എന്റെ പ്രചാരക ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍, അതായതു ഗുരുവായൂരില്‍ നിന്ന് കണ്ണൂരിലേക്ക് നിയുക്തനായ കാലത്തുണ്ടായിരുന്ന ചില അനുഭവങ്ങള്‍. രാഷ്‌ട്രീയമായി കേരളം ഒന്നായിക്കഴിഞ്ഞു. പരശുരാമന്റെ മഴു ചെന്നു വീണ കന്യാകുമാരി പുതിയ കേരളത്തിലില്ല. അതുപോലെ അദ്ദേഹം തപസ്സു ചെയ്തിരുന്ന ഗോകര്‍ണവും കേരളത്തിനു പുറത്തുതന്നെ. പുതിയ കേരളത്തില്‍ കളിയിക്കാവിള മുതല്‍ മഞ്ചേശ്വരം വരെയാണുള്ളത്. എനിക്കു കാര്യക്ഷേത്രമായതു തലശ്ശേരി, കണ്ണൂര്‍ എന്ന് രണ്ടു നഗരങ്ങള്‍ മാത്രം. വി.പി. ജനാര്‍ദനനെന്ന ജില്ലാ പ്രചാരകനുമവിടെയുണ്ട്. 1956 ലെയും 57 ലെയും സംഘശിക്ഷാ വര്‍ഗുകളില്‍ പങ്കെടുത്തപ്പോള്‍ ആ കര്‍ക്കശക്കാരനെ ശരിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവിടെ അദ്ദേഹം ടാസ്‌ക് മാസ്റ്റര്‍ തന്നെയായിരുന്നു. എന്റെ ഗണവേഷ ഷര്‍ട്ടിന്റെ മുന്‍വശത്ത് രണ്ടു ബട്ടണുകളെയുള്ളൂവെന്നതിനാല്‍ ഗണവേഷ പരീക്ഷയ്‌ക്ക് അനുമതി നിഷേധിച്ചിരുന്നതോര്‍ത്തപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരേ കാര്യാലയത്തില്‍ താമസിക്കുന്നതിനാല്‍ ആശങ്കപ്പെട്ടിരുന്നു. ”വജ്രാദപി കഠോരാണി മൃദുനി കുസുമാദപി” എന്ന ചൊല്ല്, (വജ്രം പോലെ കഠോരവും പൂപോലെ മൃദുലവും) സംഘാധികാരിമാര്‍ പറയാറുള്ളതിന്റെ നേര്‍സാക്ഷ്യമായിരുന്നു ജനേട്ടന്‍. എന്നെ മിക്ക ശാഖകളിലും കൊണ്ടുപോയി സ്വയംസേവകരെയും പല കുടുംബങ്ങളെയും പരിചയപ്പെടുത്തി.
അങ്ങനെയിരിക്കെ പ്രാന്തകാര്യവാഹ് (തമിഴ്‌നാടും കേരളവും ചേര്‍ന്ന മദ്രാസ് പ്രാന്തം) മാനനീയ അണ്ണാജിയെന്നറിയപ്പെട്ട മധുരയിലെ എ. ദക്ഷിണാമാര്‍ത്തി കണ്ണൂര്‍ വരുന്നുവെന്ന വിവരം ലഭിച്ചു. അദ്ദേഹത്തിന് ശൃംഗേരി മഠത്തില്‍ പോയി ശ്രീശങ്കരാചാര്യരെ ദര്‍ശിക്കണമെന്നതായിരുന്നു ഉദ്ദേശ്യം. വിവരം കര്‍ണാടകത്തിലെ സംഘാധികാരിമാരെ അറിയിക്കുകയും, കാഞ്ഞങ്ങാട് മുതല്‍ ബാക്കിപരിപാടി അവര്‍ വ്യവസ്ഥ ചെയ്യുകയുമായിരുന്നു. അദ്ദേഹം പയ്യന്നൂരിലെത്തി. ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ച് അവിടത്തെ സംഘത്തിന്റെ ആളായ കെ.ജി.നമ്പ്യാരുടെ വസതിയില്‍ വിശ്രമിക്കാനേര്‍പ്പാടു ചെയ്തു. പിറ്റേന്ന് രാവിലെ മലബാര്‍ എക്‌സ്പ്രസ്സിന് കാഞ്ഞങ്ങാട്ടേയ്‌ക്കു പോകാമെന്നു നിശ്ചയിച്ചു. ജനേട്ടനു പുറമേ എനിക്കു അനുയാത്രക്കു ക്ഷണം കിട്ടി. അതുവരെ തൃക്കരിപ്പൂരിനപ്പുറം പോകാത്ത എനിക്കു അതു പുതിയൊരു ലോകം തുറക്കലായി.
വാസ്തവത്തില്‍ വളപട്ടണത്തിനു വടക്കെത്തുമ്പോള്‍ ഭൂപ്രകൃതിയിലെ മാറ്റമനുഭവപ്പെട്ടു. കേരളീയത കാണാനാകും. വണ്ടി ചെറുവത്തൂര്‍ സ്റ്റേഷനില്‍ 20 മിനിട്ടു നില്‍ക്കും. വെള്ളം നിറയ്‌ക്കാനും കോച്ചുകള്‍ ശുചിയാക്കാനും സ്ഥലം അവിടെയാണ്. അതുകഴിഞ്ഞാല്‍ നീലേശ്വരവും കാഞ്ഞങ്ങാടും. വേറെയൊരു നാട്ടിലെത്തിയ പ്രതീതിയായിരുന്നു എനിക്ക്. സ്റ്റേഷനില്‍ കാഞ്ഞങ്ങാട്ടെ സ്വയംസേവകര്‍ കാറുമായെത്തിയിട്ടുണ്ട്. പ്രചാരക് കൃഷ്ണപ്പാജിയുമുണ്ട്. ഹൊസ്ദുര്‍ഗ് എന്നാണ് ആ ടൗണിന്റെ പേര്. പുതിയകോട്ട എന്നു മലയാളം. അവിടെ സര്‍ക്കാറാഫീസുകളുണ്ട്.
ഹൊസദുര്‍ഗയിലെ ഉപാനാഥറാവുവിന്റെ വീട്ടിലാണ് താമസിക്കാന്‍ വ്യവസ്ഥ. റാവു സ്വര്‍ണ വ്യാപാരിയാണ്. ഞങ്ങള്‍ ഒരുമിച്ച് ദ്വിതീയ വര്‍ഷ ശിക്ഷണം കഴിഞ്ഞവരാണ്. അത് കൂടുതല്‍ സന്തോഷം തന്നു. ഭക്ഷണം കഴിഞ്ഞ് അണ്ണാജി വിശ്രമിക്കാന്‍ വിരമിച്ചു. ഞങ്ങള്‍ അങ്ങാടി കാണാന്‍ തുടങ്ങി. കണ്ണൂര്‍ കാര്യാലയത്തില്‍ താമസിച്ചിരുന്ന കുഞ്ഞികൃഷ്ണന്റെ വീട് കാഞ്ഞങ്ങാട് സ്‌റ്റേഷനു സമീപമാണ്. അദ്ദേഹം ഒന്നാന്തരം പാട്ടുകാരനായിരുന്നു. 1943 മുതല്‍ സ്വയംസേവകനാണ്. ഘോഷില്‍ വംശിവാദകനും അതിനു പുറമെ പുല്ലാങ്കുഴല്‍ വായനയിലും വിദഗ്ധനായിരുന്നു. പുതിയൊരു ഗണഗീതം കേട്ടാല്‍ പുല്ലാങ്കുഴലിലാണദ്ദേഹം അതിന്റെ ശ്രുതിയുറപ്പിച്ചിരുന്നത്. കന്നഡയും മലയാളവും ഒരേപോലെ വഴങ്ങും. കേസരി പോലെ കന്നഡയിലെ ‘വിക്രമ’ വാരികയില്‍ ദീനദയാല്‍ജി എഴുതിയ ശ്രീശങ്കരാചാര്യ എന്ന പുസ്തകം തുടര്‍ലേഖനമായി വന്നിരുന്നു. കുഞ്ഞികൃഷ്ണന്‍ അതു മലയാളത്തിലാക്കി കേസരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്വയംസേവകര്‍ എങ്ങനെ ശ്രീശങ്കരാചാര്യരെ ഉള്‍ക്കൊള്ളണമെന്നതിന്റെ വിവരണമാണത്.
കാഞ്ഞങ്ങാട്ടെ കാര്യവാഹ് നാമദേവ കമ്മത്ത്, അനുജന്‍ കമലാക്ഷന്‍, പ്രമുഖ വ്യാപാരി സബ്ബരായ നായക് തുടങ്ങി പില്‍ക്കാലത്ത് ഉറ്റ സഹപ്രവര്‍ത്തകരായിത്തീര്‍ന്ന പലരെയും അന്നു പരിചയപ്പെട്ടു. സുബ്ബരായ കമ്മത്തിന്റെ മകന്‍ പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റാണ്. അദ്ദേഹം കുറച്ചുകാലം തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലുണ്ടായിരുന്നു. അന്നദ്ദേഹത്തെ ഇടയ്‌ക്കിടെ കാണാനും പഴയ കാര്യങ്ങള്‍ ഓര്‍ക്കാനുമവസരം ലഭിച്ചു.
കാഞ്ഞങ്ങാട് രണ്ടു പ്രശസ്ത ആശ്രമങ്ങളുണ്ട്. ഒന്ന് നിത്യാനന്ദാശ്രമം. അത് സ്‌റ്റേഷനു സമീപം തന്നെ. നിത്യാനന്ദസ്വാമി എന്നറിയപ്പെട്ടിരുന്ന സിദ്ധപുരുഷന്‍ ധ്യാനത്തിനുവേണ്ടി നി
ര്‍മ്മിച്ചതാണത്രെ അത്. ഒരു പാറയെ തുരന്ന് ധ്യാനത്തിനുള്ള നിരവധി ഇടങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. കയറിയാല്‍ ചുറ്റിത്തിരഞ്ഞു മറുപുറത്തിറങ്ങാം. വാസ്തുകലാ വിസ്മയംതന്നെയാണാ ഗുഹകള്‍.
മറ്റൊന്ന് ആനന്ദാശ്രമമാണ്. അതും അഖിലഭാരത പ്രസിദ്ധമാണ്. നാനാഭാഗങ്ങളില്‍നിന്നും ഭക്തര്‍ അവിടത്തെ മഠാധിപതിയുടെ അനുഗ്രഹം തേടി എത്തുന്നു. അവിടെ ഗ്രന്ഥശാലപോലെ ധാരാളം അലമാരികളില്‍ ബയന്‍ഡ് ചെയ്ത പുസ്തകങ്ങള്‍ നിറച്ചുവെച്ചിരിക്കുന്നു. അന്തേവാസികള്‍ സദാ എഴുതുകയാണ്. രാമനാമമാണവര്‍ കുറിക്കുന്നത്. അവയാണ് ബയന്‍ഡ് ചെയ്തു സൂക്ഷിക്കുന്നതും. കേരളത്തിലെ ആദ്യ പ്രാ
ന്തപ്രചാരകന്‍ ഭാസ്‌കര്‍റാവു തന്റെ ചെറുപ്പത്തില്‍ മുംബൈയിലെ മുതിര്‍ന്നവരോടൊപ്പം ആനന്ദാശ്രമത്തില്‍ വരാറുണ്ടായിരുന്നത്രേ. മറാഠിയിലെ പ്രസിദ്ധമായ ഗീതാഭാഷ്യമായ ജ്ഞാനേശ്വരിയുടെ മലയാള പരിഭാഷ ആനന്ദാശ്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈകുന്നേരവും രാത്രിയുമായി രണ്ടുപശാഖകളില്‍ അണ്ണാജി പങ്കെടുത്തു. അവിടെ അദ്ദേഹം തമിഴിലാണ് സംസാരിച്ചത്. പഴയ മദിരാശി സംസ്ഥാനത്തിലായിരുന്നതിനാ
ല്‍ അന്നാട്ടുകാര്‍ക്ക് തമിഴ് അപരിചിതമായില്ല. അന്നു ഞങ്ങള്‍ ഹൊസ്ദുര്‍ഗില്‍ കഴിഞ്ഞുകൂടി. പിറ്റേന്ന് രാവിലെ അണ്ണാജിയും ജനേട്ടനും അവിടത്തെ പ്രചാരകന്‍ കൃഷ്ണപ്പാജിയും മറ്റുമൊരുമിച്ച് ശൃംഗേരിയിലേക്കും യാത്രയായി.
എനിക്കു വണ്ടി വരാന്‍ സമയമുണ്ടായിരുന്നതിനാല്‍ ‘പുതിയകോട്ട’ കാണാന്‍ പോയി. കോട്ട ശരിക്കും സൈനിക നിരീക്ഷണത്തിനു ഒന്നാന്തരമായിരുന്നു. അതില്‍ നിന്നാല്‍ ബേക്കല്‍ കോട്ടയും, മറുഭാഗത്തു കണ്ണൂര്‍ ഫോര്‍ട്ട് സെന്റ് ആഞ്ജലോയും കാണാം. ഏഴിമലയുടെ കാഴ്ചയും മനോഹരംതന്നെ. സ്റ്റേഷനില്‍ വണ്ടിയുടെ സമയത്തെത്തി, ഉച്ചയായപ്പോഴെക്കു കണ്ണൂര്‍ പിടിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ശൃംഗേരി മഠത്തില്‍നിന്നു ജനേട്ടന്‍ മടങ്ങി കണ്ണൂരെത്തി. ഉഡുപ്പിയിലും ശൃംഗേരിയിലും അന്നു നിലനിന്ന അനാചാരങ്ങളും അദ്ദേഹം വിവരിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ മൂന്ന് ശങ്കരാചാര്യന്മാര്‍, മേവാര്‍, മഹാറാണ, ശ്രീഗുരുജി എന്നിവര്‍ പങ്കെടുത്ത മഹാസമ്മേളനത്തില്‍ കര്‍ണാടകത്തില്‍നിന്നുള്ള പട്ടികവര്‍ഗക്കാരനായ ബഹുമാന്യ വ്യക്തി ഭരണയ്യ ആയിരുന്നു അധ്യക്ഷന്‍. ചരിത്രപ്രസിദ്ധമായ ‘ന ഹിന്ദു പതിതോ ഭവേത്’ എന്ന പ്രഖ്യാപനം സന്യാസി മഠാധിപര്‍ ഒന്നിച്ചു നടത്തി.
ആദ്യ കാഞ്ഞങ്ങാട് യാത്ര ഒാര്‍ത്തപ്പോള്‍ മനസിലുദിച്ച കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: