ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയ്‌ക്കായി ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നാവികസേനയുടെ വിമാനവാഹിനി യുദ്ധക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത് എന്നിവയിലേക്കാണ് ഇവ വിന്യസിക്കുക. ഇന്ത്യയുടെ കടല്‍ക്കരുത്ത് പതിന്മടങ്ങാക്കുന്ന തീരുമാനമാണിത്. നിലവില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകളിലുമുള്ള റഷ്യന്‍ നിര്‍മ്മിത മിഗ് 29 വിമാനങ്ങള്‍ പിന്‍വലിച്ചാണ് റഫേല്‍ വിന്യസിക്കുക.
റഫാലിന്റെ 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭാ സമിതിയാണ് സ്വീകരിച്ചത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സര്‍ക്കാര്‍ തലത്തിലാവും കരാറുകള്‍. വ്യോമസേനയ്‌ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിന് തുല്യമായ കരാര്‍ വ്യവസ്ഥകളായിരിക്കും. ഏപ്രില്‍ മൂന്നാം വാരം ദല്‍ഹിയിലെത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലെക്കോര്‍ണോയുടെ സന്ദര്‍ശനവേളയില്‍ കരാറൊപ്പുവെയ്‌ക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ നാവികസേനയ്‌ക്ക് കൈമാറണമെന്നാണ് കരാര്‍.
22 സിംഗിള്‍ സീറ്റ് റഫാല്‍ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റഫാല്‍ എം പരിശീലന വിമാനങ്ങളുമാണ് ഇന്ത്യയ്‌ക്ക് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: