ന്യൂദല്‍ഹി: വഖഫ് നിയമ പരിഷ്ക്കരണങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20 മുതല്‍ മേയ് അഞ്ച് വരെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടികളുമായി ബിജെപി. മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി പരിപാടികള്‍. ബിജെപി ദേശീയ ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
വഖഫ് നിയമ ഭേദഗതി മൂലം മുസ്ലിം സമൂഹത്തിനുണ്ടാകുന്ന പ്രയോജനങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു യോഗത്തില്‍ പറഞ്ഞു. വഖഫ് വസ്തുക്കളുടെ ശരിയായ ഉപയോഗത്തിലൂടെ പാവപ്പെട്ട മുസ്ലിംകള്ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും വിദ്യാഭ്യാസ മേഖലയിലടക്കം മുസ്ലിംകള്ക്ക് നേട്ടമുണ്ടാകുമെന്നും ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും റിജിജു പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി, ബിജെപി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ അഗര്‍വാള്‍ അടക്കമുള്ളവര്‍ പ്രംസഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: