പ്രയാഗ്‌രാജ് : ഭൂമി കൈയേറ്റങ്ങൾ ആരോപിച്ച് വഖഫ് ബോർഡിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതു, ചരിത്ര സ്ഥലങ്ങൾക്ക് മേലുള്ള അവരുടെ ഏകപക്ഷീയമായ അവകാശവാദങ്ങൾ ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
വഖഫ് ബോർഡ് നഗരങ്ങളിലുടനീളം ഭൂമിക്ക് മേൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. കുംഭമേളയ്‌ക്കുള്ള ഒരുക്കങ്ങൾക്കിടയിലും പരിപാടിയുടെ ഭൂമി തങ്ങളുടേതാണെന്ന് അവർ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ വഖഫ് ബോർഡ് ഒരു ഭൂമാഫിയയായി മാറിയോ എന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ തന്റെ സർക്കാരിന്റെ കീഴിൽ അത്തരം കൈയേറ്റങ്ങൾ നീക്കം ചെയ്യപ്പെടുവെന്നും ഉത്തർപ്രദേശിൽ നിന്ന് മാഫിയകളെ തുരത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നിഷാദ് രാജ് പാർക്കുമായി ബന്ധപ്പെട്ടും മറ്റ് പുണ്യഭൂമികൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വഖഫിന്റെ പേരിൽ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇത് തുടരാൻ അനുവദിക്കില്ല. നിയമവിരുദ്ധമായ അവകാശവാദങ്ങൾ സംസ്ഥാനത്ത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും ദേശീയ താൽപ്പര്യത്തിനാണ് ആദ്യ സ്ഥാനമെന്നും ആദിത്യനാഥ് ഊന്നിപ്പറഞ്ഞു.
നേരത്തെ അവരുടെ എതിർപ്പുകൾ അവഗണിച്ച് ഗംഭീരവും ദിവ്യവുമായ ഒരു കുംഭമേള സംഘടിപ്പിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ വഖഫ് ബോർഡിന്റെ ക്രമക്കേടുകൾക്കെതിരെ നിയമനിർമ്മാണ നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: