ന്യൂദൽഹി : പാർലമെൻ്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് വീണ്ടും രംഗത്തെത്തി അഖിലേന്ത്യാ മുസ്ലീം വനിതാ വ്യക്തിനിയമ ബോർഡ് ചെയർപേഴ്‌സൺ ഷൈസ്ത അംബാർ. മുസ്ലീം സമൂഹത്തിന്റെ പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ചരിത്രപരമായ ഒരു ചുവടുവയ്‌പ്പാണ് ഈ നിയമമെന്ന് അവർ പറഞ്ഞു.
ഇത് നിയമത്തിലെ ഒരു ഭേദഗതി മാത്രമല്ല, മുസ്ലീം സ്ത്രീകളുടെ പങ്കാളിത്തം, അവകാശങ്ങൾ, അന്തസ്സ് എന്നിവയെ ബഹുമാനിക്കുന്നതിനുള്ള ഒരു പുതിയ തുടക്കമാണിത്. വഖഫ് ബോർഡിലും സെൻട്രൽ വഖഫ് കൗൺസിലിലും മുസ്ലീം സ്ത്രീകളെ ഉൾപ്പെടുത്താനുള്ള ശുപാർശ ഒരു വിപ്ലവകരമായ ആശയമാണ്, ഇത് സ്ത്രീ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഷൈസ്ത വ്യക്തമാക്കി.
കൂടാതെ വഖഫ് അൽ ഔലാദ് വഴി സ്ത്രീ അവകാശികൾക്ക് അവകാശങ്ങൾ നൽകുന്നത് സാമൂഹിക നീതിയിലേക്കുള്ള ഒരു നല്ല സംരംഭമാണെന്ന് അവർ പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ സർവേ, ഏറ്റെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ട്രൈബ്യൂണൽ സംവിധാനം സാധ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ ശാക്തീകരണം മനസ്സിൽ വെച്ചുകൊണ്ട് ഈ ബിൽ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും അഖിലേന്ത്യാ മുസ്ലീം വനിതാ വ്യക്തിനിയമ ബോർഡ് നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. പൊതുജനങ്ങൾക്കും മുസ്ലീം സമൂഹത്തിനും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും ഒരു നല്ല പങ്ക് വഹിക്കുമെന്നും ഇന്ത്യാ ഗവൺമെന്റ് ഇരു സഭകളിലും മുസ്ലീം സമൂഹത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അംബാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: