കണിത്താലത്തില്‍ കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ അനുവര്‍ത്തിക്കുന്ന രീതി ഇങ്ങനെ: കണിയൊരുക്കാന്‍ തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. തേച്ചു വൃത്തിയാക്കിയ ഓട്ടുരുളിയില്‍ വേണം കണിയൊരുക്കേണ്ടത്. ഉണക്കലരിയും നെല്ലും ചേര്‍ത്ത് ഉരുളി പകുതിയോളം നിറച്ച് അതില്‍ നാളികേരമുറി വയ്‌ക്കണം. ഈ നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളില്‍ ഉണ്ട്. സ്വര്‍ണവര്‍ണത്തിലുള്ള കണിവെള്ളരിയും ഇതിനൊപ്പം വെക്കണം.
ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് തുടര്‍ന്നു വെക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. പിന്നീടു വാല്‍ക്കണ്ണാടി വെക്കണം. ഭഗവതിയുടെ സ്ഥാനമാണു വാല്‍ക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തംമുഖവും കൂടി കണ്ടുണരാനാണ് വാല്‍ക്കണ്ണാടി വെക്കുന്നത്. തന്നെത്താന്‍ അറിഞ്ഞു ദൈവത്തെ അറിയുക എന്ന തത്ത്വവും ഇതിനു പിന്നിലുണ്ട്.
കണിയുരുളിയോടു ചേര്‍ത്താണ് കൃഷ്ണവിഗ്രഹം വെക്കേണ്ടത്. എന്നാല്‍ ദീപപ്രഭമൂലമുള്ള നിഴല്‍ വിഗ്രഹത്തില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കണം. തൊട്ടടുത്തായി മറ്റൊരു താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്‌ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുമുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം തന്നെ വെക്കണം. സ്വര്‍ണം ലക്ഷ്മിയുടെ പ്രതീകവും ഗ്രന്ഥം സരസ്വതി പ്രതീകവുമാണ്.
പ്രാദേശികമായി പച്ചക്കറി വിത്തുകള്‍ താലത്തില്‍ വെക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ കണികണ്ടശേഷം ഈ വിത്തുകള്‍ പാകുന്ന പതിവുമുണ്ട്. ഓട്ടുകിണ്ടിയില്‍ വെള്ളം നിറച്ചു വെക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമാണ് ജലം. ഓട്ടുകിണ്ടിയിലെ ജലം കണ്ണില്‍ത്തൊട്ടു വേണം കണികാണാന്‍.
സ്വര്‍ണവും കോടിമുണ്ടും ഗ്രന്ഥവും തുടങ്ങി ഇരുപത്തിനാല് വ്യത്യസ്ത വസ്തുക്കളാണ് കണിയൊരുക്കാന്‍ വേണ്ടത്. അവയിങ്ങനെ: നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല,് നാളികേരം, സ്വര്‍ണ്ണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, മാമ്പഴം, കദളിപ്പഴം, വാല്‍ക്കണ്ണാടി, (ആറന്മുളലോഹകണ്ണാടി), കൃഷ്ണവിഗ്രഹം, കണിക്കൊന്നപ്പൂവ്, എള്ളെണ്ണ (വിളക്കെണ്ണ പാടില്ല), തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങള്‍, സ്വര്‍ണ്ണം, കുങ്കുമം, കണ്മഷി, വെറ്റില, അടക്ക, ഓട്ടുകിണ്ടി, വെള്ളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: