കേരളത്തില്‍ കോടതികളിലെ ഫീസ് കൂട്ടിയ തീരുമാനം ആക്ഷേപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്. കേസ് ഫയല്‍ ചെയ്യലില്‍ നിന്ന് ജാമ്യ അപേക്ഷകള്‍ വരെയുള്ള കോടതി ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ, സാധാരണ ജനങ്ങള്‍ക്ക് നീതി തേടുന്നതിന് വലിയ സാമ്പത്തികഭാരം ചുമത്തപ്പെടുകയാണ്. അതിന്റെ പേരില്‍ നീതിയുടെ വാതില്‍ പലര്‍ക്കും എന്നേക്കുമായി കൊട്ടിയടയ്‌ക്കപ്പെടുകയാണ്.
നീതി ലഭിക്കുക എന്നത് പൗരന്റെ അവകാശമാണ്. കേരളത്തിലെ പോലെ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും കുടുംബ പ്രശ്‌നങ്ങളും ജോലി നഷ്ടപ്പെടല്‍ പോലെയുള്ള വിഷയങ്ങളും കൂടുതലുള്ള സംസ്ഥാനത്ത്, കേസ് കൊടുക്കാനോ പരാതി നല്‍കാനോ സാധാരണക്കാരന്‍ രണ്ട് വട്ടം ചിന്തിക്കേണ്ട അവസ്ഥയാണിപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട ഒരു ദിവസവേതനക്കാരന്‍ കോടതിയെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുന്നു. പെന്‍ഷന്‍ തേടി പോകുന്ന മുതിര്‍ന്ന വിധവയ്‌ക്കും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുന്ന വീട്ടമ്മയ്‌ക്കുമൊക്കെ ഇപ്പോള്‍ കോടതി ഫീസ് തന്നെ ഒരു തടസ്സമാകുകയാണ്.
ചെറിയ തോതിലല്ല ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ ജാമ്യത്തിനുള്ള അപേക്ഷാ ഫീസ് അഞ്ചില്‍ നിന്ന് 500 ആയി. 9.900 ശതമാനം വര്‍ധന. സെഷന്‍സ് കോടതിയില്‍ ജാമ്യത്തിനുള്ള ഫീസ് 200, മുന്‍കൂര്‍ ജാമ്യത്തിന് 250. കുടുംബ കോടതികളില്‍ 5 ലക്ഷം വരെയുള്ള കേസുകളില്‍ 200 രൂപ, ഒരു കോടി കടക്കുന്ന കേസുകള്‍ക്ക് 5,000 വരെയാണ് പുതുക്കിയ കോടതി ഫീസ്. സങ്കടങ്ങള്‍ക്കിടയിലും നീതി തേടുന്ന വീട്ടമ്മമാര്‍, മാതൃത്വാവകാശം അല്ലെങ്കില്‍ ജീവനാംശം ആവശ്യപ്പെടുന്നവരെയെല്ലാം ഇത് ബാധിക്കും. ചെക്ക് തിരിച്ചു കിട്ടാത്തതിനെച്ചൊല്ലി ചെറുകിട വ്യാപാരിയാണ് കേസ് കൊടുക്കുന്നതെങ്കില്‍, 250 രൂപ മുതല്‍ 10,000 രൂപ വരെ കോടതി ഫീസായി കൊടുക്കേണ്ടി വരും. കടുത്ത നഷ്ടം സംഭവിച്ച ആളാണ് കേസ് ഫയല്‍ ചെയ്യുന്നത്. അവരില്‍ നിന്നാണോ ഈ നീതിയുടെ പേരിലുള്ള കൊള്ള?
ഇതേറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ദിവസവേതനക്കാര്‍, ചെറിയ കര്‍ഷകര്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്ക് ഒരു കേസ് ഫയല്‍ ചെയ്യാന്‍ നിലവിലെ ഫീസ് വര്‍ധനയില്‍ സാധിക്കില്ല.
കേരളത്തിന്റെ സാമ്പത്തിക മൂലശക്തിയായ ഇടത്തരം ബിസിനസുകാരേയും ഫീസ് വര്‍ധന കാര്യമായി ബാധിക്കും. കരാര്‍ ലംഘനം, പണം മടക്കി ലഭിക്കായ്മ പോലെയുള്ള പ്രശ്‌നങ്ങളാല്‍ കോടതിയെ സമീപിക്കേണ്ടി വരുന്ന ചെറുകിട സംരംഭകര്‍ക്കും ഈ തീരുമാനം അധിക ബാധ്യതയാകും. സര്‍ക്കാര്‍ പറയുന്നത് ഫീസുയര്‍ത്തുന്നത് അനാവശ്യമായ കേസുകള്‍ കുറയ്‌ക്കാനാണ് എന്നാണ്. എന്നാല്‍ പ്രശ്‌നം കേസുകളുടെ എണ്ണമല്ല, അവയുടെ തീര്‍പ്പില്‍ വരുന്ന കാലതാമസവും സ്ഥിരം സ്റ്റാഫ് കുറവുമാണ്. ഫീസു കൂട്ടിയാല്‍ വ്യവഹാരം കുറയില്ല. നീതി കിട്ടാനാകാതെ പോകുന്നവരുടെ എണ്ണം മാത്രമേ വര്‍ധിക്കൂ. ഇതിനു പകരം, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ചില മാതൃകാപരമായ നടപടികള്‍ കേരളത്തിനും പിന്തുടരാന്‍ കഴിയില്ലേ? eCourts, Nyaya Bandhu, Fast Trac-k Courts, Gram Nyayalayas ഇതെല്ലാം നീതിയെ ജനങ്ങളോട് അടുപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്.
കീഴ് ക്കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന , കരിയര്‍ ആരംഭിച്ചിരിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ക്കും ഫീസ് വര്‍ധന വലിയ തിരിച്ചടിയാണ്. ചെറിയ കേസുകളും കുടുംബ കോടതികളുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ വിഭാഗത്തിന്റെ വരുമാനം. കൂടുതല്‍ ആളുകള്‍ കേസുകള്‍ ഒഴിവാക്കുന്ന അവസ്ഥ വരുമ്പോള്‍, ഇവരുടെ വരുമാനവും വളര്‍ച്ചയും എല്ലാം തന്നെ തുലാസിലാകും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട നിയമ സഹായ പ്രവര്‍ത്തനങ്ങളും ഇതുവഴി ഇല്ലാതാകും. കോടതിയെ ഒരു വരുമാന സ്രോതസ്സായല്ല കാണേണ്ടത്. നീതി വില്‍ക്കേണ്ടതല്ല, നല്‍കേണ്ടതാണ്. ജനാധിപത്യത്തിലെ അടിസ്ഥാന മൂല്യമാണിത്. സര്‍ക്കാരിന് പണമുണ്ടാക്കണമെങ്കില്‍, അതിന് വാടകയും നികുതിയും ഉണ്ട്. നീതിക്ക് വിലയിടുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണം.
കോടതികളുടെ കാര്യശേഷി കൂട്ടാനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടുകള്‍ വരുന്നുണ്ട്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുകയും, ജഡ്ജിമാരുടെ എണ്ണം കൂട്ടുകയും ചെയ്യാറുണ്ട്. ഇതൊക്കെ നീതിയിലേക്കുള്ള പ്രവേശനം തടയാതെ നടപ്പാക്കാവുന്ന വഴികളാണ്.
ഈ ഫീസ് വര്‍ധനവ് അടിസ്ഥാനത്തില്‍ നീതിയിലേക്കുള്ള സാമ്പത്തിക ഭീതിയാണ്. ഇത് ‘നിക്ഷേപമുള്ളവര്‍ക്കുള്ള നീതി’ എന്ന തെറ്റായ സന്ദേശം നല്‍കുന്നു. നീതിയെ ഒരു വിലയുള്ള ഉത്പന്നമാക്കി മാറ്റുന്നു. നീതി വിലകൊടുത്ത് ലഭിക്കേണ്ടതല്ല, എല്ലാവര്‍ക്കും ലഭിക്കേണ്ട അവകാശമാണ്. കോടതി ഫീസ് ഉയര്‍ത്തിയ തീരുമാനം കേരള സര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധിക്കണം.
(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: