ന്യൂദൽഹി : ജമ്മുകശ്മീരിൽ ഹുറിയത്ത് കോൺഫറൻസുമായുള്ള ബന്ധം വിച്ഛേദിക്കാൻ മൂന്ന് ഗ്രൂപ്പുകൾ കൂടി തീരുമാനിച്ചതിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന് കീഴിൽ ഇന്ത്യയുടെ ഭരണഘടനയിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തിന്റെ വ്യക്തമായ പ്രതിഫലനമായി ഈ സംഭവവികാസത്തെ അദ്ദേഹം ഉപമിച്ചു.
ജമ്മു കശ്മീർ ഇസ്ലാമിക് പൊളിറ്റിക്കൽ പാർട്ടി, ജമ്മു കശ്മീർ മുസ്ലീം ഡെമോക്രാറ്റിക് ലീഗ്, കശ്മീർ ഫ്രീഡം ഫ്രണ്ട് എന്നീ മൂന്ന് സംഘടനകൾ കൂടി ഹുറിയത്തിൽ നിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞതായി എക്‌സിലെ ഒരു പോസ്റ്റിൽ അമിത് ഷാ പറഞ്ഞു.
ഏകീകൃതവും ശക്തവുമായ ഭാരതത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനവുമായി ഈ സംഭവവികാസങ്ങൾ യോജിക്കുന്നുവെന്നും ഷാ ഊന്നിപ്പറഞ്ഞു. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ഹുറിയത്ത് കോൺഫറൻസുമായി ബന്ധപ്പെട്ട രണ്ട് പാർട്ടികൾ കൂടി സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
2019 മുതൽ 2024 വരെ 14 പ്രധാന ഹുറിയത്ത് ബന്ധമുള്ള സംഘടനകളെ നിരോധിച്ചതായി അമിത് ഷാ നേരത്തെ പാർലമെന്റിൽ പറഞ്ഞിരുന്നു. മാർച്ച് 21 ന് രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ചയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
ഭീകരവാദികളോടുള്ള മുൻ സർക്കാരിന്റെ സമീപനത്തെയും അമിത് ഷാ വിമർശിച്ചു. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം കാരണം മുൻ സർക്കാർ ശക്തമായ നടപടികൾ ഒഴിവാക്കിയിരുന്നതായി അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിനു വിപരീതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയില്ലാത്ത നയം ശക്തമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേ സമയം ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പ്രമുഖ കശ്മീരി പുരോഹിതൻ മിർവൈസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള അവാമി ആക്ഷൻ കമ്മിറ്റിയെയും ഷിയ നേതാവ് മസ്രൂർ അൻസാരിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീനെയും അഞ്ച് വർഷത്തേക്ക് നിരോധിക്കാൻ ആഭ്യന്തര മന്ത്രാലയം മാർച്ച് 11 ന് തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: