മുംബൈ: ഡോളറിന്റെ മൂല്യം അസ്ഥിരമാകുകയും ആഗോളതലത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം കടുപ്പമാവുകയും ചെയ്തതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താല്‍ റിസര്‍വ്വ് ബാങ്ക് നാല് ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് ഇറക്കും. ബാങ്കുകളിലെ പണലഭ്യത വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നതിനാലാണ് ഈ നടപടി. അമേരിക്കന്‍ ധനകാര്യ ഗവേഷണ സ്ഥാപനമായ ബ്ലൂംബെര്‍ഗാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഈ സാമ്പത്തിക വര്‍ഷം തന്നെ ബോണ്ടുകള്‍ വാങ്ങിയും രൂപ-ഡോളര്‍ കൈമാറ്റ ലേലം വഴിയും ആയിരിക്കും ഇത്രയും തുക ഇന്ത്യയിലെ ബാങ്കുകളിലേക്ക് കൈമാറുക. ഇതില്‍ രണ്ട് ലക്ഷം കോടി ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറ് മാസത്തിനകം ഇറക്കും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 8000 കോടി ഡോളര്‍ ബാങ്കുകള്‍ക്ക് രൂപ- ഡോളര്‍ കൈമാറ്റ ലേലത്തിന് നല്‍കിയിരുന്നു.
ഈ മാര്‍ച്ചില്‍ ഡോളര്‍-രൂപ കൈമാറ്റ ലേലം വഴി ബാങ്കുകളിലേക്ക് റിസര്‍വ്വ് ബാങ്ക് 1000 കോടി ഡോളറിന് തത്തുല്യമായ ഇന്ത്യന്‍ രൂപ നല്‍കിയിരുന്നു. ബാങ്കുകളില്‍ നിന്നും ഡോളര്‍ വാങ്ങി തത്തുല്യ തുകയ്‌ക്കുള്ള ഇന്ത്യന്‍ രൂപ നല്‍കുകയായിരുന്നു. ബാങ്കുകളില്‍ രൂപയുടെ പണലഭ്യത കൂട്ടാനായിരുന്നു ഈ നടപടി. ഡോളറിനെതിരെ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നത് തടയാനായിരുന്നു ഇത്.
യുഎസ് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. പണലഭ്യത ഉയര്‍ത്താനായി മിക്കവാറും ഏപ്രില്‍ 9ന് ചേരുന്ന റിസര്‍വ്വ് ബാങ്കിന്റെ പണനയസമിതി പലിശ നിരക്ക് കുറയ്‌ക്കാന്‍ സാധ്യതയുണ്ട്. മിക്കവാറും 25 ബേസിസ് പോയിന്‍റ് കൂടി പലിശനിരക്കില്‍ കുറവ് വരുത്താനാണ് സാധ്യത.
ഏത് വിധേനെയും പണലഭ്യത വര്‍ധിപ്പിക്കാനാണ് റിസര്‍വ്വ് ബാങ്ക് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: