മുംബൈ: കുറെക്കാലമായി ആരെയും പേടിയില്ലാതെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ രാഷ്‌ട്രീയം തന്റെ കോമഡി ഷോയിലൂടെ പറഞ്ഞ് വിലസിയ ആളാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ, ഒലയുടെ സിഇഒ ഭവിഷ് അഗര്‍വാളിനെ…അങ്ങിനെ പലരേയും തൊലിയുരിഞ്ഞുപോകും പോലെ വിമര്‍ശിച്ചിട്ടും ആരും കുനാല്‍ കമ്രയെ തൊട്ടിട്ടില്ല. പക്ഷെ ഒടുവില്‍ ശിവസേന നേതാവായ ഏക് നാഥ് ഷിന്‍ഡേയെ വിമര്‍ശിക്കുന്നിടത്തോളം കുനാല്‍ കമ്രയുടെ ധൈര്യം എത്തിയിരിക്കുന്നു. പക്ഷെ ധീരനാണെന്ന് എപ്പോഴും പ്രഖ്യാപിക്കുന്ന ആള്‍ പക്ഷെ ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ച ശേഷം തമിഴ്നാട്ടിലെ ഏതോ രഹസ്യസങ്കേതത്തില്‍ ഒളിച്ചുകഴിയുകയാണിപ്പോള്‍.
മാര്‍ച്ച് 24ന് ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ചതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടും കുനാല്‍ കമ്ര പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ എവിടെയായാലും വേട്ടയാടും എന്ന ഭീഷണിയാണ് ശിവസേന ഷിന്‍ഡേ പക്ഷം മുഴക്കിയിരിക്കുന്നത്. .
മൂന്നാമത്തെ തവണയും മുംബൈ പൊലീസ് നല്‍കിയ സമന്‍സിന് കുനാല്‍ കമ്ര മറുപടി കൊടുത്തിട്ടില്ല. സമന്‍സിന് മറുപടി പറയാന്‍ മുംബൈയില്‍ എത്തിയാല്‍ ശിവസേനക്കാര്‍ ആക്രമിക്കുമോ എന്ന ഭയം കുനാല്‍ കമ്രയ്‌ക്കുണ്ട്. തനിക്ക് ആരെയും പേടിയില്ലെന്നും ജീവന്‍ പണയം വെച്ചാണ് താന്‍ സ്റ്റാന്‍ഡപ് കോമഡി കാണിക്കുന്നതെന്നും പറഞ്ഞ വ്യക്തിയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ മാളത്തില്‍ എത്രയോ ദിവസങ്ങളായി ഒളിച്ചിരിക്കുന്നത്. മാര്‍ച്ച് 24നാണ് കുനാല്‍ കമ്ര മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് അപമാനിച്ചത്. അദ്ദേഹം ഉദ്ധവ് താക്കറെയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയുമായി കൈകോര്‍ത്ത സംഭവത്തെക്കുറിച്ച് വിവരിക്കുന്നതിനിടയിലാണ് കുനാല്‍ കമ്ര ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചത്. അതേ സമയം അതിന് മുന്‍പ് 2019ല്‍ ബിജെപിയെ വഞ്ചിച്ച് ശരത് പവാറിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിക്കസേര പിടിച്ചെടുക്കുകയും മകന്‍ ആദിത്യ താക്കറെയെ മന്ത്രിയാക്കുകയും ചെയ്ത ഉദ്ദവിനെതിരെ അതേ വിമര്‍ശനം കുനാല്‍ കമ്ര ഉയര്‍ത്തിയില്ലെന്നതാണ് രസകരം. പക്ഷെ മുംബൈയിലെ ഒരു ഹോട്ടലിലെ സ്റ്റുഡിയോയില്‍ ആ പരിപാടി നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയതാണ് കുനാല്‍ കമ്ര.
പതിനായിരം പേരുടെ മുന്‍പില്‍ വെച്ച് തന്നെ മാപ്പ് പറയിച്ച ശേഷം മുഴുക്കുടിയനാക്കി: ഹന്‍സല്‍ മേത്ത
ഇതിനിടെയാണ് ശിവസേന പ്രവര്‍ത്തകരുടെ ചൂടറിഞ്ഞ സ്വന്തം അനുഭവം സിനിമ സംവിധായകന്‍ ഹന്‍സല്‍ മേത്ത പങ്കുവെച്ചത്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ആ കറുത്ത അനുഭവം ഹന്‍സല്‍ മേത്ത പങ്കുവെച്ചത്. പണ്ട് ശിവസേനയെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്നെ പതിനായിരത്തോളം ശിവസേനക്കാര്‍ വളയുകയും പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തതായി ഹന്‍സല്‍ മേത്ത പറയുന്നു. ഈ സംഭവത്തിന് ശേഷം തനിക്ക് മദ്യം മാത്രമാണ് അഭയമായതെന്നും ഹന്‍സല്‍ മേത്ത വിശദീകരിച്ചു. തന്റെ സിനിമയില്‍ ശിവസേനയെ വിമര്‍ശിച്ചതിനായിരുന്നു ക്രൂരമായ ആക്രമണവും അപമാനവും ഹന്‍സല്‍ മേത്ത നേരിട്ടത്.
ഇതുകൂടി കേട്ടതോടെ കുനാല്‍ കമ്രയ്‌ക്ക് ഭയമായിരിക്കുകയാണ്. താന്‍ മുംബൈ പൊലീസിന് വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വേണമെങ്കില്‍ മറുപടി നല്‍കാമെന്ന് മറുപടി നല്‍കിയിരിക്കുകയാണ് കുനാല്‍ കമ്ര. ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ച ശേഷം കുനാല്‍ കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. മുംബൈയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കേസും നല്‍കിയിട്ടുണ്ട്. പരസ്യമായി മാപ്പ് പറയണമെന്ന ഷിന്‍ഡേ പക്ഷം നേതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊടുക്കാന്‍ ധീരനായ കുനാല്‍ കമ്ര തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: