തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ വീടുകളില്‍ നടന്നത് 500 ലധികം പ്രസവങ്ങളാണെന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ കുറ്റസമ്മതം. ഈ വര്‍ഷം ഇതുവരെ വീടുകളിലെ പ്രസവങ്ങളില്‍ കുറവുണ്ടെന്നവകാശപ്പെട്ട ആരോഗ്യമന്ത്രി പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്ത് ഇടപെടലുകള്‍ നടത്തും എന്നതില്‍ മൗനം പാലിച്ചു.
വീടുകളില്‍ നടക്കുന്ന പ്രസവങ്ങള്‍ ഗൗരവകരമായ പ്രശ്‌നമാണ്. എല്ലാവരുടേയും സഹകരണത്തോടെ അവബോധവും പൊതുബോധവും സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സാഹചര്യം ഗൗരവകരമാണ്. വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് വീട്ടുകാര്‍ വിവരങ്ങള്‍ മറച്ചുപിടിച്ചതായും വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തെ മനപ്പൂര്‍വ്വമുള്ള നരഹത്യയായി കാണേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആശാവര്‍ക്കര്‍മാരും ട്രേഡ് യൂണിയനുകളും മന്ത്രിയുമായി നടത്തിയ യോഗത്തിലെ തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ അംഗീകരിക്കാത്ത യോഗ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: