ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ യുഎസില്‍ നിന്നും ദല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിച്ച ഇയാളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു തുടങ്ങി. മുംബൈ ഭീകരാക്രമണകേസില്‍ എന്‍ഐഎ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ റാണയ്ക്കെതിരായ നിയമ നടപടികള്‍ക്ക് തുടക്കമായി. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ സംഘം റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ദല്‍ഹിയില്‍ നിന്ന് പോയ എന്‍ഐഎ സംഘവുമാണ് റാണയെ ഏറ്റെടുത്ത് ദല്‍ഹിയിലെത്തിച്ചത്. അതീവ സുരക്ഷയില്‍ എത്തിച്ച റാണയ്ക്കായി കമാണ്ടോ ടീമിനേയും വിന്യസിച്ചിട്ടുണ്ട്. ഇയാളെ തീഹാര്‍ ജയിലില്‍ കനത്ത സുരക്ഷാ സംവിധാനത്തില്‍ ഇടാനാണ് തീരുമാനം. തീഹാറില്‍ റോ, ഐ.ബി,എന്‍ഐഎ ടീമുകള്‍ ഇയാളെ ചോദ്യം ചെയ്യും. മുംബൈ ആക്രമണത്തിന് മുമ്പായി യുഎസ് പൗരന് ഡേവിഡ് കോള്മാന് ഹെഡ്ലിയുമായി റാണ 231 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടത്. റാണയ്ക്കെതിരായ കേസുകള്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ നരേന്ദ്രര്‍ മാനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
പാക് വംശജനായ കനേഡിയന്‍ പൗരന് തഹാവൂര്‍ റാണയെ ലോജ് ഏഞ്ചല്‍സില്‍ നിന്നാണ് കേന്ദ്രഏജന്‍സികള്‍ ഏറ്റെടുത്ത് ഇന്ത്യയിലെത്തിച്ചത്. യുഎസ് ഫെഡറല്‍ ബ്യൂറോ പ്രിസണില്‍ കഴിഞ്ഞ റാണയെ മോദി-ട്രംപ് ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് വിട്ടു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: