തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യത. അന്വേഷണ സമിതി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു..ഉത്തരക്കടലാസുകള്‍ ബൈക്കില്‍ പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകന്.ഇയാളുടെ നിയമനത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളേജില്‍ നിന്ന് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സര്‍വകലാശാലയിലെ പരീക്ഷകളുടെ മൂല്യനിര്‍ണയം കേന്ദ്രീകൃത സംവിധാനമാക്കാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ്് ചെയ്ത് മാര്‍ക്കിടുന്ന രീതിയാണ് ആദ്യം നടപ്പാക്കുക. ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും.
ഉത്തരക്കടലാസ് നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂര്‍ത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാര്‍ത്ഥികളില്‍ 65 പേരും ഹാജരായി. 2022-2024 എംബിഎ ഫിനാന്‍സ് ബാച്ചിലെ പ്രൊജക്ട് ഫിനാന്‍സ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ. മൂല്യനിര്‍ണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്നലെ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് 22ാം തീയതി വീണ്ടും പരീക്ഷ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: