ലോകത്ത് എല്ലായിടത്തും കമ്യൂണിസ്റ്റ് വാഴ്ചകള്‍ക്ക് ഒരേ മുഖമാണ്, ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും മുഖം. റഷ്യ, ചൈന, ക്യൂബ, ലാവോസ്, വിയറ്റ്‌നാം, നോര്‍ത്ത് കൊറിയ എന്നുവേണ്ട ഇന്ത്യയില്‍ ബംഗാളും ത്രിപുരയും കേരളവുമെല്ലാം ആ ഏകാധിപത്യത്തിന് സാക്ഷിയായി. റഷ്യയില്‍ കമ്യൂണിസ്റ്റ് ക്രൂരതയില്‍ നിന്നാണ് മിഡ്‌നൈറ്റ് നോക്ക് അഥവാ ‘അര്‍ധരാത്രിയിലെ മുട്ടിവിളി’ എന്ന പദം ഇംഗ്ലീഷില്‍ രൂപംകൊണ്ടത്. സാഹിത്യത്തിന് നൊബേല്‍ സമ്മാനം ലഭിച്ച റഷ്യന്‍ എഴുത്തുകാരന്‍ അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സന്‍ എഴുതിയ ഗുലാഗ് ആര്‍ക്കിപെലഗോ (ഗുലാഗ് തടങ്കല്‍ പാളയം) എന്ന കൃതിയില്‍ റഷ്യയിലെ ജോസഫ് സ്റ്റാലിന്റെ ക്രൂരത വ്യക്തമാക്കുന്ന പദമാണ് മിഡ്‌നൈറ്റ് നോക്ക്. ഷെനിറ്റ്‌സന്റെ മറ്റൊരു നോവലായ, ഇവാന്‍ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസത്തെക്കുറിച്ച് പറയുന്ന, കാന്‍സര്‍ വാര്‍ഡ് ഒരു സമൂഹത്തെ കമ്യൂണിസം എന്ന കാന്‍സര്‍ ബാധിക്കുന്നത് എങ്ങനെയെന്ന് കാട്ടിത്തരുന്നു.
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിഭാഗമായ അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സന്‍ കമ്യൂണിസ്റ്റനുഭാവിയായി വളര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ പട്ടാളസേവനത്തിനിടെ സ്റ്റാലിനെ വിമര്‍ശിച്ചുവെന്ന കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടു. തന്റെ നോവലുകളില്‍ തുറന്നുകാട്ടിയ ഗുലാഗിലെ തടങ്കല്‍പ്പാളയത്തിലേക്ക് നാടുകടത്തി. അഞ്ചാം പത്തിയെന്ന് ആരോപിച്ച് സ്റ്റാലിന് ഇഷ്ടമില്ലാത്തവരെ അര്‍ധരാത്രി മുട്ടിവിളിച്ച് തടങ്കല്‍ പാളയത്തില്‍ എത്തിച്ച് ചോദ്യം ചെയ്തശേഷം ഗില്ലറ്റിനില്‍ കൊല്ലുകയായിരുന്നു. അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മിഡ്നൈറ്റ് നോക്കിന് വിധേയമായി തടങ്കല്‍ പാളയത്തില്‍ എത്തി. മിക്കവരെയും കൊന്നൊടുക്കി. സ്റ്റാലിന്‍ കൊന്നൊടുക്കിയത് രണ്ടുകോടിയോളം സ്വന്തം ജനതയെ ആണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ലെനിന്റെ പിന്‍ഗാമിയും കമ്യൂണിസ്റ്റ് ചിന്തകനുമായ ലിയോണ്‍ ട്രോഡ്‌സ്‌കിയെ നാടുകടത്തി മെക്‌സിക്കോയില്‍ വച്ച് സ്റ്റാലിന്റെ ഏജന്റ് മെര്‍ക്കാര്‍ഡര്‍ മഴുത്തായകൊണ്ട് തലയ്‌ക്കടിച്ചു കൊന്നു.
സോവിയറ്റ് യൂണിയനില്‍ നിന്ന് പുറത്താക്കപ്പെട്ട സോള്‍ഷെനിറ്റ്‌സന്‍ ആദ്യം ജര്‍മ്മനിയിലും തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലും താമസിച്ചശേഷം അമേരിക്കയിലെത്തി. 1994ല്‍ കമ്മ്യൂണിസത്തിന്റെ പതനത്തെതുടര്‍ന്ന് റഷ്യയില്‍ തിരികെയെത്തി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന കമ്യൂണിസ്റ്റുകള്‍, കമ്യൂണിസ്റ്റ് വ്യവസ്ഥിതി രൂപംകൊണ്ട റഷ്യയിലും മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും എങ്ങനെയാണ് എഴുത്തുകാരോടും ചിന്തകരോടും പെരുമാറിയതെന്ന് ഈ ചരിത്രം വ്യക്തമാക്കുന്നു. കേരളത്തില്‍ ‘ടിപി 51’ എന്ന സിനിമയുടെ സംവിധായകന്‍ മൊയ്തുവിനോടും എഴുത്തുകാരന്‍ സക്കറിയയോടും കെ.സി ഉമേഷ് ബാബുവിനോടും മാത്രമല്ല, ലോകത്ത് എല്ലായിടത്തും ആവിഷ്‌കാരത്തിന്റെ കാര്യത്തില്‍ ഇതായിരുന്നു കമ്യൂണിസ്റ്റ് നിലപാട്.
പൂക്കുലയായി ചിതറിയ ടിപിയുടെ തലച്ചോര്‍
ചെറുപ്പത്തിലെ കലാവാസനയുണ്ടായിരുന്ന മൊയ്തു എഴുത്ത്, പ്രസംഗം, പാട്ട് എന്നിവയില്‍ പ്രാവീണ്യം തെളിയിച്ചു. സ്വകാര്യചാനലുകളിലെ റിയാലിറ്റി ഷോകള്‍ മൊയ്തുവിനെ ടെലിവിഷന്‍ മേഖലയില്‍ അടയാളപ്പെടുത്തുന്ന കാലം. കൈരളിയിലെ ‘പട്ടുറുമാല്‍’ ഷോയ്‌ക്കിടെയാണ് ടി.പി ചന്ദ്രശേഖരന്റെ മരണ വാര്‍ത്ത അറിയുന്നത്. വള്ളിക്കാട്ടുവച്ച് ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് മൊയ്തു കേട്ടത്. കേരളശബ്ദം വാരികയുടെ ലേഖകനായിരിക്കെ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്നൊടുക്കിയ കല്ലാച്ചി കൂട്ടക്കൊല വിശദമായി റിപ്പോര്‍ട്ട് ചെയ്ത മൊയ്തുവിന് പക്ഷേ ടി.പിയുടെ കൊലപാതകം ഉള്‍ക്കൊള്ളാനായില്ല. വലതുപക്ഷ രാഷ്‌ട്രീയ കുടുംബത്തില്‍ ജനിച്ച മൊയ്തു ചെറുപ്പത്തിലേ ഇടതുപക്ഷമായിരുന്നു, ടി.പി. ആരാധ്യപുരുഷനും. ഒഞ്ചിയത്തെ രക്തതാരകം പൊലിഞ്ഞു എന്ന ടെലിവിഷന്‍ സ്‌ക്രോളിങ് മൊയ്തുവിന്റെ ഓര്‍മയില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്.
ടി.പിയുടെ തലച്ചോറ് തെങ്ങിന്‍പൂക്കുല ചിതറും പോലെ ചിതറിക്കുമെന്ന് ഒരു സിപിഎം നേതാവ് കവല പ്രസംഗം നടത്തിയപ്പോള്‍ തന്നെ പലരും അപകടം മണത്തിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചു. ടിപിയുടെ തല പൂക്കുലപോലെ ചിതറി. ഇടതുകണ്ണ് മീറ്ററുകള്‍ക്ക് അപ്പുറത്തു നിന്നാണ് കണ്ടെത്തിയത്. മരിച്ചുവെന്ന് കരുതി കൊലയാളികള്‍ തിരിച്ചുപോകുന്നതിനിടെ ടി.പി ഇന്‍ക്വിലാബ് വിളിച്ചു. തിരിച്ചുവന്ന ടി.കെ രജീഷ് അവസാന വെട്ടുവെട്ടി മരണം ഉറപ്പാക്കി. അന്‍പത്തിയൊന്നാം വയസ്സില്‍ 51 വെട്ടില്‍ ടിപിയെ തീര്‍ത്തു. ടിപിയോട് വിഎസ് അച്യുതാനന്ദന് ഉണ്ടായിരുന്ന വാല്‍സല്യം രാഷ്‌ട്രീയത്തില്‍ ടി.പിയെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് പിണറായി വിജയന്‍ ഭയന്നിരുന്നുവത്രേ. ഒഞ്ചിയം സമ്മേളനത്തില്‍ വി.എസ് പ്രസംഗിച്ചു കഴിഞ്ഞ ഉടനെ സദസ്സ് കാലിയായതും, വി.എസ് കളങ്കിതന്‍ ആണെന്നു പറഞ്ഞ ഫാരിസ് അബൂബക്കറുമായുള്ള ബന്ധം ടി.പി ചോദ്യം ചെയ്തതും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനില്‍ പകയായി വളര്‍ന്നു.
ആയിടയ്‌ക്കാണ് സിനിമാ മോഹം മൊയ്തുവിന്റെ ഹൃദയത്തില്‍ പടര്‍ന്നത്. ആഗ്രഹിച്ച ദൃശ്യകലയുടെ തന്തു ടി.പിയുടെ കൊലപാതകത്തില്‍ ഉണ്ടെന്ന് നെഞ്ചിലിരുന്ന് ആരോ പറഞ്ഞു. ടി.പി സഞ്ചരിച്ച നാട്ടുവഴികളിലൂടെ മൊയ്തു ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു. ഒഞ്ചിയത്തും ഏറാമലയിലും വള്ളിക്കാടും ദിവസങ്ങളോളം സഞ്ചരിച്ച് ടി.പിയിലേക്ക് മനസ്സുകൊണ്ട് പകര്‍ന്നാട്ടം നടത്തി. അങ്ങനെ ടി.പി 51 ന്റെ കഥ പിറന്നു. പിന്നെ ടി.പി കഥാപാത്രത്തെ തേടിയായി യാത്ര. പലരോടും കഥ പറഞ്ഞു. വിജയരാഘവന്‍ ഉള്‍പ്പെടെ കഥ കേട്ട പലരും പിന്‍വാങ്ങി. ആയിടയ്‌ക്ക് ടിപി കഥാപാത്രത്തെ തേടുന്നതറിഞ്ഞ ഒരു സ്ത്രീയാണ് വടകര ബസ് സ്റ്റാന്‍ഡില്‍ ടിപിക്ക് സാദൃശ്യമുള്ളയാളെ കണ്ടെന്ന വിവരം നല്‍കിയത്. ടിപിയായി അഭ്രപാളിയില്‍ നിറഞ്ഞ രമേഷ് വടകരയായിരുന്നു അത്. കുടുംബക്ഷേത്രത്തില്‍ രാമായണം ചൊല്ലുന്ന പതിവല്ലാതെ അഭിനയത്തില്‍ മുന്‍പരിചയമൊന്നുമില്ലാത്ത, മരക്കച്ചവടം തൊഴിലാക്കിയ ഒരു സാധാരണക്കാരനായിരുന്നു രമേഷ്. ഭാര്യ രമയായി തമിഴ് നടി ദേവി അജിത്തും പിണറായി വിജയനായി ശിവജി ഗുരുവായൂരും ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയായി റിയാസ് ഖാനും അഭിനയിച്ചു.
ടി.പി 51ന് അപ്രഖ്യാപിത വിലക്ക്
2014 ലാണ് സുരാസ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ടി.പി. 51 ചിത്രീകരണം ആരംഭിച്ചത്. തുടക്കം മുതല്‍ അപ്രഖ്യാപിത വിലക്കാണ് സിപിഎം ഏര്‍പ്പെടുത്തിയത്. ടിപി കേസിലെ പ്രധാന സംഭവമാണ് മുടക്കോഴി മലയിലെ ടി.പി.കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെ പ്രതികളുടെ ഒളിച്ചുതാമസം. അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്തലി നാടകീയമായാണ് മുടക്കോഴി മലയിലെത്തി ടിപി കേസ് പ്രതികളെ അറസ്റ്റു ചെയ്യുന്നത്. പാര്‍ട്ടി ഗ്രാമത്തിലെ മുടക്കോഴി മലയുടെ താഴ്‌വാരത്ത് തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു ഹോട്ടലുണ്ട്. ആയിടയ്‌ക്ക് കൂടുതല്‍ ഭക്ഷണപ്പൊതികളും വെള്ളവും മദ്യവും കഞ്ചാവും ഉള്‍പ്പെടെ നിരന്തരം കൊണ്ടുപോകുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇത് മുടക്കോഴി മലയിലേക്കാണെന്നും, ടിപി കേസ് പ്രതികള്‍ അവിടെ ഒളിച്ചു താമസിക്കുന്നതായും അവര്‍ കണ്ടെത്തി. തൊഴിലാളികളെന്ന വ്യാജേന വേഷപ്രച്ഛന്നരായി ഒരു ലോറിയില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം എത്തിയാണ് കൊടി സുനിയേയും സംഘത്തെയും അറസ്റ്റ് ചെയ്യുന്നത്. വിലങ്ങാട് മലയില്‍ ഈ സംഭവം ചിത്രീകരിക്കാന്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഒരു സംഘം തടഞ്ഞു.
മൊയ്തു വടകര കൈനാട്ടിയിലെ ഒരു പ്രബല മുസ്ലീം കുടുംബമാണ്. പിതാവ് കല്ലറക്കല്‍ താഴത്ത് മഹമ്മൂദ് ലീഗിന്റെ നേതാവും അക്കാലത്തെ നാട്ടുമുഖ്യനുമായിരുന്നു. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പ്രശ്‌നങ്ങള്‍ അയാള്‍ പറഞ്ഞു തീര്‍ത്തു. ലീഗിന്റെ തറവാട്ടില്‍ പിറന്ന സഖാവായിരുന്ന മൊയ്തു. അഞ്ചു മക്കളില്‍ രണ്ടാമന്‍.
മുട്ടുങ്ങല്‍ യുപി സ്‌കൂളിലും താഴെയങ്ങാടി എംയുഎം ഹയര്‍സെക്കന്‍ഡറിയിലും പഠിച്ച മൊയ്തു എസ്എഫ്‌ഐക്കാരനുമായിരുന്നു. പാര്‍ട്ടിക്കുവേണ്ടി പാടാനും ചുമരെഴുത്തിനും മുന്‍പന്തിയിലുള്ളയാള്‍. അയാളുടെ വീട്ടില്‍ ലീഗ് നേതാക്കള്‍ക്ക് ഒപ്പം ചെഗുവേരയുടെ പടമുണ്ട്. മകന്റെ ചുവടുമാറ്റം പിതാവിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഉമ്മ സുഹറയായിരുന്നു അവരുടെ ഇടയിലെ മധ്യവര്‍ത്തി.
മൊയ്തു ഇടതുസഹയാത്രികനും വോട്ടു ബാങ്കുള്ള വലിയ കുടുംബാംഗവും. അതുകൊണ്ടു തന്നെ ഷൂട്ടിങ് തടയാനെത്തിയവരുടെ ഇടപെടലില്‍ അല്‍പ്പം സൗമ്യത കാട്ടി. ടി.പിക്കെന്നപോലെ വെട്ടാനോ കുത്താനോ പോയില്ല. നമ്പര്‍ പ്ലേറ്റില്ലാത്ത 20 വാഹനങ്ങളില്‍ എത്തിയ സംഘം ഷൂട്ടിങ് നിര്‍ത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. മേലില്‍ ഈ വഴി കണ്ടുപോകരുതെന്നും ഭീഷണി മുഴക്കി. 200 പേരടങ്ങുന്ന യൂണിറ്റ് അസ്ഥപ്രജ്ഞരായി. ഷൂട്ടിങ് നിര്‍ത്തി മടങ്ങുകയല്ലാതെ നിവൃത്തിയില്ല. രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. പോലീസിനെ നോക്കുകുത്തിയാക്കിയാണ് പാര്‍ട്ടിക്കാര്‍ വിളയാടിയത്. തുടര്‍ച്ചയായ ഭീഷണിയില്‍ 29 ആര്‍ടിസ്റ്റുകളും ക്യാമറാമാന്‍, മേക്കപ്പ് മാന്‍ തുടങ്ങി അണിയറ പ്രവര്‍ത്തകരും മുങ്ങി.
ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നാണ് ഇവര്‍ അപ്രത്യക്ഷരാവുക. പകരം ആളെ കണ്ടെത്തുക പ്രയാസം. എഴുപത് ദിവസത്തെ ഷൂട്ടിങ്ങിനിടെ 13 തവണ ഷൂട്ടിങ് ഇവര്‍ മാറ്റിച്ചു. ഒഞ്ചിയം, വള്ളിക്കാവ്, ഏറാമല എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. വിലങ്ങാട് മലയില്‍ ചിത്രീകരണം തടസ്സപ്പെട്ടതോടെ മുടക്കോഴി മലയിലെ ചിത്രീകരണം തൊടുപുഴയിലേക്ക് മാറ്റി. ഓരോ ഷൂട്ടിങ്ങിലും ലക്ഷങ്ങള്‍ നഷ്ടം. വിലങ്ങാട് മാത്രം 20 ലക്ഷം നഷ്ടപ്പെട്ടു.
മിഡ്‌നൈറ്റ് നോക്ക് ആവര്‍ത്തിക്കുന്നു
സ്റ്റാലിന്റെ പടയാളികള്‍ അഞ്ചാംപത്തികളെ അറസ്റ്റു ചെയ്യുകയും, ചോദ്യം ചെയ്യലിനായി തടങ്കല്‍ പാളയത്തില്‍ എത്തിക്കുന്നതിനും സമാനമായി മൊയ്തുവിന് നേരിടേണ്ടി വന്നത് അര്‍ധരാത്രിയിലെ കുടിയൊഴിപ്പിക്കലാണ്. താണയിലെ ഒരു വീടിന്റെ മുകള്‍ നിലയില്‍ മൊയ്തുവും ഭാര്യ ഹസീനയും മക്കളായ ഗസലും ഹന്‍തമയും വാടകയ്‌ക്ക് താമസിച്ചുവന്നു. ഒരു ദിവസം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടുദ്യോഗസ്ഥര്‍ വീട്ടിലെത്തി. അകവും പുറവും പരിശോധിച്ചശേഷം സിനിമ രാഷട്രീയമായി പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ചിന് റിപ്പോര്‍ട്ട് ലഭിച്ചതായി അറിയിച്ചു. വീടുമാറുന്നതാണ് ഉചിതമെന്നും സൗഹൃദത്തില്‍ അറിയിച്ചു. എന്നാല്‍ മൊയ്തു വീടുമാറാന്‍ കൂട്ടാക്കാതെ അവിടെ തുടരാന്‍ തീരുമാനിച്ചു. വീട്ടുകാരനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു ദിവസം അര്‍ധരാത്രി വീട്ടില്‍ നിന്നും പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ റോഡില്‍ ഇറക്കി വിട്ടു. മകന്‍ കിടക്കയില്‍ പനിച്ചു വിറക്കുമ്പോഴായിരുന്നു അതെന്ന് പറയുമ്പോള്‍ മൊയ്തുവിന്റെ കണ്ണുകള്‍ ഇപ്പോഴും ഈറനണിയുന്നു. വാക്കുകള്‍ പതറുന്നു. രാത്രിയാമത്തില്‍ സ്റ്റാലിന്‍ നടപ്പാക്കുന്ന മിഡ്നൈറ്റ് നോക്കിന് മൊയ്തുവിന്റെ ജീവിതവും സാക്ഷിയായി.
വിടാതെ പ്രതികാരം
ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. ചില ഇടപെടലുകളെ തുടര്‍ന്ന് വിലക്ക് നീങ്ങി ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. പക്ഷേ കാര്യമുണ്ടായില്ല. സംസ്ഥാനത്ത് 69 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ഉറപ്പു നല്‍കിയിരുന്നു. ഭീഷണിയെ തുടര്‍ന്ന് അവരും പിന്‍വാങ്ങി. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്നും ബോംബുവച്ച് തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. സര്‍ക്കാര്‍ തിയറ്ററായ കൈരളി-ശ്രീയുടെ 14 തിയറ്ററില്‍ മാത്രമായി പ്രദര്‍ശനം ഒതുങ്ങി. രണ്ടാഴ്ചക്കാലം മാത്രം ഓടി സിനിമ പൂട്ടിക്കെട്ടി. സിനിമയെ വെട്ടിക്കൊന്നിട്ടും അരിശം തീരാത്ത സിപിഎം ഒരു പതിറ്റാണ്ടിനിപ്പുറവും പക തുടരുകയാണ്. രാഷ്‌ട്രീയമായി നേരിടാനാവാതെ സാമ്പത്തികമായി പ്രതികാരം തീര്‍ക്കുകയാണ്. ഒരു സിനിമയെടുക്കാനോ പരസ്യചിത്രം ചെയ്യാനോ അനുവദിക്കുന്നില്ല. മൊയ്തുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ട്ടി സാംസ്‌കാരിക ഫാസിസം നടപ്പാക്കുന്നു. അവരാണ് ഇപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം സംസാരിക്കുന്നത്!
കുടില്‍ കൊണ്ട് കൊട്ടാരം തകരുന്നു
ടി.പി 51 ന് അപ്രഖ്യാപിത വിലക്കും, സംവിധായകന്‍ മൊയ്തുവിന് കലാരംഗത്ത് ഊരുവിലക്കും സംഭവിച്ചിട്ട് ഒരു പതിറ്റാണ്ടായി. വരവേല്‍പ്പ് സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഒരു വ്യവസായം തുടങ്ങി തൊഴില്‍ സമരം കാരണം കുത്തുപാളയെടുത്ത കഥ പറയുന്നുണ്ടല്ലോ. ടി.പി. 51 എന്ന ഒറ്റ സിനിമ കാരണം ജീവിതത്തില്‍ കുത്തുപാള എടുക്കേണ്ടി വന്ന സംവിധായകനാണ് മൊയ്തു. ഒന്നര കോടിയിലേറെ രൂപയാണ് സിനിമയ്‌ക്ക് ചെലവായത്. ഇവിടെ സിനിമാ, പരസ്യ മേഖലയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയതു കാരണം മൊയ്തുവിന്റെ ജീവിതവും വരവേല്‍പ്പിലെ മോഹന്‍ലാലിനു സമമായി.
എമ്പുരാന്റെ വരവോടെയാണ് ടി.പി 51 വീണ്ടും ചര്‍ച്ചയായത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിച്ചുവെന്ന് ഇടതുപാളയങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ ടിപി 51 തടവറ ഭേദിച്ച് പുറത്തുവന്ന് അവരോട് കലഹിച്ചു. അതോടെ ആവിഷ്‌കാരക്കാര്‍ മാളത്തില്‍ ഒളിച്ചു. ടി.പി 51 വീണ്ടും താരമായി. ടി.പി 51 ന് വലിയ സാധ്യതയാണ് എമ്പുരാന്‍ തുറന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞവരോട് ടി.പി 51 എന്ന കുടില്‍ കൊണ്ട് എമ്പുരാനെന്ന ബിഗ്ബജറ്റ് കൊട്ടാരത്തെ മൊയ്തു തകര്‍ത്തു എമ്പുരാന്‍ ടി.പി 51 ന് ഒരു തരത്തില്‍ അനുഗ്രഹമായി. പുതുമോടിയില്‍ ചിത്രം റി-റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഒടിടി റിലീസിങ്ങിന് ശ്രമം തുടരുകയാണ്.
ഏകാധിപതികളുടെ പതനം
സ്വന്തം ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചവരാണ് കലയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം പറയുന്നത്്. സ്വന്തം ജനതയെ കൊന്നുതളളിയ ഏകാധിപതികളുടെ പതനം ഭീരുക്കളെപ്പോലെയായിരുന്നു. ശത്രുവിന്റെ വാളിനാലും ശത്രുവിന്റെ കയ്യിലകപ്പെടാതിരിക്കാന്‍ ആത്മഹത്യ ചെയ്തും അവര്‍ കൊടിയ പാപത്തിന്റെ ഫലമനുഭവിച്ചു. ജോസഫ് സ്്റ്റാലിന്‍, മാവോ സെതൂങ്, പോള്‍പോട്ട്, നിക്കോളാസ് ചൗഷെസ്‌ക്യൂ, അഗസ്‌തോ പിനോഷെ, അഡോല്‍ഫ് ഹിറ്റ്ലര്‍, ബെനിറ്റോ മുസോളിനി, ഇദി അമീന്‍, സദ്ദാം ഹുസ്സൈന്‍, മുഅമ്മര്‍ ഗദ്ദാഫി തുടങ്ങി ഏകാധിപതികളൊക്കെ ചെയ്തു കൂട്ടിയതിന് കണക്കു പറഞ്ഞാണ് ജിവിതത്തില്‍ നിന്നു പടിയിറങ്ങിയത്.
ഗില്ലറ്റിനുകളും ഗാസ് ചേംബറുകളും മാത്രമല്ല ക്ലാസ് മുറിയില്‍, വയലേലകളില്‍, തെരുവില്‍ എന്നുവേണ്ട പ്രിയരുടെ കണ്‍മുന്‍പില്‍ പോലും വെട്ടിനുറുക്കപ്പെട്ടവര്‍ അവശേഷിപ്പിച്ച നിശബ്ദ നിലവിളികള്‍ ഏകാധിപതികളെ വിടാതെ പിന്തുടരും.
റീ ഷൂട്ടില്‍ ഉള്‍പ്പെടുത്തുന്ന ഭാഗങ്ങള്‍
- തലശ്ശേരിയിലെ കലാപത്തില്‍ സെയ്താര്‍ പള്ളിക്ക് കാവല്‍നിന്നതുകൊണ്ടാണ് കുഞ്ഞിരാമന്‍ രക്തസാക്ഷിയായതെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് സിപിഎം. അത് കളവാണെന്നും കുഞ്ഞിരാമന്‍, കള്ള് ഷാപ്പിലെ ഒരു അടിപിടി തര്‍ക്കത്തില്‍ കൊല്ലപ്പെട്ടതാണെന്നും സിനിമയില്‍ ഉള്‍പ്പെടുത്തും.
- 1969 ല്‍ ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ മഴു കൊണ്ട് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുന്ന പിണറായിയുടെ ദൃശ്യങ്ങള്‍.
- സ്വന്തം അനുയായിയും സഹചാരിയും പിണറായി വിജയന്റെ ഡ്രൈവറുമായിരുന്ന വെണ്ടുട്ടായി ബാബുവിനെ തന്റെ രഹസ്യം മറ്റുള്ളവര്‍ക്ക് ചോര്‍ത്തി എന്നതിന്റെ പേരില്‍ മൃഗീയമായി കൊലപ്പെടുത്തിയ പിണറായി വിജയന്റെ ദൃശ്യങ്ങള്‍.
- മനുഷ്യമനഃസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച, പിഞ്ചു പൈതങ്ങള്‍ക്ക് മുന്നിലിട്ട് വെട്ടിക്കീറി കൊന്ന ജയകൃഷ്ണന്‍ മാസ്റ്ററുടെ ദൃശ്യങ്ങള്‍ അസാധാരണമായി ഷൂട്ട് ചെയ്യും.
- പി. ജയരാജന്‍ നേതൃത്വം നല്‍കി വയല്‍ വരമ്പില്‍ വെച്ച് ഏകദേശം 250 സിപിഎമ്മുകാര്‍ വിചാരണ ചെയ്തു കൊലപ്പെടുത്തിയ അരിയില്‍ ശുക്കൂര്‍.
- തട്ടുകടയില്‍ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കെ മടിയില്‍ കിടത്തി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ്
- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം.
- ന്യൂ മാഹിയിലെ സഖാവ് സലീമിന്റെ മരണം. സ്വന്തം സഖാക്കള്‍ തന്നെ കൊന്നതാണെന്ന് ബാപ്പയുടെ വെളിപ്പെടുത്തല്‍ ദൃശ്യാവിഷ്‌കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: