പഴയൊരു മലയാള സിനിമയുണ്ട്-തോക്കുകള്‍ കഥ പറയുന്നു. നവജീവന്‍ ഫിലിംസിന്റെ ബാനറില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് 1968 ല്‍ ഇറങ്ങിയ ക്രൈംത്രില്ലര്‍ നസീര്‍, സത്യന്‍, ഉമ്മര്‍, ജയഭാരതി, ഷീല തുടങ്ങിയവര്‍ അഭിനയിച്ച അടിപൊളി സിനിമ. അമേരിക്കക്കാരുടെ തോക്ക് ഭയത്തിന്റെ കഥകള്‍ കാണുമ്പോഴാണ് ‘തോക്കുകള്‍ കഥ പറയുന്നു’ എന്ന സിനിമ ഓര്‍മ്മയില്‍ വരുന്നത്. പള്ളിയിലും പള്ളിക്കൂടത്തിലും പെരുവഴിയിലുമൊക്കെ ഓടി നടന്ന് തീ ചീറ്റുന്ന സംഭവങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. തീയും പുകയും മരണവും വാരിവിതറിയിട്ട് അപ്രത്യക്ഷമാകുന്ന തോക്കുകളാണ് ഇവിടെ വില്ലന്‍. അവയില്‍ മിക്കതിനും തെളിവുകളില്ല. പിതൃത്വ രേഖകളില്ല.
ഈ തോക്കുകളൊക്കെ അനൗദ്യോഗികമായി പിറവിയെടുക്കുന്നവയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ ദാനമായ ത്രി-ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സന്തതികളാണവ. സാങ്കേതിക മികവും യന്ത്രസഹായവുമുള്ള ആര്‍ക്കും ഇവയെ വാര്‍ത്തെടുക്കാം. അതുകൊണ്ടാവാം അമേരിക്കക്കാരന്‍ ഈ തോക്കുകള്‍ക്കൊരു പേരു നല്‍കിയത്- ‘ഗോസ്റ്റ് ഗണ്‍’ അഥവാ ‘പ്രേതത്തോക്ക്.’
ത്രി-ഡി പ്രിന്ററുകള്‍ വാര്‍ത്തെടുത്ത പ്ലാസ്റ്റിക് അഥവാ ലോഹഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇത്തരം തോക്കുകള്‍ക്ക് ജന്മം നല്‍കുക. ത്രി-ഡി-പ്രിന്റഡ് തോക്കുപയോഗിച്ചുള്ള ആദ്യ ക്രിമിനല്‍ കുറ്റകൃത്യം 2013 ലാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കേസില്‍ പെട്ടത് ഒരു ബ്രിട്ടീഷുകാരന്‍. തുടര്‍ന്ന് ഓരോ വര്‍ഷവും ഇത്തരം തോക്കുകള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ അമേരിക്കയില്‍ വര്‍ധിച്ചുവന്നു. ഇത്തരം തോക്കുകളുടെ നിയമ സാധുത സംബന്ധിച്ച പ്രശ്‌നങ്ങള്‍ അമേരിക്കയിലെ സുപ്രീംകോടതി പരിശോധിച്ചു വരികയാണ്. ‘യു.എസ്. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ ആന്റ് എക്‌സ്‌പ്ലോസിസ്’ എന്ന സ്ഥാപനവും ഇത്തരം തോക്കുകളുടെ പിന്നാലെയാണ്.
അമേരിക്കയില്‍ പിടിച്ചെടുത്ത ഇത്തരം ത്രി-ഡി-അച്ചടി തോക്കുകളുടെ പ്രതിവര്‍ഷം സംഖ്യ ഇങ്ങനെയാണ്- 2017 (1629), 2018 (2648), 2019 (5926), 2020 (8504), 2021 (19273). കള്ളത്തോക്കുകള്‍ പെരുകുന്നതിന്റെ വേഗത അറിയണമെങ്കില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ അധികാരികള്‍ പിടിച്ചെടുത്ത തോക്കുകളുടെ എണ്ണം നോക്കിയാല്‍ മാത്രം മതിയെന്നും പറയാം. 2019 ല്‍ ഇത്തരം 100 തോക്കുകള്‍ പിടിച്ചെടുത്തപ്പോള്‍ 2022 ല്‍ 637 തോക്കുകളാണ് അധികാരികള്‍ കണ്ടെടുത്തത്. ത്രി-ഡി. പ്രിന്റഡ് തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട് ആഗോള വ്യാപകമായി 2023 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 36 ശതമാനവും അമേരിക്കയിലാണ്. രണ്ടാം സ്ഥാനം 34 ശതമാനം അറസ്റ്റ് നടന്ന കാനഡയും, മൂന്നാം സ്ഥാനം 10 ശതമാനം അറസ്റ്റ് നടന്ന യു.കെയും നേടിയെടുത്തു. വിഘടനവാദികളും ഭീകരരും ജിഹാദികളുമൊക്കെയാണ്. ഇത്തരം തോക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. കാരണം എളുപ്പത്തില്‍ കൈക്കലാക്കാനുള്ള സാധ്യത ഡിജിറ്റലായി രൂപപ്പെടുത്തിയെടുക്കുന്ന ഡിസൈനുകളില്‍ നിന്ന് വസ്തുക്കളെ നിര്‍മിച്ചെടുക്കുന്ന പ്രക്രിയയാണ് ത്രി-ഡി-പ്രിന്റിങ്. ത്രി-ഡി. പ്രിന്റര്‍ ഉപയോഗിച്ച് ആവശ്യമുള്ള ത്രിമാന വസ്തുക്കളെ നിര്‍മിച്ചെടുക്കുന്ന പ്രക്രിയയാണിത്. ഒരു കമ്പ്യൂട്ടര്‍-സഹായ ഡിസൈന്‍ (കാഡ്). ഫയല്‍ സൃഷ്ടിച്ച് അതിനെ -ത്രി-ഡി പ്രിന്ററിന്റെ സഹായത്തോടെ പല അടുക്കുകളായി വസ്തുക്കളെ സൃഷ്ടിച്ചെടുക്കുന്ന ഈ സാങ്കേതിക വിദ്യയില്‍ പ്ലാസ്റ്റിക്, ലോഹങ്ങള്‍, സിറാമിക്‌സ്, ബയോ മെറ്റീരിയല്‍സ് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുക. ആരോഗ്യ മേഖല, വാഹനവ്യവസായം, കൃഷി എന്നീ മേഖലകളില്‍ വ്യാപകമായി ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വരുന്നു.
പക്ഷേ തലതിരിഞ്ഞ ചിന്തയുള്ളവര്‍ എവിടെയുമുണ്ടല്ലോ. അവര്‍ ജനസൗഹൃദ സാങ്കേതിക വിദ്യകളെ ജനദ്രോഹത്തിനുള്ള സാങ്കേതിക വിദ്യകളായി പരിവര്‍ത്തനം ചെയ്യുന്നു. അങ്ങനെയാണ് ‘പ്രേത’ തോക്കുകള്‍ ജനിക്കുന്നത്. കുടില്‍ വ്യവസായമായി വീടുകളില്‍ നിര്‍മ്മിക്കുന്ന ഇവയ്‌ക്ക് സീരിയല്‍ നമ്പറുകളില്ല; രജിസ്‌ട്രേഷന്‍ നമ്പറില്ല; തിരിച്ചറിയാനുള്ള അടയാളങ്ങളുമില്ല. അതാണ് അത്തരം ആയുധങ്ങള്‍ കൊടുംകുറ്റവാളികള്‍ക്ക് പ്രിയതരമാവാന്‍ കാരണം. ഇത്തരം ആയുധങ്ങളുടെ ഉപയോഗം കോടതിയില്‍ തെളിയിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ചില്ലറ ബുദ്ധിമുട്ടല്ല അതിജീവിക്കുന്നത്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും ഇത്തരം ത്രി-ഡി-നിര്‍മ്മിത തോക്കുകള്‍ക്കെതിരെ കര്‍ക്കശ നിയമങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ഇത്തരം മാരകായുധങ്ങളുടെ നിര്‍മാണവും കൈവശം വയ്‌ക്കലുമൊക്കെ ജപ്പാന്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. കാനഡ 2023 ല്‍ പ്രേത-തോക്കുകള്‍ നിരോധിച്ചു. ആസ്‌ട്രേലിയ ആവട്ടെ, ത്രി-ഡി-തോക്കുകളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിച്ച് നിയമം കൊണ്ടുവന്നു. അവിടെ ചില പ്രവിശ്യകളില്‍ ഇത്തരം തോക്ക് ഉണ്ടാക്കുന്നതിനാവശ്യമായ ബ്ലൂപ്രിന്റ് കൈവശം വയ്‌ക്കുന്നതുപോലും നിയമവിരുദ്ധമത്രേ. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഇത്തരം ബ്ലൂപ്രിന്റ് കയ്യില്‍ സൂക്ഷിക്കുന്നവര്‍ക്ക് 14വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം. ടാസ്മാനിയ സംസ്ഥാനത്താണെങ്കില്‍, ശിക്ഷ 21 വര്‍ഷം വരെ നീളാം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഇത്തരം മാരകായുധ നിര്‍മാണവും സൂക്ഷിക്കലും പൊതുവെ നിയമ വിരുദ്ധമായാണ് പരിഗണിക്കുന്നത്. ത്രി-ഡി- തോക്കുകളുടെ ഉല്‍പ്പാദനത്തിനും ഉപയോഗത്തിനുമൊക്കെ ബ്രിട്ടീഷ് സര്‍ക്കാരും നിരോധനമേര്‍പ്പെടുത്തിക്കഴിഞ്ഞു. അമേരിക്കന്‍ ഫെഡറല്‍ നിയമപ്രകാരം പ്രേത-തോക്ക് കിറ്റ് ഉണ്ടാക്കുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുന്നതും നിര്‍ബന്ധം; എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സീരിയല്‍ നമ്പറുകള്‍ നല്‍കുകയും വേണം.
കാലിഫോര്‍ണിയക്കാരനായ ‘ചക് ഹള്‍’ എന്ന വ്യക്തിയാണ് ത്രി.ഡി. പ്രിന്റിങ് എന്ന ത്രിമാന അച്ചടി രൂപം കണ്ടെത്തി ലോകത്തിന് സമര്‍പ്പിച്ചത്. 1986 ലാണ് അദ്ദേഹത്തിന് പേറ്റന്റ് ലഭിക്കുന്നത്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ കമ്പനിയായ ത്രി-ഡി-സിസ്റ്റംസ് കോര്‍പറേഷന്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ത്രിമാന അച്ചടിയന്ത്രം പുറത്തിറക്കി. ഇപ്പോള്‍ ജീവിതത്തിന്റെ സമസ്ത മേലഖലകളിലും ത്രി-ഡി അച്ചടി ആധിപത്യം പുലര്‍ത്തുന്നു.
ബഹിരാകാശത്തില്‍ ഒരു സൗരനിലയം
പ്രശസ്ത ശാസ്ത്ര കഥാകാരനായ ഐസക് അസിമോവ് 1941 ല്‍ ഒരു സാങ്കല്‍പിക ശാസ്ത്രകഥ രചിച്ചു. അതില്‍ അദ്ദേഹം സൂര്യരശ്മി ശേഖരിച്ച് ഊര്‍ജം നിര്‍മിക്കുന്ന ഒരു സൗരനിലയത്തെ വിഭാവന ചെയ്തു. മൈക്രോ വേവ് കിരണങ്ങളാവും ഊര്‍ജത്തെ പ്രസരിപ്പിക്കുക എന്നദ്ദേഹം എഴുതിവച്ചു.
എന്നാല്‍ ഇപ്പോള്‍ ചൈന ആ വഴിക്ക് പ്രവര്‍ത്തിക്കാനൊരുങ്ങുന്നതായി ‘സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്’ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിക്കു മുകളില്‍ 36000 കിലോമീറ്റര്‍ അകലെ ഒരു വമ്പന്‍ സൗരോര്‍ജ നിലയം. ചൈനയിലെ മുതിര്‍ന്ന റോക്കറ്റ് ശാസ്ത്രജ്ഞന്‍ ലോങ് ലിഹാവോയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പക്ഷേ ഇത്തരമൊരു പദ്ധതിക്ക് നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടാവുമെന്ന് നാസ നേരത്തെ കണ്ടെത്തിയതാണ്. പക്ഷേ ചൈനക്കാരന്‍ ഇറങ്ങിത്തിരിച്ചാല്‍ അത് നടപ്പില്‍ വരുത്തും.
പക്ഷേ മൂന്നാം നാള്‍ അത് തലകീഴായി ഭൂമിയില്‍ പതിക്കാതിരുന്നാല്‍ മതി. കാരണം നിര്‍മ്മിക്കുന്നത് ചൈനയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: