്. അത് കേവലം രാഷ്‌ട്രീയമായ അവസരം എന്ന് തരംകുറച്ച് കാണരുത്; വിശാലമായി ചിന്തിക്കണം. വരാന്‍ പോകുന്ന സാംസ്‌കാരിക വിപ്ലവത്തിന്റെ ഉജ്ജ്വലമായ സമാരംഭമായി കാണണം.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ, അത് ഏത് വിഭാഗമെന്നില്ല, ഇടതുപക്ഷം പുരോഗമനം, നവോത്ഥാനം, മതേതരത്വം തുടങ്ങിയ ഏത് മേളയുടേയും പൊതുപ്രസംഗവേദിയിലും ചേരാന്‍ തയ്യാറുള്ളവരുടെ, വൈതാളിക വൃന്ദത്തിന്റെ നിലവിളിയൊച്ചയാണ് അത്തരം പ്രസ്താവനകള്‍. ഇത്തവണ അവര്‍ക്ക് അതിന് ‘കാരണഭൂത’മായത് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളും, സിനിമകളും ചിട്ടിക്കമ്പനികളും സാമ്പത്തികകുറ്റങ്ങളും ആണെന്നു മാത്രം. ഇതുവരെ കൈക്കൊണ്ടിരുന്ന നിലപാടുകളോ ‘താത്വിക’ അടിത്തറകളോ ഒന്നും അവരുടെ പരിഗണനയില്‍ വന്നിട്ടില്ല. സാമ്പത്തിക ശാസ്ത്രത്തില്‍ അവര്‍ ‘മൂലധന’ത്തിന്റെ മൂലപോലും മറന്നു. കലയുടെ കാര്യത്തില്‍ അത് സമൂഹത്തിന് വേണ്ടിയായിരിക്കണ്ടേ, എന്ന് ആലോചിക്കുകയേ വേണ്ടെന്ന കാഴ്ചപ്പാടുകാരായി. ‘ഒരേയൊരു ലക്ഷ്യവും ഒറ്റയൊരു അജണ്ട’യുമാണവര്‍ക്ക്, അതിനാല്‍ നായകന്മാര്‍ ശ്രദ്ധിച്ചത് ഒരേയൊരു കാര്യം മാത്രം. സംഗതി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ ആണല്ലോ, അതുമതി. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ‘കലാവേട്ട’ക്കെതിരെയാണ് പ്രതികരണം. നടക്കട്ടെ, നല്ലതാണ്.
കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ക്ക് പ്രത്യേകിച്ച് പ്രതികരണ-പ്രസ്താവനത്തൊഴിലാളികളായ കലാകാരന്മാര്‍ക്ക് അന്ത്യമുണ്ടായിട്ടില്ല, ‘ധ്വജഭംഗം’ മാത്രമേ സംഭവിച്ചുള്ളൂ എന്ന് തെളിയിക്കുകയാണല്ലോ പുതിയ പ്രതികരണം.
രണ്ടാം വട്ടവും തുടര്‍ച്ചയായി കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് ഭരണം കേരളത്തില്‍ സംഭവിച്ചതോടെ, കലാ സാംസ്‌കാരിക നായകന്മാര്‍ക്ക് നാടുവിടുകയോ ദേഹം വിടുകയോ ചെയ്യേണ്ടിവന്നുവെന്നായിരുന്നു പൊതു (തെറ്റി)ധാരണ. റഷ്യയിലും ചൈനയിലും ചുവപ്പു കമ്യൂണിസ്റ്റ് ഭരണഭീകര കാലത്ത് കലാകാരന്മാര്‍ക്ക് സംഭവിച്ചത് അതായിരുന്നല്ലോ. സാഹിത്യകാരന്മാരെ നാടുകടത്തി അല്ലെങ്കില്‍ അവര്‍ സ്വയം നാട്ടുവിട്ടു. അതത് കാലത്ത് കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ അവരെ കൊന്നു കളഞ്ഞു, അല്ലെങ്കില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തു. അവിടെ പ്രതികരണങ്ങള്‍ക്ക് അപകടമരണം സംഭവിച്ചു എന്നാണല്ലോ ചരിത്രം. കേരളത്തില്‍ പൊതുവേ കമ്യൂണിസ്റ്റ് ഭരണകാലത്ത് പ്രതികരണ സാംസ്‌കാരിക നായകര്‍ ‘യുജി’ (അണ്ടര്‍ ഗ്രൗണ്ട്-ഒളിവില്‍) ആയിപ്പോവുക പതിവാണ്. അല്ലെങ്കില്‍ ‘(ഇടത്)പക്ഷപാത രാഷ്‌ട്രീയ ചിന്തകന്‍’ ആയിരുന്ന പ്രൊഫ.എം.എന്‍. വിജയനെപ്പോലെ പിഞ്ചുകുട്ടികളുടെ കണ്മുന്നില്‍ അദ്ധ്യാപകനെ ക്ലാസ്മുറിയില്‍ ഭീകരമായി കൊലപ്പെടുത്തിയ സംഭവത്തെയും താത്വികമായി ന്യായീകരിക്കുന്നവരായിരിക്കണം. പിണറായി വിജയന്റെ തുടര്‍ഭരണത്തോടെ അക്കൂട്ടര്‍ അന്യംനിന്നുവെന്ന് ആശങ്കപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസമായേക്കാം പുതിയ പ്രസ്താവന. അതിന്റെ കാലം, സാഹചര്യം, പ്രസക്തി തിരിച്ചറിയേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റിന്റെ) മധുര പാര്‍ട്ടി കോണ്‍ഗ്രസിലെ സംഭവങ്ങളുമായി ചേര്‍ത്തുവച്ചാണ്. നൂറുവര്‍ഷം തികയുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (അതിന്റെ ആയിരത്തൊന്നു വട്ടം പിളര്‍പ്പ്, തളര്‍ച്ച, തകര്‍ച്ച തുടങ്ങിയവയൊക്കെ മറന്നേക്കൂ) നൂറാം വര്‍ഷത്തില്‍ ദക്ഷിണേന്ത്യയിലെ ഒരു കൊച്ചിടത്ത്, തമിഴ്‌നാട്ടിലെ മധുരയില്‍, ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റം അഖിലേന്ത്യാ തലത്തില്‍ സ്വപ്നം കണ്ടുകഴിയുന്ന ഒരു പ്രാദേശിക പാര്‍ട്ടിയുടെ സൗജന്യത്തണലില്‍ അഖിലേന്ത്യാ സമ്മേളനം ചേരുന്നതും അവര്‍ ആ അന്ത്യകൂദാശാ കര്‍മ്മത്തില്‍ പോലും ഒറ്റസ്വരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കഴിയാത്തവരാണെന്ന് സ്വയം തെളിയിച്ചതും അല്ല പറയാന്‍ ശ്രമിക്കുന്നത്. അവിടെ സംഭവിച്ചത് സിപിഐ എം)തികച്ചും മറ്റൊരു പ്രാദേശിക കക്ഷിയായിത്തീര്‍ന്നതും അത് ആത്മവിനാശത്തിന്റെ തൊട്ടുമുമ്പ് അരയന്നങ്ങള്‍ ‘ഹംസഗാനം’പാടാറുണ്ടെന്ന് സാഹിത്യ സങ്കല്‍പ്പമുണ്ടല്ലോ, അങ്ങനെയൊന്ന് അവിടെ ആലപിക്കപ്പെട്ടതുമല്ല പറയുന്നത്. സിപിഎമ്മിന്റെ അവശേഷിക്കുന്ന ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയനും പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും ചേര്‍ന്ന് അഖിലേന്ത്യാ പാര്‍ട്ടിയെ തെക്കോട്ട് എടുക്കാന്‍ തുടക്കമിട്ടതിന്റെയും കാര്യവുമല്ലേയല്ല. എം.എ. ബേബി എന്ന കലാസാഹിത്യ സാംസ്‌കാരിക ലോകത്തിന്റെ മൊത്തക്കച്ചവടക്കാരനെപ്പോലൊരാളുടെ നേതൃത്വത്തില്‍ പുനര്‍ജനിച്ച ‘കമ്യൂണിസ’ത്തിന്റെ സന്ദേശം അറിഞ്ഞ് അതില്‍ ‘സ്വരലയ’മായി മാറാന്‍ കേരളത്തിലെ പ്രതികരണ- സാംസ്‌കാരിക നായകവര്‍ഗ്ഗം ഉത്തേജിതരായതിനെക്കുറിച്ചാണ്. ദല്‍ഹി കേന്ദ്രീകരിച്ച് ഒരുകാലത്ത് സ്വരലയയും എം.എ. ബേബിയും നടത്തിയ ‘സാംസ്‌കാരിക പ്രവര്‍ത്തന’ങ്ങള്‍ അതിന് ‘കിം കരന്മാ’രായി, പച്ചിലയും കത്രികയും പോലെനിന്ന കവി സച്ചിദാനന്ദനെപ്പോലുള്ളവരുടെ തിണ്ണമിടുക്ക് ഒക്കെച്ചേരുമ്പോള്‍ ഇനി അതിവേഗം അത് സാധ്യമാകാന്‍ പോവുകയാണ് എന്നായിരിക്കണം ഇക്കൂട്ടരുടെ സങ്കല്‍പ്പം!
ബിജെപി സര്‍ക്കാരിനെ കേന്ദ്രഭരണത്തില്‍നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും തീരുമാനമെന്നും അതിനാണ് പ്രവര്‍ത്തനമെന്നും പറയുന്നതില്‍ പുതിയ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കും പഴയകാല അതിതീവ്ര ‘വിപ്ലവി’യായ കവി കെ. സച്ചിദാനന്ദനും ‘ഒരേ വികാരവും ഒരൊറ്റ തീരുമാന’വുമാണല്ലോ. രണ്ടുപേര്‍ക്കും ഇഡി, സിബിഐ, എസ്എഫ്ഐഒ, എന്‍ഐഎ തുടങ്ങി കുറ്റാന്വേഷണ കേന്ദ്ര ഏജന്‍സികളെ കരുതിയിരിക്കേണ്ടതുണ്ട്. രണ്ടുപേര്‍ക്കും ഓര്‍മക്കുറവും മറവിരോഗവുമുണ്ടാക്കുന്ന പ്രശ്‌നങ്ങളുമുണ്ട്.
ഇടതുപക്ഷ ഭരണത്തില്‍ ഘടകക്ഷികളില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് സിപിഎം പിടിച്ചെടുത്ത് ഭരിച്ചപ്പോള്‍, ആദ്യം നിയുക്തനായത് എം.എ. ബേബിയായിരുന്നു. ‘രണ്ടാം മുണ്ടശ്ശേരി’ എന്നായിരുന്നു അന്ന് ‘അദ്ദേഹം അദ്ദേഹത്തെ സ്വയം വിളിച്ചിരുന്ന’തും മറ്റുള്ളവരെക്കൊണ്ട് ‘വിളിപ്പിച്ചിരുന്ന’തും. ഘടകകക്ഷികളുടെ കൈയിലായിരിക്കെ, ‘ചില്ലറക്കള്ളക്കച്ചവട’ങ്ങളില്‍ ഒതുങ്ങിക്കൂടി ഒപ്പിച്ചുപോയിരുന്ന വകുപ്പില്‍, കേന്ദ്രസര്‍ക്കാരിന്റെ വകയായി വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബഹുകോടികളുടെ ഫണ്ട് വരവും അധ്യാപകരിലൂടെ വരും തലമുറയെ രാഷ്‌ട്രീയവത്കരിക്കാനുള്ള വിദ്യാഭ്യാസ മേഖലയിലെ സാധ്യതയുമായിരുന്നു ആ ‘പിടിച്ചടക്കലി’ന്റെ പ്രചോദനം. അതായത്, ഇന്നിപ്പോള്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് പാര്‍ട്ടിയുടെ പിടിയില്‍ മാത്രമല്ല, കുടുംബത്തിന്റെ കക്ഷത്തില്‍ത്തന്നെയാക്കിവച്ചിരിക്കുന്നതിലെപ്പോലെയൊരു ലക്ഷ്യം. പക്ഷേ, കുണ്ടറക്കാരനെങ്കിലും ‘രണ്ടാം മുണ്ടശ്ശേരി’ നടത്തിയ ‘വിളംബര’ങ്ങളെല്ലാം മഹാനായ വേലുത്തമ്പി ദളവയുടെ ഓര്‍മ്മകള്‍ പോലും മോശമാക്കാനേ ഇടയാക്കിയുള്ളൂ. ഇനിയിപ്പോള്‍ ”രണ്ടാം ഇഎംഎസ് ” എന്ന മേലങ്കിയാകാം പുതിയ ജനറല്‍ സെക്രട്ടറി അണിയുക.
കണ്ടറിയണം. പക്ഷേ ഒരു സംശയം ശേഷിക്കുന്നുണ്ട്. അതും ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ്. സ്വരലയ കലാവേട്ടയെന്നൊക്കെ വേണമെങ്കില്‍ വ്യഖ്യാനിച്ചെടുക്കാം. എം.എ. ബേബിക്കെതിരേ വാര്‍ത്തയും വിശകലനവുമെഴുതിയതിന് ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരും പിന്നീട് സിപിഎം ഭരണകൂടവും തുടര്‍ച്ചയായി പതിറ്റാണ്ടായി പീഡിപ്പിക്കുന്ന ഒരാളുടെ കാര്യമാണ്. ക്രൈം വാരികയുടെ നയമോ നിലപാടോ, അതിന്റെ നടത്തിപ്പുകാരന്‍ നന്ദകുമാറിന്റെ സകല ചെയ്തികളുമോ ശരിവെക്കുകയൊന്നുമല്ല, മറിച്ച് ഒരു സംശയമാണ്. നന്ദകുമാറിനെ അന്ന് സിപിഎമ്മും സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടവും ഇല്ലായ്മ ചെയ്യാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളോടൊന്നും ഈ കലാവേട്ടയോട് പ്രതിഷേധിക്കാന്‍ ഇറങ്ങിയവര്‍ തയാറാകാഞ്ഞതെന്തായിരിക്കാം.
പിന്‍കുറിപ്പ്:
കലാവേട്ട പ്രസ്താവനയ്‌ക്ക് രാശിയുണ്ട്. ആ കൂട്ട പ്രസ്താവനയോടെയാണ് മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകളുടെ പണമിടപാടുകേസില്‍ ഔദ്യോഗിക വസതിയിലും പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി കാല്‍കുത്താന്‍ പോകുന്നത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നു. പഴയ സ്വരലയ ഇടപാടുകളിലേക്കും കൂട്ടാളികളിലേക്കും പിന്നെ കിളിരൂര്‍ സ്ത്രീ പീഡനക്കേസിലേക്കും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ തിരിയാനും സിപിഎം ദല്‍ഹി ആസ്ഥാനമായ എകെജി ഭവനിലേക്ക് കേന്ദ്ര ഏജന്‍സികള്‍ക്ക് കാല്‍കുത്താനുമുള്ള വഴി പഴയ ഹര്‍ജിക്കാര്‍ വിചാരിച്ചാല്‍ തുറക്കാവുന്നതേയുള്ളു. കലാവേട്ടയുടെ സാധ്യതകള്‍ വിശാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: