India

യുപിഎ ഭരണകാലത്ത് തീവ്രവാദികൾക്ക് അഭയം നൽകിയവർ വരെ പ്രധാനമന്ത്രിയുടെ വസതി സന്ദർശിച്ചിരുന്നു: ഇന്ന് അന്വേഷണ ഏജൻസികൾക്ക് ശക്തി പകരുന്നത് മോദി സർക്കാർ

പ്രധാനമന്ത്രി മോദിയുടെ സർക്കാർ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികളെ നാടുകടത്തിയെന്നും അനുരാഗ് താക്കൂർ. വരും കാലങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയും ഇന്ത്യയെ ദുർബലപ്പെടുത്താൻ ഐ‌എസ്‌ഐ നെറ്റ്‌വർക്ക് രാജ്യത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്യും

Published by

ചണ്ഡീഗഡ് : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ യുഎസ് ഇന്ത്യയ്‌ക്ക് കൈമാറിയതിനെ സ്വാഗതം ചെയ്ത് ബിജെപി എംപിയും മുതിർന്ന നേതാവുമായ അനുരാഗ് താക്കൂർ. ഇതേ വേളയിൽ അദ്ദേഹം കോൺഗ്രസിനെതിരെയും ആഞ്ഞടിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് തീവ്രവാദികൾക്ക് അഭയം നൽകിയിരുന്നവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

കോൺഗ്രസ് ഭരണകാലത്ത് ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു. തീവ്രവാദികൾക്ക് അഭയം നൽകിയ ആളുകളെ അന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചു. എന്നാൽ ഇന്ന് പ്രധാനമന്ത്രി മോദിയുടെ സർക്കാരിനു കീഴിൽ രഹസ്യാന്വേഷണ ഏജൻസികൾക്കും സുരക്ഷാ സേനയ്‌ക്കും സ്വാതന്ത്ര്യവും പിന്തുണയും നൽകുന്നു. പ്രധാനമന്ത്രി മോദിയുടെ സർക്കാർ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികളെ നാടുകടത്തിയെന്നും അനുരാഗ് താക്കൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതിനു പുറമെ തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറിയത് ഒരു വലിയ നേട്ടം തന്നെയാണെന്ന് ഉത്തർപ്രദേശ് മന്ത്രി അസിം അരുൺ വിശേഷിപ്പിച്ചു. ഡേവിഡ് ഹെഡ്‌ലിയും തഹാവൂർ റാണയും പാകിസ്ഥാന്റെ ഐ‌എസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നു. വരും കാലങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയും ഇന്ത്യയെ ദുർബലപ്പെടുത്താൻ ഐ‌എസ്‌ഐ നെറ്റ്‌വർക്ക് ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്യുമെന്നും അസിം അരുൺ കൂട്ടിച്ചേർത്തു.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചതിന് 10 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ് പാകിസ്ഥാൻ സ്വദേശിയായ 64 കാരനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ യുഎസ് ഇന്ത്യയിലേക്ക് നൽകിയത്. ഇയാൾക്കെതിരെ ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം, വ്യാജരേഖ ചമയ്‌ക്കൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 10 ന് ഇന്ത്യയിലെത്തിച്ച റാണയെ എൻ‌ഐ‌എ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് 18 ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക