ന്യൂദൽഹി : സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക നീതി ഉറപ്പാക്കുന്ന നിരവധി നിയമങ്ങൾ സമീപ വർഷങ്ങളിൽ പാർലമെന്റ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റിൽ നടന്ന ഇന്റർ-പാർലമെന്ററി യൂണിയന്റെ (ഐപിയു) 150-ാമത് അസംബ്ലിയിൽ “സാമൂഹിക വികസനത്തിനും നീതിക്കും വേണ്ടിയുള്ള പാർലമെന്ററി നടപടി” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുക, അവർക്ക് തുല്യ അവസരങ്ങൾ നൽകുക, പാർശ്വവൽക്കരിക്കപ്പെട്ടവരെയും പിന്നോക്ക വിഭാഗങ്ങളെയും പുരോഗതിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സമീപ വർഷങ്ങളിൽ, സാമൂഹിക നീതിയും സുരക്ഷയും പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി നിയമങ്ങൾ ഇന്ത്യൻ പാർലമെന്റ് പാസാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2016 ലെ വികലാംഗർക്ക് വേണ്ടിയുള്ള നിയമനിർമ്മാണങ്ങൾ. 2019ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമം , ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന നിയമങ്ങൾ പാസാക്കിയതും ഇതിന് ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്‌ക്കുമായി പാർലമെന്റ് പാസാക്കിയ പുതിയ തൊഴിൽ നിയമങ്ങളെയും കോഡുകളെയും അദ്ദേഹം പരാമർശിച്ചു. ഇതിനു പുറമെ നീതിക്കും നിയമവാഴ്ചയ്‌ക്കും മുൻഗണന നൽകുന്ന നിരവധി നടപടികൾ ഇന്ത്യൻ പാർലമെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ ബിർള ഇന്ത്യൻ ശിക്ഷാ നിയമത്തെ ഭാരതീയ ന്യായ് സംഹിത ഉപയോഗിച്ച് ശക്തമാക്കിയെന്നും പറഞ്ഞു.
വികസനത്തിന്റെയും സാമൂഹിക നീതിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പാർലമെന്ററി കമ്മിറ്റികളുടെ പ്രവർത്തനത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം മിനി പാർലമെന്റുകൾ എന്ന് വിളിക്കപ്പെടുന്ന വിവിധ പാനലുകൾ പാർലമെന്റിന്റെയും സർക്കാരിന്റെയും ശ്രമങ്ങൾ വിജയകരമാക്കാൻ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: