തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംസ്ഥാനത്ത് ഇടത് സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടത് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കേരള സർക്കാരിന്റെ പരിപാടിയായി അവതരിപ്പിക്കുന്നത് ലജ്ജാകരമാണ്. പിഎം പോഷൺ അഭിയാൻ കേന്ദ്രസർക്കാർ പദ്ധതിയാണ്. അതിന്റെ മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് കൊടുക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റി പത്രത്തിൽ പരസ്യം ചെയ്യുകയാണ്. കേന്ദ്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതിയാണിത്. പത്ത് ലക്ഷത്തി അറുപത്തി ഏഴായിരം സർക്കാർ എയിഡഡ് സ്കൂളുകളിൽ 11 കോടി വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുന്നതാണ് പിഎം പോഷൺ അഭിയാൻ. എന്നാൽ കേരളത്തിൽ അതിന്റെ പേര് മാറ്റി അവതരിപ്പിക്കുന്നു.
സംസ്ഥാനത്ത് 12,000 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 26 ലക്ഷം കുട്ടികൾക്ക് ഇതിലൂടെ ഭക്ഷണം ലഭിക്കുന്നുണ്ട്. ഇതിന് വേണ്ടി കേന്ദ്രസർക്കാർ 12,467 കോടി രൂപ ചെലവഴിച്ചു. ഇരുപത്തഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം മെട്രിക്ക് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു. രാജ്യത്തെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനാണിത്. ഇതൊരു ജീവകാരുണ്യ പ്രവർത്തനം കൂടിയാണ്. എന്നാൽ ഈ പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നത് നിർഭാഗ്യകരമാണ്. കേന്ദ്രം കൊടുക്കുന്ന പണം സംസ്ഥാനം കൃത്യമായി വിനിയോഗിക്കാതെ വന്നപ്പോൾ അദ്ധ്യാപകർക്ക് പോക്കറ്റിൽ നിന്നും പണമെടുത്ത് ഉച്ചഭക്ഷണം നൽകേണ്ടി വന്നിരുന്നു. സംസ്ഥാനം മറ്റെല്ലാ കാര്യത്തിലും എന്ന പോലെ ഫണ്ട് വഴിമാറ്റി ചിലവഴിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രം അവഗണിക്കുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.
പിഎം ശ്രീ പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കാൻ സംസ്ഥാനത്തിന് 1 കോടി 13 ലക്ഷം രൂപ കേന്ദ്രം നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ ഗുണം ഓരോ സ്കൂളിനും കിട്ടേണ്ടതാണ്. എന്നാൽ സംസ്ഥാനം ഇതിൽ ഒപ്പുവെക്കുന്നില്ല. തികച്ചും രാഷ്‌ട്രീയപ്രേരിതമായ കാര്യങ്ങളാണ് അതിന് കാരണം. മറ്റു സംസ്ഥാനങ്ങൾ എല്ലാം ഇത് ചെയ്യുമ്പോഴാണ് കേരളം മാറിനിൽക്കുന്നത്. ദേശീയപാത വികസനത്തിന് കൊടുക്കുന്ന തുകയുടെ 30 ശതമാനം പോലും കേരളം ചിലവഴിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങൾ 100 ശതമാനം ചിലവഴിക്കുന്നു. കേന്ദ്രപദ്ധതികൾ എല്ലാം ഇവിടെ അട്ടിമറിക്കപ്പെടുന്നു. പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നില്ല. പലതും പേര് മാറ്റി വികലമാക്കുന്നുവെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: