ന്യൂദൽഹി : ദൽഹിയിലെ ചേരി നിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് വീണ്ടും ഉറപ്പ് നൽകി മുഖ്യമന്ത്രി രേഖ ഗുപ്ത. തന്റെ മണ്ഡലമായ ഷാലിമാർ ബാഗിൽ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം ചേരി നിവാസികൾക്ക് ‘അച്ഛേ ദിൻ’ ആരംഭിക്കുകയാണെന്ന് അവർ പറഞ്ഞു.
ചേരികൾക്കും കോളനികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ നടക്കും. ദൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡിലെ (DUSIB) 700 കോടി രൂപയുടെ ഫണ്ട് ചേരി നിവാസികളുടെ ക്ഷേമത്തിനുവേണ്ടിയാണെന്നും 10 വർഷം മുമ്പ് നിർമ്മിച്ച 52,000 ഫ്ലാറ്റുകൾ ഇപ്പോൾ നവീകരണത്തിന് ശേഷം അവർക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ മുൻ സർക്കാരുകളെ വിമർശിച്ചുകൊണ്ട് ചേരി നിവാസികൾക്ക് വേണ്ടി എഎപി – കോൺഗ്രസ് സർക്കാരുകൾ പ്രവർത്തിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ബിജെപി സർക്കാർ ചേരി നിവാസികൾക്ക് വേണ്ടി ഒന്നും പ്രവർത്തിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നും രേഖ ഗുപ്ത വിമർശിച്ചു.
എന്നാൽ ഇന്ന് ബിജെപി സർക്കാർ എല്ലാ ദരിദ്രരെയും പരിപാലിക്കുകയും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വീട്, ടോയ്‌ലറ്റുകൾ, പാർക്ക് എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ സർക്കാരുകൾ ചേരി നിവാസികളെ ശ്രദ്ധിച്ചിരുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞ മുഖ്യമന്ത്രി അവരെ വോട്ട് ബാങ്കായി മാത്രമേ മുൻ സർക്കാരുകൾ ഉപയോഗിച്ചിരുന്നുള്ളൂ. ഇന്ന് ഇവിടെ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ചേരികളിലെ ജനങ്ങൾക്ക് ഒരു സന്ദേശമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ എല്ലാ ദരിദ്രരെയും പരിപാലിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: