കൊൽക്കത്ത : ശ്രീരാമനവമിയെ തുടർന്ന് ബംഗാളിൽ സംഘർഷം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 9 വരെയുള്ള പോലീസിന്റെ എല്ലാ അവധികളും സർക്കാർ റദ്ദാക്കി. കഴിഞ്ഞ വർഷം ബംഗാളിൽ രാമനവമി ഘോഷയാത്രകൾക്കിടെ പൊട്ടിപ്പുറപ്പെട്ട വലിയ തോതിലുള്ള അക്രമങ്ങളെ തുടർന്നാണ് വീണ്ടും സംഘർഷം ഉടലെടുത്തത്.
ഈ സാഹചര്യത്തിൽ കൊൽക്കത്ത, മുർഷിദാബാദ്, ഹൗറ, കിഴക്ക് – പടിഞ്ഞാറ് മിഡ്‌നാപൂർ, വടക്ക്- തെക്ക് 24 പർഗാനാസ്, സിലിഗുരി, ജൽപായ്ഗുരി, അലിപുർദുവാർ, കൂച്ച് ബെഹാർ എന്നിവയുൾപ്പെടെ പ്രധാന പ്രദേശങ്ങളിൽ അധിക പോലീസ് സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്.
അതേ സമയം രാമനവമിയുടെ പേരിൽ അശാന്തി പടർത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ദക്ഷിണ ബംഗാളിന്റെ അഡീഷണൽ ഡിജിപി സുപ്രതിം സർക്കാർ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ തടയാൻ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ മലയോര ജില്ലകളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് വടക്കൻ ബംഗാളിൽ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അടുത്തിടെ മാൾഡയിലെ മൊതബാരിയിൽ രാമനവമിക്ക് മുൻപ് നടത്തിയ ഹിന്ദു ഘോഷയാത്രയ്‌ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയെ സ്ഥലത്തെത്താനും പോലീസ് അനുവദിച്ചതുമില്ല.
അതേ സമയം സംസ്ഥാനത്തുടനീളം ഏകദേശം 2,000 ഘോഷയാത്രകൾ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 5 ലക്ഷം പേർ നേരിട്ട് പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്, കൂടാതെ ഏകദേശം 1.5 കോടി ഹിന്ദുക്കൾ ഇത് കാണാൻ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കിംവദന്തികളുടെ പ്രചരണം നിരീക്ഷിക്കാൻ പോലീസ് ഒരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. സെൻസിറ്റീവ് പ്രദേശങ്ങളിലെ ഘോഷയാത്രകൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും.
അതേ സമയം അയോധ്യയിലെ ക്ഷേത്രത്തിന്റെ മാതൃകയിൽ നന്ദിഗ്രാമിൽ ഒരു വലിയ ശ്രീരാമ ക്ഷേത്രം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ബിജെപി എംഎൽഎ സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. രാമനവമിയിൽ ക്ഷേത്രത്തിന് തറക്കല്ലിടുമെന്നാണ് അറിയിച്ചത്. കൂടാതെ രാമനവമി ഘോഷയാത്രകൾക്ക് നേരെ ആക്രമണം നടന്നാൽ ഹിന്ദുക്കൾ മൗനം പാലിക്കില്ലെന്നും തങ്ങൾ പ്രതികരിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: