ന്യൂദല്‍ഹി: മധ്യ അറബിക്കടലില്‍ വച്ച് അപകടത്തില്‍പ്പെട്ട പാക് മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി നാവികസേന. കപ്പലിന്റെ എഞ്ചിന് നന്നാക്കുന്നതിനിടെ കൈവിരലിന് പരിക്കേറ്റ പാക് മത്സ്യത്തൊഴിലാളിക്കാണ് മേഖലയില്‍ വിന്യസിച്ചിരുന്ന ഐഎന്‍എസ് ത്രികാന്തിലെ ഉദ്യോഗസ്ഥര്‍ അടിയന്തിര വൈദ്യസഹായം നല്‍കിയത്.
ഒമാന്‍ തീരത്ത് നിന്ന് 350 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന അല്‍ ഒമീദി എന്ന ഇറാനിയന്‍ മത്സ്യബന്ധന കപ്പലില്‍ നിന്നും നാവികസേനയ്ക്ക് എസ്ഒഎസ് സന്ദേശം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് ഐഎന്‍എസ് ത്രികാന്തിലെ മെഡിക്കല്‍സംഘം പാകിസ്താനി യുവാവിന് അടിയന്തര പരിചരണം നല്‍കിയത്.
യുവാവിന്റെ കൈയില്‍ ഒന്നിലധികം ഒടിവുകളും ഗുരുതര മുറിവുകളും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനില്‍ എത്തുന്നതുവരെ യുവാവിന്റെ ക്ഷേമം ഉറപ്പാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാധനങ്ങള്‍ സഹപ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. സഹപ്രവര്‍ത്തകന്റെ ജീവന് രക്ഷിക്കാന്‍ സഹായിച്ചതിന് കപ്പലിലെ മുഴുവന്‍ ജീവനക്കാരും ഭാരത നാവികസേനയോട് നന്ദി അറിയിച്ചുവെന്നും നാവിക സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: