ന്യൂദൽഹി : ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് കത്തെഴുതി. 2008-ൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (എൻഎംഎംഎൽ) നിന്ന് സോണിയ ഗാന്ധി പിൻവലിച്ച നെഹ്‌റുവും എഡ്വിന മൗണ്ട് ബാറ്റണും തമ്മിലുള്ള കത്തിടപാടുകളും ഈ രേഖകളിൽ ഉൾപ്പെടുന്നു.
എന്നാൽ ഈ രേഖകൾ ഇന്ത്യയുടെ ആധുനിക ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും ഗവേഷകർക്ക് ലഭ്യമാക്കണമെന്നും പിഎംഎംഎൽ പറയുന്നു. രാജ്യത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കാൻ വേണ്ടി നെഹ്‌റുവുമായി ബന്ധപ്പെട്ട മറ്റ് ചരിത്ര കത്തുകൾ സംഭാവന ചെയ്യാൻ പിഎംഎംഎൽ സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
ഇത് ആദ്യമായല്ല പിഎംഎംഎൽ നെഹ്‌റുവിന്റെ സ്വകാര്യ രേഖകൾ ആവശ്യപ്പെടുന്നത്. നേരത്തെയും നെഹ്‌റു എഴുതിയ കത്തുകളുടെ ഡിജിറ്റൽ അല്ലെങ്കിൽ ഫോട്ടോഗ്രാഫിക് പകർപ്പുകൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ അന്ന് മറുപടി ലഭിച്ചില്ല. 2024 ഫെബ്രുവരിയിൽ നടന്ന പിഎംഎംഎൽ വാർഷിക യോഗത്തിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു. നെഹ്‌റുവിന്റെ 51 പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന രേഖകൾ വീണ്ടെടുക്കണമെന്നും അവയുടെ ഉപയോഗത്തെയും ഉടമസ്ഥതയെയും കുറിച്ച് നിയമപരമായ അഭിപ്രായം സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു
2008-ൽ സോണിയ ഗാന്ധി പിൻവലിച്ച രേഖകളിൽ നെഹ്‌റുവും ജയപ്രകാശ് നാരായൺ, എഡ്വിന മൗണ്ട്ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റീൻ, അരുണ ആസഫ് അലി, വിജയലക്ഷ്മി പണ്ഡിറ്റ്, ജഗ്ജീവൻ റാം തുടങ്ങിയ നിരവധി പ്രമുഖരും തമ്മിലുള്ള കത്തിടപാടുകളും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: