മധുരയില്‍ നാല് ദിവസങ്ങളിലായി നടന്ന സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കേണ്ടതായിരുന്നു. പുതിയ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുന്നവരുടെ പാനല്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്- മഹാരാഷ്‌ട്ര ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും, മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഡി.എല്‍. കരാഡ് മത്സരിക്കുകയും ചെയ്തത് പാര്‍ട്ടി കോണ്‍ഗ്രസിന് കുറച്ചൊരു വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തു. കേന്ദ്ര കമ്മിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണത്രേ ഇങ്ങനെ സംഭവിക്കുന്നത്. മഹാരാഷ്‌ട്രയ്‌ക്കും ഉത്തര്‍പ്രദേശിനും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നായിരുന്നു പരാതി. ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുണ്ടെങ്കിലല്ലേ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം വരുന്നുള്ളൂ. മഹാരാഷ്‌ട്രയില്‍ അവിടവിടെ പുരാവസ്തു പോലെ ചില നേതാക്കള്‍ ഉണ്ടെന്നല്ലാതെ പറയത്തക്ക ഒരു സ്വാധീനവും സിപിഎമ്മിനില്ല. ഉത്തര്‍പ്രദേശില്‍ ചെങ്കൊടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമാണുള്ളത്.
അടിമുടി ഏകാധിപത്യ ഘടന നിലനിര്‍ത്തുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കരാഡിനെ മുന്‍നിര്‍ത്തി ഇങ്ങനെയൊരു നാടകം കളിച്ചതുമാവാം. അല്ലെങ്കില്‍ തന്നെ മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന പാര്‍ട്ടിയില്‍ എന്ത് ജനാധിപത്യം! എന്ത് തെരഞ്ഞെടുപ്പ് പതിവുപോലെ പോളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ചിലരെ ഒഴിവാക്കുകയും, മറ്റു ചിലരെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കാണ് ആധിപത്യം. പ്രായപരിധിയില്‍ പിണറായി വിജയനും പി.കെ. ശ്രീമതിക്കും ഇളവു നല്‍കുകയും ചെയ്തിരിക്കുന്നു. ഫലത്തില്‍ മുസ്ലിംലീഗിനെ പോലെ അഖിലേന്ത്യാ പാര്‍ട്ടിയെന്ന ബോര്‍ഡും വച്ചാണ് ഇരിപ്പെങ്കിലും കേരളത്തിന്റെ നാല് അതിരുകളില്‍ സിപിഎം ഒതുങ്ങുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരൊറ്റ എംപിയോ എംഎല്‍എയോ ഇല്ലാത്ത പാര്‍ട്ടിയായി പശ്ചിമബംഗാളിലെ സിപിഎം മാറിയിരിക്കുന്നു. ത്രിപുരയിലും സ്ഥിതി വ്യത്യസ്തമല്ല. കേരളം ഭരിക്കുകയും പാര്‍ട്ടിയെ വിലക്കെടുക്കുകയും ചെയ്തിരിക്കുന്ന പിണറായി വിജയന്‍ ആഗ്രഹിക്കുന്നത് മാത്രമേ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുകയുള്ളൂ.
പാര്‍ട്ടിക്കകത്ത് എന്തൊക്കെ അഴിച്ചു പണികള്‍ നടത്തിയാലും, ആരെയൊക്കെ പിബിയിലും സിസിയിലും കുടിയിരുത്തിയാലും ദേശീയ രാഷ്‌ട്രീയത്തില്‍ അത് യാതൊരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ല. പ്രത്യയശാസ്ത്രപരമായി മാത്രമല്ല സംഘടനാപരമായും സിപിഎം എന്ന പാര്‍ട്ടി അത്രയ്‌ക്ക് പാപ്പരായിരിക്കുന്നു. കോണ്‍ഗ്രസിന്റെയും മറ്റും ചെലവില്‍ മുന്നണിയായി നിന്ന് എച്ചില്‍ ഭക്ഷിക്കാം എന്നല്ലാതെ സിപിഎം നേതൃത്വത്തിന് വര്‍ത്തമാനകാല ദേശീയ രാഷ്‌ട്രീയത്തില്‍ യാതൊന്നും ചെയ്യാനില്ല.
കേരളത്തിന്റെ കാര്യമെടുത്താല്‍ പിണറായിയുടെ ശത്രുവായ എം.എ. ബേബി പുതിയ ജനറല്‍ സെക്രട്ടറിയായത് സ്വാഭാവികമായും മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. എന്നാല്‍ ഈ സ്ഥാനാരോഹണവും പിണറായി വിജയന്റെ ഔദാര്യമാണ്. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയരുകയും, അന്വേഷണ ഏജന്‍സികള്‍ അവയൊക്കെ അന്വേഷിക്കുകയും, മകള്‍ അഴിമതി കേസില്‍ മുഖ്യപ്രതിയാവുകയും ചെയ്തതോടെ ഇങ്ങനെയൊരു വിട്ടുവീഴ്ചയ്‌ക്ക് പിണറായി നിര്‍ബന്ധിതനായി എന്നുവേണം കരുതാന്‍. എന്നാല്‍ പദവി അലങ്കാരമായി കൊണ്ടുനടക്കാം എന്നല്ലാതെ കേരള ഘടകത്തില്‍ പോലും യാതൊന്നും ചെയ്യാന്‍ ബേബിക്ക് കഴിയില്ല. പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബി അതിന് സമ്മതിക്കുകയില്ല. പിണറായിയെ സ്തുതിക്കുന്ന കാലത്തോളം ബേബിക്ക് സ്ഥാനത്ത് തുടരാം.
അതുകൊണ്ടാണല്ലോ പിണറായിയുടെ മകള്‍ കേസില്‍ പ്രതിയായതിനെ ബേബി വിമര്‍ശിക്കുന്നത്. പിണറായിയാണ് നായകനെന്ന് പ്രഖ്യാപിക്കാനും മറന്നിട്ടില്ല.
പതിവുപോലെ ഈ പാര്‍ട്ടി കോണ്‍ഗ്രസും ഹിന്ദുത്വത്തിനും ബിജെപിക്കും എതിരെ ചന്ദ്രഹാസം ഇളക്കുകയുണ്ടായി. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് പറയുന്ന രാഷ്‌ട്രീയ പ്രമേയമാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ 2.0 ആണ് മധുര കോണ്‍ഗ്രസ് എന്നു പറയാം. കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും കൈകോര്‍ത്ത് എതിര്‍ത്തുകൊണ്ടിരുന്നപ്പോഴാണ് ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി വളര്‍ന്നതും, തുടര്‍ച്ചയായി മൂന്ന് തവണ രാജ്യത്ത് അധികാരത്തിലെത്തിയതും. സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള എതിര്‍പ്പ് തുടരുന്നതില്‍ ബിജെപിക്ക് സന്തോഷമേയുള്ളൂ. ഇക്കൂട്ടരുടെ അവസരവാദസഖ്യം കൂടുതല്‍ വ്യക്തമാവുകയും, ബിജെപിക്ക് ജനപിന്തുണ വര്‍ദ്ധിക്കുകയും ചെയ്യും. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴും സിപിഎം കൂടുതല്‍ കൂടുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയായി മാറുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഇത് ഇപ്പോള്‍ നന്നായി തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: