കല കലയ്‌ക്കുവേണ്ടിയോ? അഥവാ എന്തിനുവേണ്ടി? എന്ന ചോദ്യത്തിന് ഒറ്റ വാക്കിലോ വാക്യത്തിലോ പറയുന്ന ഉത്തരം സര്‍വ്വരും അംഗീകരിക്കുന്നതല്ല. ആ തര്‍ക്കം തുടരട്ടെ, കല വളരട്ടെ; ‘നിയമം ആര്‍ക്കുവേണ്ടി?’ എന്നതാണ് പുതിയ ചോദ്യം.
‘നിയമം’ എന്നു മതിയോ ‘നിയമങ്ങള്‍’ എന്നല്ലേ വേണ്ടതെന്ന സംശയം വരാം. ‘ക്ലീബേ വേണ്ട ബഹുക്കുറി’ എന്ന കേരള പാണിനി എ.ആര്‍. രാജരാജ വര്‍മ്മയുടെ ‘കേരള പാണിനീയത്തിലെ വിധി ആധാരമായി പറഞ്ഞാല്‍, ‘നിയമം’ ക്ലീബമാണോ? എന്നാവും അടുത്ത ചോദ്യം. ‘ലിംഗം’ എന്നാണോ വേണ്ടത് അത് ‘പുരുഷമേധാവിത്വ’മല്ലേ എന്ന അനുബന്ധചോദ്യവും ഉയരാം. എന്നുപറഞ്ഞാല്‍, എല്ലാറ്റിലും ‘വിവാദി’ക്കുന്ന വിചിത്രവാദത്തിന്റെ കാലമാണിത് എന്നര്‍ത്ഥം. ഒരു നിയമത്തിന്റെ കാര്യത്തിലായാലും പല നിയമങ്ങളുടെ കാര്യത്തിലായാലും ഇനി ചര്‍ച്ചിക്കുന്നത് ബാധകമാണ്.
വഖഫ് നിയമഭേദഗതി പാര്‍ലമെന്റ് പാസ്സാക്കി. ബില്ലിനെ പ്രതിപക്ഷ കക്ഷികളില്‍ മുഖ്യ കക്ഷികള്‍ എതിര്‍ത്തു. ബില്ലിന്റെ സാധുത ചര്‍ച്ച ചെയ്ത്, വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനുപരിയായി ന്യായാന്യായ വിചാരണ ചെയ്ത്, പ്രതിപക്ഷവും നിയമനിര്‍മ്മാണത്തില്‍ സഹയോഗികളായിരുന്നെങ്കില്‍ ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തി വര്‍ധിച്ചേനെ. പകരം നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് പാര്‍ട്ടിയോഗത്തില്‍ പ്രസംഗിക്കുകയും പാര്‍ലമെന്റില്‍ ആ പാര്‍ട്ടി നിലപാട് പറയാന്‍ വായ് തുറക്കാതിരിക്കുകയും ചെയ്യുന്നത് ഭൂഷണമല്ല എന്നേ ആരും പറയൂ.
എന്നാല്‍ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. മുന്‍കാലങ്ങളിലെ പ്രതിപക്ഷരീതി, ”ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഈ നിയമം റദ്ദാക്കും” എന്നു പറയുന്നതായിരുന്നു; പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രീതി. അവര്‍ അങ്ങനെ ചെയ്ത അനുഭവങ്ങളും അതിന്റെ ദോഷങ്ങളും രാജ്യം അനുഭവിച്ചിട്ടുള്ളതും ഓര്‍മിക്കണം. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ‘പോട്ടാ’ (പ്രിവന്‍ഷന്‍ ഓഫ് ടെററിസ്റ്റ് ആക്ട് 2002) നിയമം നിര്‍മ്മിച്ചത് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ബിജെപി നയിച്ച എന്‍ഡിഎ ആയിരുന്നു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് വോട്ടിട്ട്, അസാധാരണമായ രീതിയിലാണ് ആ നിയമം നിര്‍മിച്ചത്. ‘ടാഡാ’ (ടെററിസ്റ്റ് ആന്‍ഡ് ഡിസ്റപ്റ്റീവ് ആക്ട് എന്ന 1985-1995) ആക്ട് കിരാതമാണന്ന വിമര്‍ശനം എല്ലാ പാര്‍ട്ടികളും സംഘടനകളും (അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം പോലും) ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് രാജ്യസുരക്ഷയ്‌ക്കായി ‘പോട്ടാ’ നിയമം നിര്‍മ്മിച്ചത്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2004 ല്‍ ‘പോട്ടാ’ നിയമം റദ്ദാക്കി! റദ്ദാക്കുമെന്ന് യുപിഎയുടെ (കോണ്‍ഗ്രസിന്റെ) തെരഞ്ഞെടുപ്പുകാല വാഗ്ദാനമായിരുന്നു! ഭീകര- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സഹായകമായ നിലപാടായിരുന്നു ആ റദ്ദാക്കല്‍ തീരുമാനമെന്ന്പിന്നീട് തെളിഞ്ഞു. കശ്മീരില്‍ ഭരണഘടനയിലെ 370-ാം വകുപ്പ് മരവിപ്പിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ നിയമനിര്‍മാണം റദ്ദാക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അവര്‍ക്ക് ഭരണം കിട്ടിയില്ല, ജനങ്ങള്‍ തള്ളിക്കളഞ്ഞു, അതിനാല്‍ പ്രഖ്യാപനം നടന്നില്ല. മുത്തലാഖ് എന്ന മനുഷ്യത്വരഹിതമായ കൃത്യം, എന്‍ഡിഎ സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ച് നിരോധിച്ചു. അതിനെയും പ്രതിപക്ഷം എതിര്‍ത്തു. നിരോധിച്ചത് മതസ്വാതന്ത്ര്യ- അവകാശ നിഷേധമാണെന്നെല്ലാം വാദിച്ചു. ഇപ്പോള്‍ വഖഫ് നിയമഭേദഗതിയുടെ കാര്യത്തിലും അതൊക്കെത്തന്നെയാണ് കോണ്‍ഗ്രസും, പ്രതിപക്ഷ കക്ഷികളില്‍ ഏറ്റവും ഒച്ചപ്പാടുണ്ടാക്കി കുപ്രചാരണത്തിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റുകളും പറഞ്ഞുപരത്തുന്നത്. പക്ഷേ ശ്രദ്ധേയമായ കാര്യം- വഖഫ് നിയമഭേദഗതിക്കാര്യത്തില്‍, ”ഞങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ ഭേദഗതികള്‍ റദ്ദാക്കും” എന്ന് പറയുന്നില്ല എന്നതാണ്. ”ഇത് കേരളത്തില്‍ നടപ്പാക്കില്ല” എന്ന് പതിവുപോലെ, സംസ്ഥാനത്ത് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളോ നേതാവ് പിണറായി വിജയനോ പറയുന്നില്ല. കേന്ദ്ര വിരുദ്ധ നീക്കമാണെങ്കില്‍ കണ്ണടച്ച് കമ്യൂണിസ്റ്റുകള്‍ പറയുന്നതിനും ചെയ്യുന്നതിനും ഒപ്പംകൂടുന്ന കോണ്‍ഗ്രസിന്റെ നേതാക്കളും വീമ്പിളക്കുന്നില്ല.ഇത് വലിയ രാഷ്‌ട്രീയ മനംമാറ്റമാണ് കാണിക്കുന്നത്. ഇത്രയും പറഞ്ഞത് നമ്മുടെ നിയമനിര്‍മാണത്തിലെയും നിയമനിര്‍മാണ സഭകളിലെയും രാഷ്‌ട്രീയപക്ഷപാ
തം ചൂണ്ടിക്കാണിക്കാനാണ്. അടിസ്ഥാന ചോദ്യം- ഇതാണ് :- നിയമം നിര്‍മ്മിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
നിയമം പൗരന്മാര്‍ക്കും അതുവഴി രാജ്യത്തിനും ക്ഷേമം ഉണ്ടാകാനാണ്. ഒരുരാജ്യവും പ്രദേശവും ‘ജനദ്രോഹ’ത്തിനായി നിയമം നിര്‍മിക്കുന്നില്ല. രാജ്യത്തെ സംരക്ഷിക്കാന്‍, പൗരത്വനിയമത്തില്‍ കാലികമായ മാറ്റം വരുത്തിയതിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം രാജ്യതാല്‍പ്പര്യംതന്നെ ആയിരുന്നല്ലോ. പക്ഷേ, ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നുവെന്ന പ്രചാരണം നടത്തുമ്പോള്‍ ആദ്യം പറഞ്ഞ ചോദ്യം ഉയരുകയാണ്; ‘നിയമം ആര്‍ക്കുവേണ്ടിയാണ്?’
വഖഫ് നിയമ ഭേദഗതിയെ ചില രാഷ്‌ട്രീയ കക്ഷികളുടെയും സംഘടനകളുടെയും നേതാക്കള്‍ എതിര്‍ക്കുമ്പോള്‍ അണികള്‍ക്ക് മറ്റൊരു മനസ്സാണ്. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത നേതാവ് സോണിയാ ഗാന്ധി വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ദല്‍ഹിയില്‍ പറയുമ്പോള്‍, ഇവിടെ കേരളത്തിലെ മുനമ്പത്ത്, കോണ്‍ഗ്രസിനെ വിശ്വസിച്ച്, ആ പാര്‍ട്ടിക്ക് വോട്ട് ചെയ്തുപോന്ന സാധാരണക്കാര്‍ വഖഫ് ഭേദഗതിയെ അനൂകൂലിക്കുന്നത്. അതുകൊണ്ടാണല്ലോ ക്രിസ്തീയ സഭകളും സഭാവിശ്വാസികളും വഖഫ് ഭേദഗതിയെ അനുകൂലിക്കുമ്പോഴും ‘ഞാന്‍ ക്രിസ്ത്യാനി’യാണ്, ഞാന്‍ ന്യൂനപക്ഷമാണ് എന്ന് പേരിലും പ്രസ്താവനയിലും പ്രഖ്യാപിക്കുന്ന ഇടതുപക്ഷ എംപിമാര്‍ നിയമത്തെ എതിര്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാകും?
രാഷ്‌ട്രീയത്തിനും മതചിന്തകള്‍ക്കുമതീതമായി, നിയമം പൗരന്മാര്‍ക്ക് ഗുണകരമാകുന്നതിന്റെ കാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ നിയമമാക്കിയ പൗരത്വ ഭേദഗതി നിയമ ത്തില്‍ കണ്ടത്. 370-ാം വകുപ്പിന്റെ മരവിപ്പിക്കലില്‍, മുത്തലാക്കിനെതിരെയുള്ള നിയമനിര്‍മാണത്തില്‍, ഇപ്പോള്‍ വഖഫ് നിയമ ഭേദഗതിയില്‍ എല്ലാം കാണുന്നത് അതുതന്നെ. എന്നാല്‍, അതിനെയെല്ലാം ചില പാര്‍ട്ടികളും സംഘടനാ നേതാക്കളും എതിര്‍ക്കുമ്പോള്‍ ചോദ്യം ആവര്‍ത്തിക്കപ്പെടുകയാണ് നിയമം ആര്‍ക്കുവേണ്ടിയാണ്? പൗരന്മാര്‍ക്ക് അനുഗുണമാണെങ്കില്‍ നേതാക്കളുടെ ഈ ഹാലിളക്കം എന്തിനായിരിക്കും?
”കല ജീവിതംതന്നെ” യെന്നൊരു വാദവുമുണ്ടല്ലോ. കല അഭ്യസിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. കലകള്‍ ‘കഥാര്‍സിസു’ണ്ടാക്കുന്നു എന്നതും ‘വികാരവിമലീകരണം’ നടത്തി മനസ്സിനെ ശുദ്ധമാക്കുന്നു എന്നതും തത്ത്വങ്ങള്‍ മാത്രമല്ല ഇന്ന്; സംഗീതവും നൃത്തവും ചികിത്സാ രംഗത്ത് ഉണ്ടാക്കുന്ന മനപ്പരിവര്‍ത്തനങ്ങള്‍ വലുതാണല്ലോ. ‘കളിഭ്രാന്ത്’ എന്ന പ്രയോഗംപോലും കലയ്‌ക്കുവേണ്ടിയുള്ള സര്‍പ്പണംകൊണ്ട് ഉണ്ടായതാണെന്നോര്‍ക്കണം. അപ്പോള്‍ ഇന്ന് വ്യാപകമായ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ‘ലഹരിഭ്രാന്തി’ന് കല ‘ഒരു മറുമരു’ന്നായി കാണാന്‍ കഴിഞ്ഞാലോ; ഏറെ ഗുണകരമാകും. അതിന് നിയമനിര്‍മാണം പോരാ. കല ഒരു ലഹരിയാക്കാന്‍, ‘ലഹരി വേണ്ട ഹരിമതി’ എന്ന മുദ്രാവാക്യത്തിന്റെ ഘോഷണവും പോഷണവും ശിക്ഷണവും മതിയാകും. ‘ഹരി’യെ ‘ഹരിഃശ്രീ’ ആയി കാണണമെന്നുമാത്രം; അതായത്, ചിട്ടപ്പടിയുള്ള ദിവ്യമായ പിന്തുടരലിന്റെ തുടക്കമായി കാണണം. അവിടെയും നിയമം പ്രധാനമാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക്, പ്രാഥമിക വിദ്യാഭ്യാസ കാലത്ത്, സര്‍ഗ്ഗവൈഭവത്തിന്റെ പോഷണത്തിന് മുന്‍കാലങ്ങളില്‍ കളിയും കലയും പരിശീലിപ്പിച്ചിരുന്നു. എന്നാണ് ആ പാട്ടും നൃത്തവും ചിത്രരചനയും ശില്‍പനിര്‍മ്മാണവും മറ്റും നമ്മുടെ ക്ലാസ്മുറികളില്‍നിന്ന് അടിച്ചിറക്കപ്പെട്ടത്? ഡിപിഇപിയും വിദേശ വിദ്യാഭ്യാസ സമ്പ്രദായങ്ങളും വിദേശ സഹായങ്ങളും സ്വീകരിച്ച് മറ്റുള്ളവരുടെ താളത്തിനു തുള്ളി, പൈതൃകവും പാരമ്പര്യവും കളഞ്ഞുകുളിക്കാന്‍ തുടങ്ങിയത് എന്നാണോ, അന്നുമുതലല്ലേ? അതെ.
കലയുടെ ലോകത്ത് മറ്റു ലഹരികള്‍ക്ക് സ്ഥാനമില്ലാതെപോകും. ഉത്സവങ്ങള്‍ അതിന്റെ സാമൂഹിക തലത്തിലുള്ള ആഘോഷങ്ങളാകും. അവിടെയും ആചാരവും വിശ്വാസവും അനുഷ്ഠാനവും ആവിഷ്‌കാരവുംകൊണ്ട് കലയുടെ പോഷണമാണ് നടക്കുന്നതെങ്കില്‍ മറ്റു ലഹരികള്‍ക്ക് പ്രസക്തിയില്ലാതാകും. ഇത് മുമ്പ് നിര്‍മ്മിച്ച നിയമങ്ങള്‍കൊണ്ട് സാധിക്കാം. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ കലാപഠനം വേണമെന്ന നിര്‍ദ്ദേശം നമുക്ക് നടപ്പാക്കാന്‍ പറ്റാത്തതെന്താണ്. പാഠപുസ്തകങ്ങളുടെ അടിസ്ഥാന ലക്ഷ്യം സാംസ്‌കാരിക പോഷണമാകണമെന്ന് നമുക്ക് കടുംപിടിത്തം പിടിക്കാന്‍ എന്താണ് മടി. അടുത്തിടെ തപസ്യ കലാസാംസ്‌കാരികവേദി, ലഹരിക്കെതിരെ കലകൊണ്ട് പൊരുതാന്‍, പ്രാഥമിക വിദ്യാഭ്യാസത്തില്‍ കലാപഠനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടത് മാതൃകയാക്കാവുന്നതാണ്. തപസ്യയാണ് പറഞ്ഞതെന്ന് കരുതി തള്ളിക്കളയേണ്ട. നമ്മുടെ വിദ്യാഭ്യാസ നവീകരണ, പരിഷ്‌കരണ സമിതികളുടെ വിവിധ റിപ്പോര്‍ട്ടുകളില്‍ അതാണ് പറയുന്നത്.
പിന്‍കുറിപ്പ്:
കല ഉത്സവമാകണം; ജീവിതോത്സവം. കലായയങ്ങളില്‍നിന്ന് സമാജത്തിലേക്ക് കൊണ്ടുവന്ന കേരളോത്സവങ്ങള്‍ക്ക് എന്തുപറ്റിയെന്ന് സത്യസന്ധമായി അന്വേഷിക്കണം. കേരള സമൂഹം ഒന്നിച്ച് തിരുവാതിര കളിക്കുന്ന ഈ കാലത്തിന്റെ മാറ്റം തിരിച്ചറിയണം. ശിങ്കാരിമേളവും നാടന്‍പാട്ടും നാട്ടുകലകളുമായി കലാലോകം സമാജോത്സവമാകുന്നത് രാഷ്‌ട്രീയക്കണ്ണടയില്ലാതെ കണ്ടറിയണം. അവിടവിടെ പാര്‍ട്ടിപ്പാട്ടും പടപ്പാട്ടും കുത്തിക്കയറ്റുന്ന തരംകെട്ട രാഷ്‌ട്രീയത്തിനും അത്തരം വേളകളെ ‘ലഹരിയാട്ട’മാക്കി മാറ്റുന്ന നെറികെട്ട സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം നിലപാടെടുത്താല്‍ ആ കലാപോഷണം സമൂഹത്തെ രക്ഷിക്കാനുള്ള മികച്ച വഴിയാകും. പക്ഷേ, പുരോഗമനത്തിനെന്ന പേരില്‍ കലയേയും സാഹിത്യത്തേയും രാഷ്‌ട്രീയാവശ്യത്തിന് വിനിയോഗിക്കുന്നവക്ക് ദഹിക്കുന്ന വിഷയമല്ലല്ലോ അത്!, അവിടെയാണ് അടിസ്ഥാന തടസ്സം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: