ന്യൂദല്‍ഹി: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പാര്‍ലമെന്റ് അംഗങ്ങള്‍ മുനമ്പം വിഷയത്തില്‍ സമുദായത്തെ ചതിച്ചെന്ന വികാരം ശക്തമായി. ലോക്സഭയില്‍ കോട്ടയം എംപിയും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്ജ് വഖഫ് നിയമഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തു. രാജ്യസഭയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മണിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബില്ലിലെ ചില വ്യവസ്ഥകള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് തീരുമാനം. ഇടതു വലതു മുന്നണികളുടെ ഭാഗമായ കേരളാകോണ്‍ഗ്രസ് പാര്‍ട്ടികള്‍ അവരുടെ വോട്ട് ബാങ്കായ ക്രൈസ്തവ സമൂഹത്തെ മറന്നുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കെസിബിസിയും സിബിസിഐയും വഖഫ് ബില്ലിനെ അനുകൂലിച്ച് നിലപാട് പ്രഖ്യാപിച്ചിട്ടും കേരളാ കോണ്‍ഗ്രസ് എംപിമാര്‍ ബില്ലിനെ എതിര്‍ത്തത് ക്രൈസ്തവ സമൂഹത്തിനിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ക്രൈസ്തവരുടെ പ്രതിഷേധവും നിറഞ്ഞിട്ടുണ്ട്.
മുനമ്പത്തെ വഞ്ചിച്ച കേരളത്തിന്റെ ജനപ്രതിനിധികള്‍ എന്ന തലക്കെട്ടോടെ കേരളത്തിലെ ഇടത് വലത് എംപിമാരുടെ ചിത്രം സഹിതം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. ഇതിന് താഴെയും നിരവധി ക്രൈസ്തവ സമുദായാംഗങ്ങള്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും പിന്തുണയുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: