തിരുവനന്തപുരം: നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണെന്നും അതത്ര വേഗം കിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തെ ഗൗരവമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാര്‍ത്താ സമ്മേളനത്തില്‍ അസംബന്ധ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന മുന്നറിയിപ്പുമായാണ് വീണാ വിജയനെതിരായ ചോദ്യങ്ങളെ മുഖ്യമന്ത്രി നേരിട്ടത്. നിങ്ങള്‍ക്ക് സാമാന്യ ബുദ്ധി എന്നത് ഇല്ല എന്നല്ലേ ഇത്തരം ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുന്നതിന്റെ അര്‍ത്ഥം. എന്റെ മകള്‍ നടത്തിയ സ്ഥാപനം നല്കിയ സേവനത്തിന് ലഭിച്ച പ്രതിഫലം അല്ലേ അത്. കള്ളപ്പണം അല്ല, ശരിയായ പണമാണത്. അതിന് ആദായ നികുതി അടക്കം നല്കിയതല്ലേ. കൃത്യമായ എല്ലാ നികുതിയും നല്കി. നിങ്ങളൊന്നും അതു കാണുന്നില്ല. നല്കിയ സേവനം ആണെന്ന് കമ്പനിയും മകളുടെ കമ്പനിയും പറയുന്നു. നിങ്ങള്‍ അത് മറച്ചുവെയ്ക്കുകയാണ്. എന്റെ മകള്‍ എന്നതാണ് പ്രശ്നം. എന്റെ രാജിക്കായി നിങ്ങള്‍ മോഹിച്ചു നില്‍ക്കുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കോടതിയിലുള്ള കേസ് കോടതിയില്‍ നേരിടും. മാധ്യമങ്ങളുടെ മുന്നിലല്ല വിചാരണ നടക്കേണ്ടത്. ബിനീഷ് കൊടിയേരിക്ക് സമാനമായ കേസല്ല എന്റെ മകള്‍ക്ക് നേര്ക്കുണ്ടായിരിക്കുന്നതെന്നും വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: