പ്രീതി നായര്‍,
മൂവാറ്റുപുഴ
കര്‍ണാടക സംഗീതത്തിലെ അതുല്യപ്രതിഭയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദേശമാണ് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമം. തിരുവില്വാമലയില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ മാറിയാണ് പ്രകൃതി മനോഹരമായ കോട്ടായി ഗ്രാമം .റോഡിന്റെ ഇടത് വശത്ത് ശിവക്ഷേത്രവും അഗ്രഹാരത്തിന്റെ എതിര്‍ വശത്ത് പാര്‍ത്ഥസാരഥി ക്ഷേത്രവും
ഉണ്ട്.
ചെമ്പൈ സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആ സംഗീത മാഹാത്മ്യം മുന്നോട്ട് കൊണ്ടുപോകുന്നത് ചെമ്പൈയുടെ പേരക്കുട്ടിയായ ചെമ്പൈ സുരേഷാണ്. 1974 മുതല്‍ തുടങ്ങിയ സംഗീതോത്സവം മുടക്കമില്ലാതെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടത്തിവരുന്നു. ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പ്രമുഖരായാ സംഗീതജ്ഞര്‍ ഇവിടെ കച്ചേരിക്കായി എത്തുന്നു.
സംഗീതോത്സവത്തില്‍ മുടക്കമില്ലാതെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും കുടുംബവും വന്നുചേരാറുണ്ട്. യേശുദാസ് ചെമ്പൈ കുടുംബവുമായുള്ള ആത്മബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും യേശുദാസ് തങ്ങളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ചെമ്പൈ സുരേഷ് പറഞ്ഞു.
അഗ്രഹാരത്തില്‍ ചെമ്പൈ ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ കാണാം. നൂറ്റാണ്ട് പഴക്കമുള്ള ഈ അഗ്രഹാരത്തിന്റെ കോലായിലൊരു ഊഞ്ഞാലുമുണ്ട്. ചെമ്പൈയുടെ പഴയ കാല ഫോട്ടോകള്‍, ആല്‍ബങ്ങള്‍ എന്നിവയൊക്കെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും.
ജയവിജയന്‍മാര്‍ നിര്‍മ്മിച്ചു നല്‍കിയ ചെമ്പൈയുടെ അര്‍ദ്ധ കായ പ്രതിമയും യേശുദാസ് തന്റെ ഗുരുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ജീവന്‍ തുടിക്കുന്ന വെങ്കല പ്രതിമയും ചെമ്പൈ ഗ്രാമത്തിലുണ്ട്.
അഗ്രഹാരത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സംഗീതത്തിന്റെ മാസ്മരികമായ ഒരന്തരീക്ഷം ആണ്. ജാതി – മത ഭേദമില്ലാതെ സംഗീത പഠനം അഭ്യസിപ്പിക്കുന്ന ചെമ്പൈ മ്യൂസിക്കല്‍ അക്കാദമിയും പ്രവര്‍ത്തിച്ചു വരുന്നു.
1920 കളുടെ അവസാനം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ നീണ്ട അവിസ്മരണീയ കൂട്ടുകെട്ടായിരുന്നു അക്കാലത്ത് സംഗീതലോകത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന ചെമ്പൈ ചൗഡയ്യ, പാലക്കാട് മണിഅയ്യര്‍ എന്നിവരുടെ കൂട്ടുകെട്ട്.
പാലക്കാട് ജില്ലയിലെത്തുന്ന സംഗീതപ്രേമികള്‍ ഒരിക്കലെങ്കിലും കോട്ടായിയിലെ ചെമ്പൈയുടെ തട്ടകം സന്ദര്‍ശിക്കാതിരിക്കില്ല. 1974 ഒക്ടോബര്‍ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിച്ച ശേഷം ഒളപ്പമണ്ണ മനയില്‍ ശിഷ്യന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിനൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയും അപ്പോള്‍ത്തന്നെ മരണം സംഭവിക്കുകയും ആയിരുന്നു ഭൗതിക ശരീരംസംസ്‌കരിച്ചതും ചെമ്പൈ സംഗീത ഗ്രാമത്തിലാണ്.
വേനലില്‍ മഴ പെയ്യിച്ച ആ മഹാ സംഗീതജ്ഞനെ മനസാ പ്രണമിച്ചാണ് സംഗീത ഗ്രാമത്തോടു വിട പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: