തിരുവനന്തപുരം: രാജ്യത്താകമാനം മുഴുവൻ സമയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ സിപിഎം. മധുര പാർട്ടി കോൺഗ്രസിന്റെ തീരുമാനം അനുസരിച്ചാണ് പാർട്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമയ പ്രവർത്തകരെ പ്രതിഫലം നൽകി നിയോഗിക്കുന്നത്. പട്ടികവിഭാഗ – ആദിവാസി – വനിതാ മേഖലകളിൽ കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കും.
വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ നൽകിയാകും റിക്രൂട്ട്മെന്റ്. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ തന്നെ മുഴുവൻ സമയ പാർട്ടി പ്രവർത്തകർക്ക് പ്രതിഫലം നൽകുന്നുണ്ട്. ഈ തുകയിലും പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വർധനവുണ്ടാകും. പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നു എന്നാണ് മധുര പാർട്ടി കോൺഗ്രസിന്റെ വിലയിരുത്തൽ.
മുഴുവൻസമയ പ്രവർത്തകരെ കിട്ടുന്നില്ലെന്നും മാന്യമായ പ്രതിഫലം നൽകാനാകുന്നില്ലെന്നും ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പാർട്ടി കോൺഗ്രസ് ചർച്ചയിൽ പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് കൂടുതൽ റിക്രൂട്ട്മെന്റ് നടത്താനും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനും പാർട്ടി തീരുമാനിച്ചത്. മുഴുവൻസമയ പ്രവർത്തകർ പ്രഫഷനൽ വിപ്ലവകാരികൾ എന്നാണ് പാർട്ടി ലൈൻ.
വിരമിക്കുമ്പോൾ പാർട്ടിഘടകങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകണം. കേരളത്തിൽ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ സാമ്പത്തിക സ്ഥിതിയനുസരിച്ച് മുഴുവൻസമയ പ്രവർത്തകർക്ക് എല്ലാ മാസവും അലവൻസുണ്ട്. ജനപ്രതിനിധികളോ പ്രതിഫലമുള്ള പദവികൾ വഹിക്കുന്നവരോ ആണെങ്കിൽ നൽകാറില്ല. അലവൻസ് നൽകുന്നതിന് ആന്ധ്രപ്രദേശ് ഈയിടെ നടത്തിയ ഫണ്ടുശേഖരണം മാതൃകയാക്കണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചു.
നിലവിൽ സിപിഎമ്മിനു രാജ്യത്താകെ 10,473 മുഴുവൻസമയ പ്രവർത്തകരാണുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കേരളത്തിലാണ്. 6,129 പേരാണ് കേരളത്തിൽ മുഴുവൻ സമയ പ്രവർത്തകരായുള്ളത്. ബംഗാളിൽ 1,428, ആന്ധ്രപ്രദേശിൽ 721, തെലങ്കാനയിൽ 640, തമിഴ്നാട്ടിൽ 555, ത്രിപുരയിൽ 527 പേർ എന്നിങ്ങനെയാണ് നിലവിൽ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: