ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമസഭാ കക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രനെ തീരുമാനിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ ബിജെപി-എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കെതിരെ ശക്തമായ പ്രതിപക്ഷ സഖ്യമായി ഇതോടെ ബിജെപി-എഐഎഡിഎംകെ സംസ്ഥാനത്ത് മാറിക്കഴിഞ്ഞു.
ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലും തമിഴ്നാട്ടില്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷാ അറിയിച്ചു. എഐഎഡിഎംകെ നേതാവായിരുന്ന നൈനാര്‍ നാഗേന്ദ്രന് 2017ലാണ് ബിജെപിയില്‍ ചേരുന്നത്. എഐഎഡിഎംകെയുമായി സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് നൈനാര്‍ നാഗേന്ദ്രനാണ് ചുക്കാന്‍ പിടിച്ചത്. കെ. അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന ചുമതലയിലേക്ക് അണ്ണാമലൈ വന്നേക്കുമെന്നാണ് സൂചനകള്‍.
തമിഴ്നാട് ബിജെപിയുടെ പുതിയ അധ്യക്ഷനായി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും നിയമസഭാ കക്ഷി നേതാവുമായ നൈനാര്‍ നാഗേന്ദ്രന് എംഎല്‍എയെ കേന്ദ്ര-സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നൈനാര്‍ നാഗേന്ദ്രന് മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ, മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന് മുന്‍ ദേശീയ സെക്രട്ടറി എച്ച് രാജ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് എന്നിവര്‍ നൈനാര്‍ നാഗേന്ദ്രന്റെ പത്രികയെ പിന്തുണച്ചു.
ജയലളിതയുടെ അടുത്ത അനുയായിയായി എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ച നൈനാര്‍ നാഗേന്ദ്രന് 2001ല്‍ വ്യവസായ മന്ത്രിയായിരുന്നു. 2006ല്‍ നിയമസഭയിലേക്ക് നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും 2011ല്‍ തിരുനെല്‍വേലിയില്‍ നിന്ന് വിജയിച്ചു. 2016ല്‍ വീണ്ടും നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ 2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് വിജയിച്ച് നിയമസഭാ കക്ഷി നേതാവായി. തേവര് സമുദായാംഗമായ നൈനാര്‍ നാഗേന്ദ്രന് ബിജെപി നേതൃത്വത്തിലേക്ക് എത്തുന്നതോടെ പാര്‍ട്ടിയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇതിന് പിന്നാലെ എഐഎഡിഎംകെയുമായുള്ള രാഷ്ട്രീയ സഖ്യം പുനസ്ഥാപിക്കുക കൂടി ചെയ്തതോടെ ബിജെപിയുടെ തമിഴ്നാട്ടിലെ സ്വാധീനം കൂടുതല്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: