കൊല്ലം: കേരളത്തില്‍ സിപിഎമ്മിന് വ്യക്തി കേന്ദ്രീകൃതമാകാവില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. ഇത് പാര്‍ട്ടി തത്വമാണ്. എന്നാല്‍ ചില നേതാക്കള്‍ അവരുടെ പ്രവൃത്തികള്‍ കൊണ്ടും സംഭാവനകള്‍ കൊണ്ടും ത്യാഗങ്ങള്‍ കൊണ്ടും പ്രതീകങ്ങളായി മാറും. ഇഎംഎസ്, നായനാര്‍, ഗൗരിയമ്മ, അച്യുതാനന്ദന് തുടങ്ങിയവര്‍ അത്തരം നേതാക്കളാണ്. ഇഎംഎസിനെപ്പോലൊരു ജനകീയ നേതാവ് ഉണ്ടാകാന്‍ പാടില്ലെന്ന് ശഠിക്കാനാവില്ലെന്നും കൊല്ലത്ത് ബേബി പറഞ്ഞു.
എന്നാല്‍ പ്രതീകങ്ങളായ ജനകീയ നേതാക്കളുടെ പട്ടികയില്‍ കേരളത്തില്‍ സിപിഎമ്മിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് കാരണഭൂതനെന്ന് വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയനെ ബേബി ഉള്പ്പെടുത്തിയില്ലെന്നതില് രാഷ്ട്രീയ പ്രാധാന്യമുണ്ട്. മണ്മറഞ്ഞ നേതാക്കളെയാണ് ബേബി പരാമര്‍ശിക്കാന്‍ താത്പര്യപ്പെട്ടതെന്ന് പറയാനാവില്ല. ജീവിച്ചിരിക്കുന്ന അച്യുതാനന്ദനെ ബേബി ഉള്‍പ്പെടുത്തി. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അച്യുതാനന്ദനെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു. കേരളത്തില്‍ പാര്‍ട്ടിക്ക് വ്യക്തി കേന്ദ്രീകൃതമാകാവില്ലെന്ന പരാമര്‍ശവും പിണറായിയെ കൊള്ളിച്ചാണെന്നും വ്യാഖ്യാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: