ചെന്നൈ∙ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന. 2022ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലുമായി 14 മണിക്കൂർ നീണ്ട പരിശോധന ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇ.ഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലത്തിന്റെ ധനകാര്യ സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ കോഴിക്കോട്ടും ഇ ഡി ഉദ്യോഗസ്ഥരെത്തിയിരുന്നു. ചെന്നൈയിലെ വീട്ടിലും റെയ്ഡ് നടന്നു. കുറച്ച് ദിവസം മുന്‍പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നു. ആ തുക എവിടെ നിന്നാണ് വന്നത്, ഒരാളില്‍ നിന്നാണോ തുക വന്നതെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് നഗരത്തിലെ ഗോകുലത്തിന്റെ മറ്റു സ്ഥാപനങ്ങളിലും ഒരേ സമയം പരിശോധന നടന്നിരുന്നു.
കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസില്‍ മൂന്നരമണിക്കൂറോളം ഇ ഡി പരിശോധിച്ചു. കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും പരിശോധന നടന്നു. ഇ ഡിയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്. ഇ ഡി സംഘം എത്തുമ്പോള്‍ ഗോകുലം ഗോപാലന്‍ ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം തീരാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയും ഇതിനുശേഷം പരിശോധന ആരംഭിക്കുകയുമായിരുന്നു.
വിദേശനാണയ വിനിമയച്ചട്ട ലംഘന(ഫെമ)വുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് വെള്ളിയാഴ്ച ഇ ഡി പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇ ഡി പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: