Kerala

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ഗണഗീതം ആലപിച്ചെന്ന് പരാതി; ആരോപണത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: ഉപദേശക സമിതി

Published by

കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ തിരുവതാംകൂറ് ദേവസ്വം ബോർഡ് വിശദീകരണം തേടി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയിലാണ് ഗണഗീതം പാടിയെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

ക്ഷേത്രോപദേശക സമിതിയോടാണ് ദേവസ്വം ബോർഡ് വിശദീകരണം തേടിയത്. പരാതി രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ശ്രീജേഷ് പറഞ്ഞു. ആരോപണത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

ഉപദേശക സംഘത്തിലെ തന്നെ അംഗമായ കോട്ടുക്കൽ സ്വദേശി അഖിലിന്റെ പരാതിയിലാണ് നടപടി. ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിട്ടുണ്ട്. എന്നാൽ കെട്ടിയത് കൊടിയല്ലെന്നും പട്ടാണെന്നും ക്ഷേത്രോപദേശക കമ്മിറ്റി മറുപടി നൽകി.

നാഗര്‍കോവില്‍ ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by