കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ശ്രീരാമനവമി സമാധാനപരമായി ആഘോഷിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സംസ്ഥാന ഗവർണർ ഡോ. സി. വി. ആനന്ദ ബോസ്. ശ്രീരാമനവമി മാന്യതയോടെ ആഘോഷിക്കണമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം നിരന്തരം അഭ്യർത്ഥിച്ചിരുന്നു. ഇതിനോട് ജനങ്ങൾ മികച്ച പ്രതികരണമാണ് നൽകിയത്.
എല്ലാവരുടെയും കൂട്ടായ പരിശ്രമം ഫലം കണ്ടുവെന്നുവേണം പറയാൻ. ശ്രീരാമനവമി ആഘോഷ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ തടയുന്നതിനായി കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്താനും മതിയായ സേനയെ വിന്യസിക്കാനും സംസ്ഥാന സർക്കാരിന് ഗവർണർ നിർദ്ദേശം നൽകിയിരുന്നു.
ഇതിനു പുറമെ ഗവർണർ കൊൽക്കത്തയിൽ ചുറ്റിനടക്കുകയും ജനങ്ങളുമായി സംവദിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു. സെൻട്രൽ അവന്യൂവിലെ ശ്രീരാമ മന്ദിറിൽ എല്ലാവരുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടി അദ്ദേഹം പ്രാർത്ഥനകൾ നടത്തി.
ആഘോഷങ്ങൾ പ്രശ്നങ്ങളില്ലാതെ നടത്താൻ മുൻകൈയ്യെടുത്ത ഭരണ പ്രതിപക്ഷ പാർട്ടികൾക്കും മറ്റ് സംവിധാനങ്ങൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: