മലപ്പുറം: ചട്ടിപ്പറമ്പിൽ പെരുമ്പാവൂർ സ്വദേശി അസ്മ വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയിരുന്നു. അസ്മ മരിച്ച വിവരം ഭർത്താവും മതപ്രഭാഷകനുമായ സിറാജുദ്ദീൻ യുവതിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ല.
ആലപ്പുഴയിലുള്ള ഒരു ബന്ധുവാണ് അസ്മ മരിച്ച വിവരം അറയ്‌ക്കപ്പടിയിലെ വീട്ടുകാരെ അറിയിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്‌ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീൻ മൃതദേഹം യുവതിയുടെ വീട്ടിലെത്തിച്ചത്. പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒപ്പം ചോരക്കറ പോലും കഴുകികളയാത്ത നിലയിൽ നവജാത ശിശുവും ഉണ്ടായിരുന്നു. മൃതദേഹവുമായെത്തിയ സിറാജുദ്ദീനോട് യുവതിയുടെ ബന്ധുക്കൾ കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് കഥമാറിയത്.
സിറാജുദ്ദീന്റെ പ്രതികരണങ്ങളിൽ അസ്മയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടായി. അവർ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാത്തത് ചോദ്യംചെയ്തു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേർക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പെരുമ്പാവൂർ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്.
അസ്മയുടെ നവജാതശിശു പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവത്തിനായി അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് ദമ്പതികൾ സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.ഒന്നര വർഷം മുൻപാണ് ഈ കുടുംബം വാടകവീട്ടിലെത്തുന്നത്. ഈ വീട്ടിൽ താമസിക്കുന്നത്
ആരൊക്കെയാണെന്നുപോലും നാട്ടുക്കാർക്കോ അയൽക്കാർക്കോ അറിയില്ല. പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരിൽ പലരും ഇയാളെക്കുറിച്ച് പറയുന്നത്. സിറാജുദ്ദീൻ ‘മടവൂർ ഖാഫില’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങൾ പ്രചരിപ്പിക്കുകയെന്നതാണ് ഈ ചാനലിലൂടെ നടത്തുന്നത്.ഈ കുടുംബത്തിൽ നാലുകുട്ടികൾ ഉള്ളതുപോലും ആർക്കും അറിയില്ല.
കുട്ടികളെ സ്കൂൾ വണ്ടിയിൽ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒൻപതാം ക്ലാസിലും രണ്ടാം ക്ലാസിലും എൽകെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആർക്കും അറിവില്ല. കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോൾ അയൽക്കാരി ഗർഭിണിയാണോയെന്ന് ചോദിച്ചെന്നും എട്ടുമാസം ഗർഭിണിയാണെന്ന് മറുപടി പറഞ്ഞെന്നും നാട്ടുകാർ വ്യക്തമാക്കി.സിറാജുദ്ദീന്റെ മന്ത്രവാദവും അന്ധവിശ്വാസവുമാണ് യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലത്രെ. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാൾ സിദ്ധവെെദ്യത്തിൽ ആണ് വിശ്വാസമർപ്പിച്ചിരുന്നത്. ആദ്യ നാലുപ്രസവങ്ങളും വീട്ടിൽ തന്നെയായിരുന്നു നടത്തിയിരുന്നത്. ഭർത്താവ് സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: