ചെന്നൈ: മാസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ച രാമേശ്വരത്തെ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുക വഴി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രധാനമന്ത്രി മോദിയെ അപമാനിച്ചുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. 8000 കോടി ചെലവില്‍ നിര്‍മ്മിച്ച പാമ്പന്‍ പാലം ഞായറാഴ്ച മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഈ ചടങ്ങില്‍ പങ്കെടുക്കാതെ, ഊട്ടിയിലെ ഉദഗമണ്ഡലത്തില്‍ ഒരു ചെറിയ സര്‍ക്കാര്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിന്‍.
ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് സ്റ്റാലിന്‍ നല്‍കിയ മറുപടി തൃപ്തികരമല്ല. നേരത്തെ ആലോചിച്ചുറപ്പിച്ചതാണ് ഈ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെ പരിപാടി കഴിഞ്ഞ ദല്‍ഹിയില്‍ പോലും പോകാതെ നേരെ രാമേശ്വരത്ത് എത്തുകയായിരുന്നു. സ്ഥിതി ഇതായിരിക്കെ, തമിഴ്നാട്ടിലെ മുഖ്യമന്ത്രിയുടെ പ്രധാനകടമ പ്രധാനമന്ത്രിയെ വരവേല്‍ക്കുക എന്നതായിരുന്നു. – അണ്ണാമലൈ പറഞ്ഞു.
“രാമേശ്വരത്ത് പോകാതെ അദ്ദേഹം രാഷ്‌ട്രീയം കളിക്കുകയാണ്. രാമേശ്വരത്ത് ചൂടായതിനാലാണ് അദ്ദേഹം തണുപ്പുള്ള ഊട്ടിയിലേക്ക് പോയത്. അദ്ദേഹത്തിന് ചൂട് താങ്ങാന്‍ കഴിയില്ല”.- അണ്ണാമലൈ പരിഹസിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഇവിടേക്ക് വന്ന പ്രധാനമന്ത്രിയെ സ്റ്റാലിന്‍ അപമാനിച്ചുവെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
രാമേശ്വരത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മോദിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് സ്റ്റാലിന്‍ പറയുന്നു. അതുപോലെ ലോക് സഭാ മണ്ഡലം പുനര്‍നിര്‍ണ്ണയത്തിനെതിരെ തങ്ങളുടെ ആശങ്ക അറിയിക്കുന്നതിന് പ്രധാനമന്ത്രിയോട് സമയം ചോദിച്ചുവെന്നും മറ്റ് രണ്ട് മന്ത്രിമാരെ രാമേശ്വരം ചടങ്ങിന് അയച്ചിരുന്നു എന്നുമാണ് സ്റ്റാലിന്‍ നല്‍കുന്ന മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: